

മോദി കെയര്‍ എന്ന പേരില്‍ പ്രശസ്തമായ ആയുഷ്മാന്‍ ഭാരത് - പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി - പി.എം.ജെ.എ.വൈ)യില്‍ നിന്നും സ്വകാര്യ ആശുപത്രികളുടെ കൊഴിഞ്ഞുപോക്ക്. പദ്ധതി തുടങ്ങിയതിന് ശേഷം രാജ്യത്താകെ 609 സ്വകാര്യ ആശുപത്രികളാണ് ഇതില്‍ നിന്ന് മാറിയത്. 233 ആശുപത്രികള്‍ ഒഴിവായ ഗുജറാത്താണ് പട്ടികയില്‍ ഒന്നാമത്. 146 ആശുപത്രികളുമായി കേരളം രണ്ടാമതും 83 എണ്ണവുമായി മഹാരാഷ്ട്ര മൂന്നാമതുമാണ്. രാജ്യസഭയില്‍ കേന്ദ്രആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ഇക്കാര്യം അറിയിച്ചത്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയില്‍ നിലവില്‍ 31,805 ആശുപത്രികളാണ് എംപാനല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 14,394 എണ്ണവും സ്വകാര്യ മേഖലയിലാണെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പി.എം.ജെ.എ.വൈ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് മിക്ക ആശുപത്രികളും ഇതില്‍ നിന്നും മാറിനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ റീഇംപേഴ്‌സ്‌മെന്റ് റേറ്റ് ചൂണ്ടിക്കാട്ടിയാണ് പല കോര്‍പറേറ്റ് ആശുപത്രികളും പദ്ധതിയോട് മുഖം തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട തുക വൈകുന്നതും കുറഞ്ഞ റീഇംപേഴ്‌സ്‌മെന്റ് നിരക്കും ആശുപത്രികളുടെ സാമ്പത്തിക നിലനില്‍പ്പിനെ ബാധിക്കാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ചില രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികിത്സ നല്‍കിയാല്‍ മതിയെന്ന നിബന്ധനയും സ്വകാര്യ ആശുപത്രികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ആശുപത്രികളുടെ കൊഴിഞ്ഞുപോക്കിന് ആരോഗ്യമന്ത്രാലയം മറ്റ് പല കാരണങ്ങളുമാണ് ഉന്നയിക്കുന്നത്. പട്ടികയിലുണ്ടായിരുന്ന പല ആശുപത്രികളും കൊവിഡ് കാലത്തേക്ക് വേണ്ടി മാത്രമാണ് പദ്ധതിയില്‍ അംഗമായത്. ഇതിനിടയില്‍ പല ആശുപത്രികളും പൂട്ടിപ്പോയി. ആശുപത്രിയുടെ നടത്തിപ്പുകാര്‍ മാറിയത്, ആശുപത്രി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയത്, വിദഗ്ധ ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് ജീവനക്കാരുടെയും കുറവ് എന്നീ കാരണങ്ങളും ആരോഗ്യ മന്ത്രാലയം നിരത്തുന്നു.
അതേസമയം, പദ്ധതിയില്‍ നിന്ന് ഒഴിഞ്ഞത് സര്‍ക്കാര്‍ തലത്തിലെ അനാസ്ഥ മൂലമാണെന്ന് ആശുപത്രികളുടെ സംഘടനകള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതലുള്ള 40 കോടി രൂപ നല്‍കാനുണ്ടെന്ന് കാട്ടി പി.എം.എ.ജെ.വൈ വഴിയുള്ള ചികിത്സ നിറുത്തുകയാണെന്ന് അടുത്തിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) രാജസ്ഥാന്‍ ഘടകം അറിയിച്ചിരുന്നു. സമാനമായ ആരോപണവുമായി പഞ്ചാബ്, ജമ്മു ആന്‍ഡ് കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഐ.എം.എ ഘടകങ്ങളും രംഗത്തുവന്നതായും റിപ്പോര്‍ട്ടില്‍ തുടരുന്നു. പി.എം.ജെ.എ.വൈ പദ്ധതി വഴിയുള്ള ചികിത്സക്ക് നല്‍കുന്ന തുക കുറവാണെന്ന് കാട്ടി ഇന്ന് മുതല്‍ ഗുജറാത്തിലെ ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പല ചികിത്സയുടെയും നിരക്ക് 2015 മുതല്‍ മാറ്റമില്ലാതെ തുടരുകയാണെന്നും ഇത് കൃത്യമായ ചികിത്സ നല്‍കുന്നതിന് തടസമാണെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെന്ന പേരില്‍ 2018ല്‍ അവതരിപ്പിച്ച പദ്ധതി വഴി ദരിദ്ര വിഭാഗത്തില്‍ പെട്ട 10.74 കോടി കുടുംബങ്ങള്‍ക്കായിരുന്നു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിരുന്നത്. പിന്നീട് 2011ല്‍ ഇത് 12.34 കോടി കുടുംബങ്ങളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ കൊല്ലം 37 ലക്ഷം വരുന്ന ആശ പ്രവര്‍ത്തകരെയും അംഗന്‍വാടി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കി. 70 വയസ് കഴിഞ്ഞ 6 കോടി മുതിര്‍ന്ന പൗരന്മാരെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
എന്നാല്‍ കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കിയത് ചെറുകിട സ്വകാര്യ ആശുപത്രികളുടെ ഭാരം വര്‍ധിപ്പിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികള്‍ കൂടുതല്‍ രോഗികളെ സൗജന്യ നിരക്കില്‍ ചികിത്സിക്കേണ്ടി വന്നത് കാര്യങ്ങള്‍ വഷളാക്കി. ആദ്യഘട്ടത്തില്‍ ആകെ രോഗികളുടെ 30 ശതമാനം പി.എം.ജെ.എ.വൈ വഴിയും ബാക്കി സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സോ പണം നല്‍കിയോ ചികിത്സിക്കുന്നവരോ ആയിരുന്നു. എന്നാല്‍ നിലവില്‍ 70 ശതമാനം രോഗികളും പി.എം.ജെ.എ.വൈ ഉപയോഗിക്കുന്നവരാണ്. ഇത് ആശുപത്രികളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിച്ചു. ചികിത്സിച്ച പണം കൃത്യസമയത്ത് ലഭിക്കാതെ വന്നത് സാമ്പത്തിക ഭാരം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയെപ്പറ്റി നിരന്തരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി പഠനം നടത്താന്‍ നീതിആയോഗ് അംഗം ഡോ.വി.കെ പോളിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ കഴിഞ്ഞ വര്‍ഷം നിയോഗിച്ചിരുന്നു. പദ്ധതിയുടെ സാമ്പത്തിക വശങ്ങള്‍ അടക്കം പരിശോധിക്കാനായിരുന്നു കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ നടത്തിപ്പില്‍ സുതാര്യത വേണമെന്നും ചികിത്സക്ക് ചെലവായ പണം ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ പലിശ ഈടാക്കണമെന്നും അടക്കമുള്ള കാര്യങ്ങള്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ കമ്മിറ്റിക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അധികം വൈകാതെ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം.
Read DhanamOnline in English
Subscribe to Dhanam Magazine