
ഓരോ അഞ്ച് വര്‍ഷത്തിലും ആകെ കട ബാധ്യത ഇരട്ടിയാകുന്നതാണ് മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ സ്ഥിതിവിശേഷമെന്നും ഇക്കുറി അതുണ്ടായിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ബാധ്യത 78,673 കോടി രൂപയായിരുന്നു. 2015-16ല്‍ ഇത് 1,57,370 കോടിയായി. 2020-21ല്‍ 2,96,901 കോടി രൂപ. അഞ്ചു വര്‍ഷത്തില്‍ ബാധ്യത ഇരട്ടിയാകുന്നു. ഈ പ്രവണത അനുസരിച്ച് 2025-26ല്‍ ബാധ്യത ഏതാണ്ട് ആറുലക്ഷം കോടി രൂപയാകണം. എന്നാല്‍ ഇക്കുറി 4.65 ലക്ഷം കോടിയില്‍ ആകെ ബാധ്യത നില്‍ക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വായ്പകള്‍ എടുക്കാന്‍ അനുമതി നിഷേധിച്ചതാണ് വായ്പാ ബാധ്യതയുടെ വളര്‍ച്ച കുറയാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
കേരളം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്. പാര്‍ലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച ധന ഉത്തരവാദിത്ത നിയമത്തിനുള്ളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയും റിസര്‍വ് ബാങ്ക് നിബന്ധനകള്‍ പാലിച്ചും മാത്രമാണ് സംസ്ഥാനത്തിന് വായ്പ എടുക്കാനാവുക.
കേരളത്തിന് ആഭ്യന്തര സംസ്ഥാന മൊത്ത ഉല്‍പാദനത്തിന്റെ (ജി.എസ്.ഡി.പി) മൂന്നര ശതമാനം വരെ വായ്പാനുമതിയുണ്ട്. എന്നാല്‍ 2022-23 ല്‍ 2.5 ശതമാനം, 2023-24ല്‍ 2.99 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനം വായ്പ എടുത്തത്. നമുക്ക് അര്‍ഹതപ്പെട്ട കടം പോലും കേന്ദ്രം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നമുക്ക് അര്‍ഹതപ്പെട്ട കടം എടുക്കാന്‍ അനുവദിക്കണമെന്ന ശക്തമായ ആവശ്യം അവഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. എന്നിട്ടും അനുവദനീയമായ മൂന്നര ശതമാനത്തില്‍ താഴെയാണ് വായ്പ. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ലഭ്യമാക്കിയ ജി.എസ്.ഡി.പി കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ആകെ കടം ജി.എസ്.ഡി.പിയുടെ ശതമാനത്തില്‍ 2020-21നുശേഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്പയ്ക്കും ഗ്യാരന്റി നില്‍ക്കുന്നതിന്റെ പേരില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന് വായ്പയെടുക്കാവുന്ന തുകയില്‍നിന്ന് 3,300 കോടി രൂപ കുറച്ചതായും മന്ത്രി പറഞ്ഞു. ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടിന്റെ പേര് പറഞ്ഞാണ് നടപടി. 80,000 കോടി രൂപയ്ക്കാണ് സംസ്ഥാനം ഗ്യാരന്റി നില്‍ക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടായി മാറ്റിവയ്ക്കണമെന്നാണ് വായ്പയെടുക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കില്‍ വായ്പയെടുക്കാവുന്നതില്‍ നിന്ന് ജി.എസ്.ഡി.പിയുടെ 0.25 ശതമാനം, അതായത് 3,300 കോടി രൂപ കുറയ്ക്കുമെന്നാണ് കേന്ദ്ര നിലപാട്. ഈ വര്‍ഷം ഡിസംബര്‍ വരെ 29,529 കോടി രൂപ വായ്പയെടുക്കാമെന്ന് അറിയിച്ചതിന് പിന്നാലെയാണിത്.
ഇതിനുപുറമെയാണ് ഐ.ജി.സ്ടി വിഹിതത്തില്‍നിന്ന് 956.16 കോടി രൂപകൂടി വെട്ടിക്കുറച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഐ.ജി.എസ്.ടി തുക കൂടിപോയി എന്ന പേരിലാണ് ഈ തുകയും വെട്ടിക്കുറച്ചത്. എന്നാല്‍ ഐ.ജി.എസ്.ടി സംബന്ധമായ കൃത്യമായ കണക്കൊന്നും ഇപ്പോഴും ലഭ്യമാക്കിയിട്ടില്ല.
കേന്ദ്ര സര്‍ക്കാരിന്റെ കടം ജി.എസ്.ഡി.പി അനുപാതം 58.1 ശതമാനമാണ്. കേന്ദ്രത്തിന്റെ ആകെ കടം 155 ലക്ഷം കോടി രൂപയും. ധനഉത്തരവാദിത്ത നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയില്‍ ധനകമ്മി നിജപ്പെടുത്തുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ധനസ്ഥിതി. 2023-24ല്‍ 5.6 ശതമാനമാണ് ധനകമ്മി. കഴിഞ്ഞ വര്‍ഷത്തെ ധനകമ്മി 4.9 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ഈവര്‍ഷം 4.4 ശതമാനമാകുമെന്നും പറയുന്നു. ഇതില്‍ നിന്നും വളരെ ഉയര്‍ന്നതായിരിക്കും അന്തിമ കണക്കുകളെന്നതാണ് മുന്‍വര്‍ഷങ്ങളിലെ സ്ഥിതി. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് കേരളത്തില്‍ കടപ്പേടി പരത്താന്‍ നോക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,650 കോടി രൂപ അനുവദിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. ഒരോരുത്തര്‍ക്കും 3,200 രൂപ വീതം ലഭിക്കും. അഞ്ചു ഗഡുവാണ് കുടിശിക ഉണ്ടായിരുന്നത്. അതില്‍ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ മൂന്ന് ഘട്ടമായി 5,000 കോടി രൂപയാണ് കേരളം കടമെടുത്തത്. ഏപ്രിലില്‍ 2,000 കോടി രൂപയും മെയില്‍ 3,000 കോടി രൂപയുമാണ് കടമെടുത്തത്. ഇത്തവണത്തെ ബജറ്റിലെ എസ്റ്റിമേറ്റ് പ്രകാരം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തകട ബാധ്യത 4,81,997.62 കോടി രൂപയാകുമെന്നാണ്.
Read DhanamOnline in English
Subscribe to Dhanam Magazine