മെസ്സിയും സംഘവും കേരളത്തില്‍ എത്തുമോ ? വീണ്ടും പ്രതീക്ഷകള്‍

അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി മന്ത്രി വി.അബ്ദുറഹ്മാൻ ചര്‍ച്ച നടത്തി
മെസ്സിയും സംഘവും കേരളത്തില്‍ എത്തുമോ ? വീണ്ടും പ്രതീക്ഷകള്‍
Published on

ഫുട്ബാള്‍ രാജാവ് ലയണല്‍ മെസി അര്‍ജന്റീന ടീമുമായി കേരളത്തില്‍ കളിക്കാന്‍ എത്തുമോ? ഏറെ നാളായുള്ള ഈ ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കാര്യമന്ത്രി വി. അബ്ദുറഹ്മാൻ സ്‌പെയിനിലെ മാഡ്രിഡില്‍ വെച്ച് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ (എ.എഫ്.എ) ഭാരവാഹികളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുന്നത് സംബന്ധിച്ച് ആശാവഹമായ പുരോഗതിയാണ് ഈ ചര്‍ച്ചയില്‍ ഉണ്ടായത്. അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ഉടനെ കേരളം സന്ദര്‍ശിക്കുന്നതിന് താല്‍പര്യം അറിയിച്ചതായി മന്ത്രി തന്റെ ഫേസ് ബുക്ക് പേജില്‍ വ്യക്തമാക്കി. മാഡ്രിഡിലെ വിവിധ കായിക വികസന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി അബ്ദുറഹ്മാൻ സ്‌പെയിന്‍ ഹയര്‍ സ്‌പോട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

ഫുട്ബാള്‍ അക്കാദമികള്‍ സ്ഥാപിക്കും

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാന്‍ താല്‍പര്യം അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. സംസ്ഥാനത്തെ നിലവിലുള്ള പരിശീലന കേന്ദ്രങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ചും കായിക അനുബന്ധ സോഫ്റ്റ് സ്‌കില്‍ വികസനത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ  എ.എഫ്.എയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചര്‍ച്ച നടത്തിതായി  മന്ത്രി പറഞ്ഞു. സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടര്‍ വിഷ്ണു രാജ് എന്നിവരും മന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com