

കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യ എഐ മിഷന്‍ (ഇന്ത്യ എഐ), ഐബിഡി എന്നിവയുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് എഐ സെന്റര് ഓഫ് എക്സലന്‍സ് (എഐ-സിഒഇ) സ്ഥാപിക്കും. കൊച്ചിയിലെ ഡിജിറ്റല്‍ ഹബ്ബില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) കീഴില്‍ ബയോ എഐയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ആദ്യ പദ്ധതി. തിരുവനന്തപുരത്ത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള (ഡിയുകെ) യ്ക്ക് കീഴില്‍ പൊതു ഉദ്ദേശ്യത്തിലുള്ളതാണ് രണ്ടാമത്തെ പദ്ധതി. ഇന്ത്യ എഐ മിഷന്റെ സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിംഗില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ക്കായി 20 കോടി രൂപ വീതം ഭരണാനുമതി ലഭിച്ചു.
ഇന്ത്യ എഐ മിഷനുമായുള്ള കേരളത്തിന്റെ പങ്കാളിത്തം സംസ്ഥാനത്തിന് നാഴികക്കല്ലാണെന്ന് പദ്ധതിയുടെ പ്രഖ്യാപനം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിര്‍വ്വഹിച്ച് ഐടി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിഒഇ 1: ബയോ-എഐ സെന്റര് ഓഫ് എക്സലന്‍സ് - കെഎസ്‌യുഎം, ഡിജിറ്റല്‍ ഹബ്ബ്, കൊച്ചി
'നേച്ചര്‍ മീറ്റ്സ് കമ്പ്യൂട്ട്' എന്ന ആശയത്തില്‍ ഇന്ത്യ എഐ മിഷന്റെ സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിംഗിന് കീഴില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. കുസാറ്റിലെ 'തേജസ്വി' സൂപ്പര്‍ കമ്പ്യൂട്ടറും (350 ടെറാഫ്ലോപ്സ്) കേരള ജീനോം ഡാറ്റ സെന്‍ററും (കെജിഡിസി) നല്‍കുന്ന ഇന്നൊവേഷന്‍ പ്ലാറ്റ് ഫോമിന് കീഴില്‍ കേരളത്തിന്‍റെ പശ്ചിമഘട്ട ജൈവവൈവിധ്യത്തെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുര്‍വേദ പൈതൃകത്തെയും അത്യാധുനിക ജീനോമിക്സിനെയും ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.
നാല് വര്‍ഷം കൊണ്ട് 48 ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യാനും 600 ഉയര്‍ന്ന മൂല്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബയോ ഇന്‍ഫോര്‍മാറ്റിക്സിലും അനുബന്ധ മേഖലകളിലുമായി ഏകദേശം 1200 പ്രൊഫഷണലുകളെ പരിശീലിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നു.
സിഒഇ 2: എഐ സെന്റര് ഓഫ് എക്സലന്‍സ്- ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള, തിരുവനന്തപുരം
'ഗവേഷണത്തില്‍ നിന്ന് വാണിജ്യവല്‍ക്കരണത്തിലേക്ക്' എന്ന ആശയത്തില്‍ ഇന്ത്യ എഐ മിഷന് കീഴിലുള്ള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള (ഡിയുകെ), തിരുവനന്തപുരത്ത് 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് രണ്ടാമത്തെ എഐ-സിഒഇ സ്ഥാപിക്കുക. അംഗീകൃത ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റിംഗ് ഏജന്‍സിയായ സി.ഇ.ആര്‍.ടി-ഇന്‍ എംപാനല്‍ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാലയാണിത്.
ഇതിലെ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്‍ഡ് പ്രൊഡക്റ്റ് ഡെവലപ്മെന്റ് (സിഡിഐപിഡി) ആഗോള ഗുണനിലവാരമുള്ള സിഎംഎംഐ ഡെവലപ്മെന്റ് മെച്യൂരിറ്റി ലെവല്‍ 3 സര്‍ട്ടിഫിക്കേഷന്‍ നേടിയ ഇന്ത്യയിലെ ആദ്യത്തെ വികസന കേന്ദ്രമാണ്. നൂതന എ.ഐ ഗവേഷണത്തെയും പ്രായോഗികവും വിപണിക്ക് തയ്യാറായതുമായ ആപ്ലിക്കേഷനുകളെയും ബന്ധിപ്പിക്കുന്ന സാങ്കേതിക വിഭവ കേന്ദ്രമായി സി.ഒ.ഇ പ്രവര്‍ത്തിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine