തര്‍ക്കം തുടരുന്നു, മദ്യനയത്തില്‍ തീരുമാനമായില്ല! പി.എസ്.സി അംഗങ്ങളുടെയും ചെയര്‍മാന്റെയും ശമ്പളം കൂട്ടി

ഡ്രൈ ഡേ, മദ്യഷാപ്പുകളുടെ ദൂരപരിധി എന്നീ കാര്യത്തില്‍ സമവായം ആയില്ല
premium liquor shop
canva
Published on

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. ഡ്രൈ ഡേയില്‍ ഇളവ് അനുവദിക്കുന്നത്, കള്ളുഷാപ്പുകളുടെ ദൂരപരിധി തുടങ്ങിയ വിഷയങ്ങളില്‍ തര്‍ക്കം ഉയര്‍ന്നതിനെ തുടര്‍ന്ന് തുടര്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി മാറ്റി വക്കുകയായിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച ചെയ്തതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടന്നാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള മദ്യനയമാണ് ഇനി പ്രഖ്യാപിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന നിക്ഷേപക സംഗമം ഈ ആഴ്ച നടക്കുന്നതിനാല്‍ അനാവശ്യ വിവാദം ഭയന്നാണ് തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Beer and wine
canva

ടൂറിസം കേന്ദ്രങ്ങളിലെ ഡ്രൈ ഡേ!

എല്ലാ ഒന്നാം തീയതികള്‍, ദേശീയ അവധി ദിവസങ്ങള്‍, തിരഞ്ഞെടുപ്പ് ദിവസങ്ങള്‍, ഗാന്ധി ജയന്തി, ലോക ലഹരി വിരുദ്ധ ദിനം തുടങ്ങിയ ദിവസങ്ങളില്‍ കേരളത്തില്‍ മദ്യം വിളമ്പുന്നതിന് വിലക്കുണ്ട്. ഇത് സംസ്ഥാനത്തെ ടൂറിസത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. തുടര്‍ന്ന് ടൂറിസം കേന്ദ്രങ്ങളില്‍ ഡ്രൈ ഡേകളിലും മദ്യം വിളമ്പാനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതെങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ ഡ്രൈ ഡേ ഒഴിവാക്കി മറ്റുമേഖലകളില്‍ തുടരാം എന്നായിരുന്നു അവസാനം ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ ടൂറിസം മേഖലക്ക് മൊത്തത്തില്‍ ഉപയോഗമാകുന്ന രീതിയിലുള്ള ഇളവ് വേണമെന്നാണ് വിനോദ സഞ്ചാര വകുപ്പിന്റെ നിലപാട്. സംസ്ഥാനം സംരംഭക-നിക്ഷേപക മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ അതിനുതകുന്ന ഇളവുകള്‍ വേണമെന്ന് വ്യവസായ വകുപ്പും ആവശ്യപ്പെട്ടു.

ദൂരപരിധിയിലും സമവായമായില്ല

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കള്ളുചെത്ത് വ്യവസായത്തിന് എതിരാകരുത് പുതിയ മദ്യനയമെന്നാണ് സി.പി.ഐ അംഗങ്ങളുടെ നിലപാട്. കള്ളുഷാപ്പുകളുടെ ദൂരപരിധി, കള്ളിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പുതിയ കള്ളുഷാപ്പുകള്‍ അനുവദിക്കുമ്പോള്‍ നിലവിലുള്ള ദൂരപരിധിയില്‍ ഇളവ് വേണമെന്നാണ് വിവിധ യൂണിയനുകളുടെ ആവശ്യം.

kerala psc
Kerala Psc

പി.എസ്.സി അംഗങ്ങളുടെ ശമ്പളം കൂട്ടി

അതേസമയം, പി.എസ്.സി അംഗങ്ങളുടെയും ചെയര്‍മാന്റെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി നിശ്ചയിച്ചു. അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യവുമാക്കി. മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി അംഗങ്ങളുടെയും ചെയര്‍മാന്റെയും ശമ്പളം പരിഗണിച്ചെന്നാണ് വര്‍ധനയെന്നാണ് വിശദീകരണം. നിലവില്‍ ചെയര്‍മാന് 76,000 രൂപയാണ് അടിസ്ഥാന ശമ്പളം. അലവന്‍സുകള്‍ അടക്കം 2.26 ലക്ഷം രൂപ ലഭിക്കും. അംഗങ്ങള്‍ക്ക് 2.23 ലക്ഷം രൂപയും പ്രതിമാസം ലഭിക്കും. ഇതില്‍ നിന്നാണ് വര്‍ധന. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധന വലിയ രാഷ്ട്രീയ വിവാദമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com