കശ്മീര്‍ ട്രിപ്പുകാര്‍ റൂട്ട് മാറ്റി, കാലാവസ്ഥ കനിഞ്ഞു, കേരള ടൂറിസം മെയ് മാസത്തില്‍ സൂപ്പര്‍ ഹിറ്റ്! മണ്‍സൂണില്‍ പ്രതീക്ഷയര്‍പ്പിച്ച് സംരംഭകര്‍

ചൂടു മൂലം 2024 ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരളത്തിലേക്ക് കാര്യമായി സഞ്ചാരികള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞു
kerala monsoon tourism
Published on

ചൂടു കുറഞ്ഞ കാലാവസ്ഥയും പഹല്‍ഗാം ഭീകരാക്രമണവും ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വായി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സഞ്ചാരികളുടെ സാന്നിധ്യം നന്നേ കുറവായിരുന്നു. കടുത്ത ചൂടായിരുന്നു കഴിഞ്ഞ തവണത്തെ വില്ലന്‍. എന്നാല്‍ ഇത്തവണ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വലിയ തിരക്കായിരുന്നു. സ്‌കൂള്‍ തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞെങ്കിലും മണ്‍സൂണ്‍ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് ടൂറിസവുമായി ബന്ധപ്പെട്ടവര്‍.

2018ലെ പ്രളയകാലം വരെ കേരളത്തിലെ മണ്‍സൂണ്‍ സീസണ്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ മഹാപ്രളയം മണ്‍സൂണ്‍ യാത്രികരുടെ വരവിനെ ഇല്ലാതാക്കി. തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ മഴക്കാലത്ത് കേരളത്തില്‍ നിന്ന് സഞ്ചാരികളെ അകറ്റി. ഇത്തവണ ഈ പതിവിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. ചൂട് കുറഞ്ഞു നിന്നതും തുടര്‍ച്ചയായി മഴ കിട്ടിയതും ഏപ്രില്‍-മെയ് മാസങ്ങളില്‍ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിച്ചു.

കശ്മീരിലേക്ക് പദ്ധതിയിട്ടവര്‍ റൂട്ട് മാറ്റി

ചൂടുമൂലം 2024ല്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരളത്തിലേക്ക് കാര്യമായി സഞ്ചാരികള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞു. ഭീകരാക്രമണം മൂലം കശ്മീരിലെ യാത്ര പ്ലാന്‍ ചെയ്തിരുന്ന ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ കേരളം തിരഞ്ഞെടുത്തതും ഗുണം ചെയ്തു. ഇത്തവണ ജൂണ്‍-ജൂലൈ മാസങ്ങളില്‍ കൂടുതല്‍ പേര്‍ മഴ ആസ്വദിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.

പാക്കേജ് ടൂറിസം ചെയ്യുന്ന കമ്പനികള്‍ മഴ നടത്തം, ട്രക്കിംഗ് ഉള്‍പ്പെടെ വിപുലമായ പ്രമോഷനുകളുമായി രംഗത്തുണ്ട്. ഓഫ് സീസണ്‍ ആയതിനാല്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും വലിയ ഓഫറുകള്‍ നല്കുന്നതും സഞ്ചാരികളുടെ വരവിന് കാരണമാകുന്നുണ്ട്. മഴ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കില്‍ മണ്‍സൂണ്‍ ടൂറിസ സാധ്യതകള്‍ പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സംരംഭകരും.

തദ്ദേശ സഞ്ചാരികളുടെ എണ്ണം കൂടി

കേരളത്തില്‍ താമസിക്കുന്നവര്‍ കോവിഡിനുശേഷം യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തുന്നുണ്ട്. തദ്ദേശീയരായ സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ടെന്ന് മൂന്നാറില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്ന ടെറീസ് മാത്യു ധനംഓണ്‍ലൈനോട് പറഞ്ഞു. കോവിഡിനുശേഷമാണ് ഈ ട്രെന്റ് കൂടിയത്. ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഐടി രംഗത്ത് ജോലി ചെയ്യുന്നവര്‍ കൂടുതലായി എത്തുന്നുവെന്നും അദ്ദേഹം പറയുന്നു.

ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ വേനല്‍ അവധിക്കാലത്താണ് കൂടുതലായി കേരളത്തിലേക്ക് വരുന്നത്. ഇവര്‍ കൂടുതലും കുടുംബത്തിനൊപ്പമാണ് കേരളത്തിലെത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. മഴ ആസ്വദിക്കാന്‍ എത്തുന്നവരിലേറെയും 40 വയസില്‍ താഴെയുള്ളവരാണ്.

Cooler weather and Kashmir unrest fueled May tourism in Kerala; entrepreneurs now pin hopes on the monsoon season

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com