സോളാര്‍ പ്ലാന്റ് സബ്‌സിഡിയില്‍ അടിച്ചുകയറി കേരളം; മുന്നില്‍ രണ്ട് സംസ്ഥാനങ്ങള്‍ മാത്രം

സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയായ പി.എം സൂര്യഘറില്‍ മികച്ച നേട്ടമുണ്ടാക്കി കേരളം. പ്ലാന്റ് സ്ഥാപിച്ചതിനുള്ള സബ്‌സിഡി നേടുന്നതില്‍ മൂന്നാം സ്ഥാനത്താണ് സംസ്ഥാനം. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍. 124.82 കോടി രൂപ ഇതുവരെ സബ്‌സിഡിയായി നേടാന്‍ സംസ്ഥാനത്തിനായി.
കെ.എസ്.ഇ.ബി വഴി 124.14 കോടി രൂപയുടെ സബ്‌സിഡിയാണ് വിതരണം ചെയ്തത്. ബാക്കി 67.76 ലക്ഷം രൂപ തൃശൂര്‍ കോര്‍പറേഷന്റെ വൈദ്യുത വിതരണ ഏജന്‍സി വഴിയും നല്‍കി. ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നവരുടെ എണ്ണം 2.5 ലക്ഷമാണ്. ഇതില്‍ 15,252 ഗുണഭോക്താക്കള്‍ക്കായി 118.79 കോടി രൂപയാണ് സബസ്ഡിയായി നല്‍കിയത്. 64,000 അപേക്ഷകള്‍ക്ക് കൂടി വൈകാതെ അംഗീകാരം നല്‍കും.

മുന്നില്‍ ഗുജറാത്ത്

സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ ഗുജറാത്താണ് മുന്നില്‍. 618.14 കോടി രൂപ ഇതുവരെ സബ്‌സിഡിയായി ഗുജറാത്തിന് ലഭിച്ചു. 79,896 അപേക്ഷകര്‍ക്കായിട്ടാണ് ഇത് നല്‍കിയത്. രണ്ടാം സ്ഥാനത്ത് 154.33 കോടി രൂപ നേടിയ മഹാരാഷ്ട്രയാണുള്ളത്. 20,339 കോടി ഉപയോക്താക്കള്‍ക്കായിട്ടാണ് ഇത് നല്‍കിയത്.

ഈടില്ലാതെ വായ്പ

പി.എം സൂര്യഘര്‍ പദ്ധതിക്കായി ബാങ്കുകളില്‍ നിന്ന് ഈടില്ലാതെ വായ്പയും കിട്ടും. ശരാശരി 7 ശതമാനം നിരക്കിലായിരിക്കും പലിശ. രണ്ടുലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെ വായ്പ നേടാം. 10 വര്‍ഷമാണ് ശരാശരി തിരിച്ചടവ് കാലാവധി.
ഇന്ത്യന്‍ പൗരന്മാരും രാജ്യത്ത് സ്വന്തമായി വീടുള്ളവരും ആയിരിക്കണം അപേക്ഷകര്‍. വീടിന്റെ മേല്‍ക്കൂര സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ പറ്റിയതുമാകണം. ഇതിന് മുമ്പ് മറ്റേതെങ്കിലും സോളാര്‍ പദ്ധതി വഴി സബ്സിഡി ആനുകൂല്യം നേടിയിട്ടുള്ളവര്‍ ഈ പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ല.

Related Articles

Next Story

Videos

Share it