

തിരുവനന്തപുരത്ത് ആമയിഴഞ്ചന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ട ജോയി എന്ന കരാര്‍ ശുചീകരണ തൊഴിലാളിയുടെ മൃതശരീരം അഴുക്കുചാലില്‍ നിന്ന് മൂന്നാം ദിവസം കണ്ടെടുത്ത സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം.
കേരള മോഡല്‍ വികസനത്തിന്റെ അവകാശവാദങ്ങളാണ് ഒരിക്കല്‍ക്കൂടി മുങ്ങിത്താഴ്ന്നത്. ശുചിത്വത്തിലും ആരോഗ്യത്തിലും മുന്നിലാണെന്ന നമ്മുടെ പൊങ്ങച്ചം പറച്ചിലുകള്‍ പാഴ്‌വാക്കുകള്‍ മാത്രം. വീട്ടിലെയോ കടയിലെയോ മാലിന്യം എവിടേക്കെങ്കിലും വലിച്ചെറിയുന്നത് ശീലമാക്കിയവരും, മാലിന്യ സംസ്‌കരണത്തിന് തക്ക നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാറും നഗരസഭയും റെയില്‍വേയുമെല്ലാം പ്രതിക്കൂട്ടില്‍ തന്നെ. മാലിന്യ നിര്‍മാര്‍ജന രംഗത്ത് കേരളം പാപ്പരായി നില്‍ക്കുന്നു.
നഗര ഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയാണ് ഇന്ന് ആമയിഴഞ്ചാന്‍ തോട്. കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ തോട്ടിലിറങ്ങി മാലിന്യം മാറ്റുന്നതിനിടയിലാണ് ജോയിയെ കാണാതായത്. റെയില്‍ പാളത്തിനടിയിലൂടെ തോടു കടന്നു പോകുന്ന ഭാഗം തുരങ്കം പോലെയാണ്. അവിടെ മാലിന്യക്കൂമ്പാരം അടിഞ്ഞു കിടക്കുന്നു.
ശുചീകരണത്തില്‍ ഏര്‍പ്പെട്ട ജോയിയെ ജീവനോടെ കണ്ടെത്താന്‍ കഴിയാതെ പോയത് അത്രയധികം നഗരമാലിന്യം ആമയിഴഞ്ചാന്‍ തോടില്‍ അടിഞ്ഞു കിടക്കുന്നതു കൊണ്ടാണ്. പ്രളയ കെടുതി, ഒരു മഴ പെയ്താല്‍ തലസ്ഥാന നഗരമായ തിരുവനന്തപുരവും വാണിജ്യ തലസ്ഥാനമായ കൊച്ചിയും വെള്ളക്കെട്ടില്‍ മുങ്ങുന്ന സ്ഥിതി -ഇതൊക്കെയും ആരെയും ഒന്നും പഠിപ്പിക്കുന്നില്ലെന്നോ?
ശുചിത്വത്തില്‍ പോലും അഭിമാനിക്കാനാവാതെ
കേരള വികസനത്തിന്റെ മേനി പറയുന്നതല്ലാതെ തലസ്ഥാന നഗരിയില്‍ അഴുക്കു ചാലുകള്‍ പോലും ശരിയായ വിധത്തില്‍ നിര്‍മിച്ചിട്ടില്ല. നഗര ശുചീകരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലേക്ക് കണ്ണു തുറക്കാന്‍ ജോയിയുടെ ജീവനും, ഒരു കുടുംബത്തിന്റെ ആശ്രയവും തുലച്ച ഈ സന്ദര്‍ഭത്തിലെങ്കിലും കഴിയേണ്ടതാണ്.
നഗര വികസനത്തിന്റെ ഭാഗമാണ് ഓവുചാല്‍ നിര്‍മാണമെന്ന് കാണുന്നില്ല. നഗരവാസികളും കച്ചവടക്കാരുമെല്ലാം മാലിന്യം തോന്നിയ പോലെ വലിച്ചെറിയുന്നു. അത് തടയാനും ദിനേന ശരിയായ രീതിയില്‍ മാലിന്യ നീക്കവും സംസ്‌കരണവും നടക്കുന്നുവെന്ന് ഉറപ്പു വരുത്താനും ഉത്തരവാദപ്പെട്ട നഗരസഭക്ക് അതിനു കഴിയുന്നില്ല. എത്രയോ നിലകളില്‍ ഫ്‌ളാറ്റ് കെട്ടിപ്പൊക്കുമ്പോള്‍, അവിടെ നിന്നുള്ള അഴുക്കു മാലിന്യങ്ങള്‍ എവിടേക്ക് തള്ളുന്നുവെന്നത് കാര്യമാക്കാറില്ല. എവിടേക്കു തള്ളിയിട്ടായാലും സ്വന്തം കണ്‍മുന്നില്‍ നിന്ന് മാലിന്യം മാറണമെന്നല്ലാതെ, സമൂഹ ജീവിയെന്ന പൗരബോധം കാണിക്കാന്‍ വിദ്യാസമ്പന്നരെന്നും ലോകപരിചയമുള്ളവരെന്നും അവകാശപ്പെടുന്ന മലയാളികള്‍ക്ക് ഇനിയും മനസില്ല.
ശരിയായ മാലിന്യ സംസ്‌കരണമില്ലാത്തതിനാല്‍ കാലവര്‍ഷ പെയ്ത്തിനൊത്ത് അഴുക്കുവെള്ളം കെട്ടിക്കിടന്ന് നഗര മേഖലകളില്‍ പ്രത്യേകിച്ച്, ജലജന്യ രോഗങ്ങള്‍ പെരുകുന്നു. ഇതൊക്കെ പക്ഷേ, ആരുണ്ട് കാര്യമാക്കുന്നു?
Read DhanamOnline in English
Subscribe to Dhanam Magazine