

2018ലെ പ്രളയത്തിന് ശേഷം കേരള ടൂറിസത്തിന് ഓണക്കാലം അത്ര നല്ല സമയമായിരുന്നില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ വിനോദസഞ്ചാരത്തിന് വലിയ ക്ഷതമാണ് ഏല്‍പ്പിക്കുന്നത്. എങ്കിലും, ഇത്തവണത്തെ ഓണക്കാലം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ടൂറിസം സംരംഭകര്‍. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഓണം വാരാഘോഷങ്ങള്‍ കൂടി തുടങ്ങുന്നതോടെ സീസണ്‍ ആരംഭം ശുഭകരമാകുമെന്നാണ് ഇന്‍ഡസ്ട്രിയുടെ കണക്കുകൂട്ടല്‍.
എന്നാല്‍, ചില ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഗള്‍ഫ് മലയാളികളുടെ വരവ് ഇത്തവണ കുറഞ്ഞേക്കും. പ്രവാസി മലയാളികളായിരുന്നു ഓണക്കാലത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളെ സജീവമാക്കിയിരുന്നത്. എന്നിരുന്നാലും ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വരവ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇത്തവണ മുന്‍കൂര്‍ ബുക്കിംഗുകള്‍ വര്‍ധിച്ചത് മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യം കാരണം നേരത്തെ നാട്ടിലെത്താന്‍ സാധിക്കാതിരുന്ന പ്രവാസികള്‍, പ്രത്യേകിച്ച് യൂറോപ്പില്‍ നിന്നുള്ള മലയാളികള്‍ ഇത്തവണ ഓണം ആഘോഷിക്കാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
ഓണക്കാലത്ത് ഗ്രൂപ്പ് ബുക്കിംഗുകള്‍ ഇത്തവണ കൂടിയിട്ടുണ്ടെന്ന് ഇടുക്കിയിലെ റിസോര്‍ട്ട് ഉടമയായ സതീഷ് സോമന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. ഓണം ആഴ്ച്ചയിലെ ബുക്കിംഗ് ഏറെക്കുറെ പൂര്‍ത്തിയായി. ഡിമാന്‍ഡ് കൂടിയതോടെ മൂന്നാര്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ ഹോട്ടല്‍ നിരക്കുകള്‍ വര്‍ധിച്ചതായി സതീഷ് കൂട്ടിച്ചേര്‍ത്തു. അനുകൂല കാലാവസ്ഥയാകുമെന്ന പ്രവചനവും നീണ്ട അവധികളുമാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നേട്ടമാകുന്നത്.
കൊച്ചിയിലും ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഒട്ടുമിക്ക ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഓണക്കാല ബുക്കിംഗ് ഏകദേശം പൂര്‍ണമാണ്. ഇല സദ്യയോടൊപ്പമുള്ള പാക്കേജുകളാണ് ഒട്ടുമിക്ക ഹോട്ടലുകളും റിസോര്‍ട്ടുകളും നല്കുന്നത്.
ഇലയില്‍ വിളമ്പുന്ന 26-ലധികം വിഭവങ്ങളടങ്ങിയ വിഭവസമൃദ്ധമായ പരമ്പരാഗത സദ്യയ്ക്കാണ് മുന്‍ഗണന. ഒപ്പം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വടംവലി, അത്തപ്പൂക്കളം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും പല റിസോര്‍ട്ടുകളും പാക്കേജിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കുടുംബസമേതം സദ്യ കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രമുഖ ഹോട്ടലുകളിലെല്ലാം മുന്‍കൂട്ടിയുള്ള ടേബിള്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. ചില റിസോര്‍ട്ടുകള്‍ ഓണസദ്യയ്ക്ക് മാത്രമായുള്ള പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്.
ഓണക്കാലത്ത് കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ ഭൂരിഭാഗവും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഐടി മേഖലയില്‍ നിന്നുള്ള ചെറുപ്പക്കാരും കുടുംബങ്ങളുമാണ് വാരാന്ത്യങ്ങളും ഓണാവധിയും മുന്നില്‍ കണ്ട് കൂടുതലായി ഈ സമയത്ത് എത്തും.
യുകെ, യുഎസ്എ, മിഡില്‍ ഈസ്റ്റ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ സഞ്ചാരികളുടെ വരവിലും മികച്ച വളര്‍ച്ചയുണ്ട്. പരമ്പരാഗത ഓണസദ്യയും വള്ളംകളിയും സാംസ്‌കാരിക പരിപാടികളും നേരിട്ട് അനുഭവിക്കാനാണ് വിദേശികള്‍ പ്രധാനമായും എത്തുന്നത്. ഓണത്തെ വിദേശ രാജ്യങ്ങളില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ കുറച്ചു വര്‍ഷങ്ങളായി വിപുലമായ പരിപാടികള്‍ ചെയ്യുന്നുണ്ട്. ഇത് ഫലം കാണുന്നുവെന്നാണ് ഓണക്കാലത്ത് വിദേശികളുടെ വരവ് സൂചിപ്പിക്കുന്നത്.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മുന്നാര്‍, വയനാട്, ആലപ്പുഴ, കോവളം, തേക്കടി എന്നിവിടങ്ങളില്‍ ഹോട്ടല്‍, റിസോര്‍ട്ട് ബുക്കിംഗില്‍ മുന്‍വര്‍ഷത്തേക്കാള്‍ പുരോഗതിയുണ്ട്. ബുക്കിംഗുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15% മുതല്‍ 25% വരെ വര്‍ധനയുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എന്നിരുന്നാലും ഓണം അടുക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്നത് നിര്‍ണായകമാണ്. മഴ കനത്താല്‍ പല ബുക്കിംഗുകളും റദ്ദാക്കപ്പെട്ടേക്കാം.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ബുക്കിംഗാണ് ഇത്തവണ ഇതുവരെ ഉള്ളതെന്ന് മൂന്നാറിലെ കെടിഡിസി ഹില്‍ റിസോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ വില്ലനായില്ലെങ്കില്‍ സമീപകാലത്തെ മികച്ച ഓണസീസണായിരിക്കും ഇത്തവണയെന്നാണ് ഇവര്‍ പറയുന്നത്.
ടൂറിസം രംഗത്തുണ്ടായ ഈ മുന്നേറ്റം പ്രാദേശിക ബിസിനസുകള്‍ക്കും വന്‍ ഉണര്‍വാണ് നല്‍കുന്നത്. ടാക്‌സി ഡ്രൈവര്‍മാര്‍, കരകൗശല വിദഗ്ധര്‍, പ്രാദേശിക ഭക്ഷണശാലകള്‍, സാംസ്‌കാരിക കലാകാരന്മാര്‍ എന്നിവര്‍ക്കെല്ലാം ഓണക്കാലം സാമ്പത്തികമായി വലിയ ആശ്വാസമാകുന്നു. ടൂറിസം വകുപ്പ് നടത്തുന്ന വിപുലമായ ഓണം വാരാഘോഷങ്ങള്‍ കൂടിയാകുന്നതോടെ വിപണി ഉഷാറാകുമെന്ന് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine