മലബാറിലെ പുരാതന തുറമുഖത്തിന്റെ തലവര മാറുമോ? ക്രൂയിസ് ടൂറിസത്തിനടക്കം ഉണര്‍വാകുന്ന പുതിയ പദ്ധതി ഇങ്ങനെ

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നോണ്‍-മേജര്‍ തുറമുഖങ്ങളിലൊന്നായ പൊന്നാനി തുറമുഖത്തിന്റെ വികസനത്തിന് വഴി തെളിയുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുറമുഖത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബെര്‍ത്ത് നിര്‍മിക്കാന്‍ സംസ്ഥാന മാരിടൈം ബോര്‍ഡ് പദ്ധതി തയ്യാറാക്കി. 20 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് തുറമുഖ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായവും ബോര്‍ഡ് തേടിയിട്ടുണ്ട്.
പൊതു-സ്വകാര്യ പദ്ധതി
മലബാറിലെ പുരാതന തുറമുഖങ്ങളിലൊന്നായ പൊന്നാനിയെ വികസിപ്പിക്കാനായാല്‍ മേഖലയിലെ ചരക്കുനീക്കത്തിനും വിനോദസഞ്ചാരത്തിനും പുതിയ ഉണര്‍വാകുമെന്നാണ് പ്രതീക്ഷ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും താത്പര്യ പത്രം ( expression of interest) ക്ഷണിച്ചിട്ടുണ്ട്. കേരളത്തിന്റെ പദ്ധതിയുടെ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര തുറമുഖകാര്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പാര്‍ലമെന്റില്‍ അറിയിച്ചിട്ടുമുണ്ട്.
വലിയ സാധ്യത
ഒരു കാലത്ത് മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന പൊന്നാനിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുപോലും നിരവധി കപ്പലുകള്‍ എത്തുമായിരുന്നു. ഇവിടെ പുതിയ തുറമുഖം സ്ഥാപിക്കാനായാല്‍ പൊന്നാനിക്ക് പുറമെ മലബാറിലെ തീരമേഖലയ്ക്കാകെ ഗുണകരമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സമുദ്രമാര്‍ഗമുള്ള ചരക്കുഗതാഗതം കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. ഇതോടെ തുറമുഖത്തേക്ക് കൂടുതല്‍ കപ്പലുകളെത്തും. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും തുറമുഖങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുള്ള ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമാകാനും തുറമുഖത്തിനാകും.

Related Articles

Next Story

Videos

Share it