

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ചട്ടങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത രേഖയും നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തവരെ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് അനുവദിക്കൂ. ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞവര്‍ക്ക് ഇതിനായി നിശ്ചിത ദിവസങ്ങളില്‍ ആര്‍.ടി.ഒകളില്‍ ക്ലാസ് നടത്തും.
നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ ട്രാഫിക് ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമായിരുന്നു. കൊവിഡ് കാലത്ത് ഇത് മുടങ്ങി. അടുത്തിടെ ഡ്രൈവിംഗ് ടെസ്റ്റിലെ ചട്ടങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബോധവത്കരണ ക്ലാസ് പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മോട്ടോര്‍ വെഹിക്കില്‍ ഡ്രൈവിംഗ് റെഗുലേഷന്‍സ് 2017 പ്രകാരം വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇതിലുള്ളത്.
അതേസമയം, പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കിയതോടെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ വിജയിക്കുന്നവരുടെ എണ്ണത്തില്‍ 40-45 ശതമാനം വരെ കുറവുണ്ടായെന്നാണ് കണക്ക്. ഗ്രൗണ്ട് ടെസ്റ്റില്‍ വിജയിക്കുമെങ്കിലും കൂടുതല്‍ പേരും റോഡ് ടെസ്റ്റില്‍ പരാജയപ്പെടുകയാണ്. നേരത്തെ ടെസ്റ്റിനെത്തുന്ന 60-70 ശതമാനം പേരും കടമ്പ കടക്കുമായിരുന്നു. ഇപ്പോഴത്തെ അപേക്ഷകരില്‍ പലരും റീടെസ്റ്റിനെത്തുന്നവരാണെന്നും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, പുതിയ രീതി നടപ്പിലാക്കിയതോടെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ ഗുണമേന്മ വര്‍ധിച്ചതായും ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനേക്കാള്‍ റോഡ് സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കുന്ന രീതികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine