കെ.എല്‍ 99; സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഏകീകൃത നമ്പര്‍

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ഏകീകൃത നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനം.'കെ.എല്‍ 99' ശ്രേണിയിലുള്ള നമ്പറുകള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ധാരണയായി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മുഖ്യമന്ത്രിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

ഗതാഗത വകുപ്പിന്റെ ശിപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറും. സര്‍ക്കാര്‍ വാഹനങ്ങള്‍ തിരിച്ചറിയാന്‍ പൊതുവായി കെ.എല്‍ 99 എന്ന നമ്പറും വിവിധ വിഭാഗങ്ങള്‍ക്ക് ഇതിനൊപ്പം എ,ബി,സി,ഡി എന്നീ അക്ഷരങ്ങളും നല്‍കാനാണ് ശിപാര്‍ശ. ഇതനുസരിച്ച് 'കെ.എല്‍ 99 എ' സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് നല്‍കും. 'കെ.എല്‍ 99 ബി' സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 'കെ.എല്‍ 99 സി' തദ്ദേശ സ്ഥാപനങ്ങള്‍ക്കും 'കെ.എല്‍ 99 ഡി' പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നല്‍കും.

നിലവില്‍ ഓരോ വകുപ്പിന്റെയും പേരിലാണ് വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. മാത്രമല്ല, നമ്പറുകള്‍ വിവിധ ശ്രേണിയിലായതിനാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും സര്‍ക്കാറിലില്ല. ഈ പോരായ്മ പരിഹരിക്കുന്നതിനൊപ്പം അനാരോഗ്യ പ്രവണതകളില്ലാതാക്കാന്‍ കൂടിയാണ് പുതിയ നീക്കം. മാറ്റം വരുന്നതോടെ സര്‍ക്കാര്‍ വാഹനങ്ങള്‍, 'ഗവണ്‍മെന്റ് ഓഫ് കേരള' ബോര്‍ഡ് ഇല്ലെങ്കിലും നമ്പര്‍ നോക്കി തിരിച്ചറിയാന്‍ സാധിക്കും. നിലവില്‍ ഏകീകൃത നമ്പര്‍ സംവിധാനം ഉള്ളത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് (കെഎല്‍ 15).

Related Articles
Next Story
Videos
Share it