മാംസാഹാരികളുടെ പറുദീസയായി കേരളം, ഭക്ഷണ ചെലവിന്റെ അഞ്ചിലൊന്നും മാംസാഹാരത്തിന്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസാഹാരം കഴിക്കുന്നവര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് സര്‍വേ. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍.എസ്.എസ്.ഒ) പുറത്തിറക്കിയ കുടുംബ ചെലവ് കണക്കെടുപ്പിലാണ്(ഹൗസ്‌ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വേ) ഇക്കാര്യമുള്ളത്. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ആളുകള്‍ മുട്ട, പാല്‍, ഇറച്ചി എന്നിവ ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ഭക്ഷണത്തിന് വേണ്ടി മാറ്റിവയ്ക്കുന്ന ആകെ തുകയുടെ 19.8 ശതമാനവും നഗരങ്ങളിലുള്ളവര്‍ മാസാംഹാരത്തിനാണ് ചെലവിടുന്നത്. ഗ്രാമങ്ങളില്‍ ഇത് 23.5 ശതമാനമാണ്. അതായത് ഭക്ഷണ ചെലവിന്റെഅഞ്ചിലൊന്നും ചെലവിടുന്നത് മാംസാഹാരത്തിനാണ്. രണ്ട് കണക്കുകളും ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ്.

അതേസമയം, കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത് ആസാമാണ്. ഇവിടുത്തെ ഗ്രാമീണര്‍ 20 ശതമാനമാണ് മാംസാഹാരത്തിന് ചെലവഴിച്ചത്. നഗരങ്ങളിലുള്ളവര്‍ 17 ശതമാനവും പാല്‍, മുട്ട, ഇറച്ചി എന്നിവ വാങ്ങാനാണ് ചെലവഴിച്ചത്. ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്. ആന്ധ്രയിലെ കണക്കുകള്‍ നഗരങ്ങളില്‍ 11.9 ശതമാനവും ഗ്രാമത്തില്‍ 14.8 ശതമാനവുമാണ്.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ബേസ് ലൈന്‍ സര്‍വേയില്‍ മാംസാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതായിരുന്നു. ഒന്നാമത് തെലങ്കാനയും. 18 സംസ്ഥാനങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വേ നടത്തിയത്.

Related Articles
Next Story
Videos
Share it