Begin typing your search above and press return to search.
രത്തന്‍ ടാറ്റയ്ക്ക് കേരളത്തിന്റെയും പ്രണാമം
ടാറ്റ ഗ്രൂപ്പ് സാരഥി രത്തന്‍ ടാറ്റയുടെ വേര്‍പാടില്‍ കേരളത്തിലെ രാഷ്ട്രീയ-വ്യവസായ ലോകത്തിന്റെയും അനുശോചനം.
മുഖ്യമന്ത്രി പിണറായി വിജയന്‍
രാജ്യത്തെ പ്രമുഖ വ്യവസായികളില്‍ ഒരാളായിരുന്ന രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ വ്യവസായ മേഖലയുടേയും നൂതന സാങ്കേതിക മേഖലകളുടേയും വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ടാറ്റ നല്‍കിയ സംഭാവനകള്‍ സ്മരണീയമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു
ഇന്ത്യക്ക് നഷ്ടമെന്ന് ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്
രത്തന്‍ ടാറ്റയുടെ വിയോഗം ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്. ദീര്‍ഘവീക്ഷണമുള്ളയാളും ധീരനായ വ്യവസായിയും അനുകമ്പയുള്ള മനുഷ്യസ്നേഹിയുമായിരുന്നു രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കൊപ്പം സമൂഹത്തിന്റെ പുരോഗതിക്കും ആക്കം കൂട്ടി. ഞങ്ങളുടെ മുന്‍ ചെയര്‍മാന്‍ എപ്പോഴും ടാറ്റ ഗ്രൂപ്പിന്റെ വിശ്വാസം, മികവ്, സമഗ്രത, വിശ്വാസ്യത എന്നീ ഗുണങ്ങളെ ആരാധനാപൂര്‍വ്വം നോക്കിയിരുന്നു. അവ മുത്തൂറ്റിന്റെയും മാര്‍ഗനിര്‍ദേശ തത്വങ്ങളായതിനാല്‍ മൂത്തൂറ്റിലെ ഓരോരുത്തരുടെയും ഹൃദയത്തില്‍ വലിയ സ്ഥാനം നേടിയിരുന്നു.
രത്തന്‍ ടാറ്റയുമായുള്ള സംഭാഷണങ്ങള്‍ എല്ലായ്പ്പോഴും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവ എന്നും സമ്പന്നമായ അനുഭവങ്ങളാണ് സമ്മാനിച്ചിരുന്നത്. രത്തന്‍ ടാറ്റയുടെ ജ്ഞാനവും വിനയവും തന്നെ ആഴത്തില്‍ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഒരു ചരിത്രപരമായ പരിവര്‍ത്തനത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അമൂല്യമായിരുന്നു. രത്തന്‍ ടാറ്റയുടെ ആത്മാവിന് ശാന്തി നേരുന്നതായും ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ സമഗ്ര പുരോഗതിയ്ക്കായി സമര്‍പ്പിച്ച ജീവിതം: വി.കെ മാത്യൂസ്
രത്തന്‍ ടാറ്റയുടെ നിര്യാണം രാജ്യത്തിനും വ്യവസായലോകത്തിനും തീരാനഷ്ടമാണെന്ന് ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ മാത്യൂസ്. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയ്ക്കായി സമര്‍പ്പിത ജീവിതം നയിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഉണരുന്ന ഭാരതത്തിന്റെ ഊര്‍ജ്ജവും പ്രതീക്ഷയും വിജയവും സ്വാംശീകരിച്ച ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം. ലാളിത്യവും സരസമായ സംഭാഷണവും ആര്‍ക്കും നേരിട്ട് സമീപിക്കാവുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റേത്. ഏത് സമ്മര്‍ദ്ദ സാഹചര്യങ്ങളിലും ചെറുതമാശയിലൂടെ അന്തരീക്ഷം തണുപ്പിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നുവെന്ന് കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെ ചെയര്‍മാന്‍ കൂടിയായ വി.കെ മാത്യൂസ് ഓര്‍മ്മിച്ചു.
ഒരിക്കല്‍ ന്യൂയോര്‍ക്കില്‍ വച്ച് രത്തന്‍ ടാറ്റയുമൊന്നിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഹോട്ടലായ താജില്‍ പ്രഭാതഭക്ഷണം കഴിച്ച അനുഭവവും വി.കെ മാത്യൂസ് പങ്ക് വച്ചു. താജ് ഹോട്ടലിലെ ഒരു ജീവനക്കാരനോടു പോലും താനാരെന്ന് അദ്ദേഹം അറിയിച്ചില്ല. സ്വന്തം ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ പണം സ്വന്തം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നേരിട്ട് നല്‍കുന്ന ലോകത്തിലെ മുന്‍നിര വ്യവസായ പ്രമുഖനായിരുന്നു അദ്ദേഹമെന്നും പറഞ്ഞു.
Next Story
Videos