കേരള പ്ലാന്റേഷന്‍ എക്‌സ്‌പോയും ബി2ബി മീറ്റും കൊച്ചിയില്‍

കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എക്‌സ്‌പോയില്‍ സൗജന്യ സ്റ്റാള്‍ സൗകര്യവും
കേരള പ്ലാന്റേഷന്‍ എക്‌സ്‌പോയും ബി2ബി മീറ്റും കൊച്ചിയില്‍
Published on

തോട്ടം മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണി വ്യാപകമാക്കാനും  ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന കേരള പ്ലാന്റേഷന്‍ എക്‌സ്‌പോ കൊച്ചിയില്‍ നടക്കുന്നു. ജനുവരി 20ന് ആരംഭിക്കുന്ന എക്‌സ്‌പോ 22 വരെയാണുണ്ടാകുക.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ എക്‌സ്‌പോയ്‌ക്കൊപ്പം ബിസിനസ് ടു ബിസിനസ് (B2B) മീറ്റും സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാന്റേഷൻ മേഖലയിലുള്ളവർക്ക് ഈ മീറ്റിൽ പങ്കെടുക്കാം. 

പ്ലാന്റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്ലാന്റേഷന്‍ ടൂറിസം ഉള്‍പ്പെടെയുള്ള സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ എക്‌സ്‌പോയിലൂണ്ടാകും. മന്ത്രി പി.രാജീവ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. 

ഹൈബി ഈഡന്‍ എം പി, മേയര്‍ എം അനില്‍കുമാര്‍, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വാണിജ്യ-വ്യവസായവകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാകളക്ടര്‍ എന്‍ എസ് കെ ഉമേഷ്, കോഫി ബോര്‍ഡ് സെക്രട്ടറി കെ ജി ജഗദീഷാ, സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍, റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം വസന്തഗേശന്‍, ടീ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുത്തുകുമാരന്‍, പ്ലാന്‍റേഷന്‍ സംഘടനാ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്ലാന്റേഷനുകള്‍, തോട്ടം ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിതരണക്കാര്‍, തോട്ടം മേഖലയിലെ സേവന ദാതാക്കള്‍, തോട്ടം മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സ്റ്റാളുകളും തോട്ടം മേഖലയിലെ മൂല്യവര്‍ധന പ്രവര്‍ത്തനങ്ങളുടെ തത്സമയ അവതരണവും ഇതോടൊപ്പമുണ്ടാകും.

രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം നടക്കുക. എക്‌സ്‌പോയിലെ സ്റ്റാളുകള്‍ തോട്ടം മേഖലയിലുള്ളവര്‍ക്ക് സൗജന്യമായി ലഭിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: https://plantations.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

പ്രവേശനം സൗജന്യം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com