പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ₹3.5 ലക്ഷത്തോളം ശമ്പളം വേണം, പരിഗണിക്കാമെന്ന് സര്‍ക്കാര്‍

സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷന്റെ (പി.എസ്.സി) ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇത് സംബന്ധിച്ച് പി.എസ്.സി നല്‍കിയ കത്ത് പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 2016 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌ക്കരണം നടത്തണമെന്ന് കാട്ടി പി.എസ്.സി നല്‍കിയ കത്തും സര്‍ക്കാര്‍ സഭയില്‍ വച്ചു.

പി.എസ്.സി ആവശ്യം ഇങ്ങനെ

സ്റ്റേറ്റ് ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നടപ്പിലാക്കിയ ശമ്പള പരിഷ്‌കാരം ചെയര്‍മാനും അംഗങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് പി.എസ്.സി ആവശ്യം. 2006ലെ ശമ്പള പരിഷ്‌കരണത്തില്‍ ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായും അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലെ പരമാവധി തുകയ്ക്ക് തുല്യമായുമാണ് നിശ്ചയിച്ചത്. നിലവില്‍ ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. എല്ലാ അലവന്‍സുകളും ചേര്‍ത്ത് 2.26 ലക്ഷം രൂപ മാസ ശമ്പളം ലഭിക്കും. ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കിയാല്‍ ചെയര്‍മാന്റെ മാസശമ്പളം മൂന്നര ലക്ഷം രൂപയോളമാകുമെന്നാണ് റിപ്പോര്‍ട്ട്.

2016 മുതല്‍ മുന്‍കാല പ്രാബല്യം

ഇതിന് പുറമെ അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയില്‍ നിന്നും 2,19,090 രൂപയാക്കണം, വീടിന്റെ വാടക അലവന്‍സ് 10,000 രൂപയില്‍ നിന്നും 35,000 രൂപയാക്കണം, യാത്രാബത്ത 5,000 രൂപയില്‍ നിന്നും 10,000 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ശമ്പളത്തിന് പുറമെ പെന്‍ഷന്‍, യാത്രാ ബത്ത, കാര്‍ വാങ്ങാന്‍ പലിശ രഹിത വായ്പ, ഔദ്യോഗിക വസതി, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള പേഴ്‌സണല്‍ സ്റ്റാഫ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാണ്. സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും ഇവര്‍ക്കുള്ള ശമ്പളം നല്‍കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. 2016 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയേ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാനാവൂ. 35 കോടിയോളം രൂപ ഇതിനായി മാത്രം അധികം വേണ്ടി വരുമെന്നാണ് കണക്ക്.

ആളെ നിറച്ച് പി.എസ്.സി

ചെയര്‍മാനുള്‍പ്പെടെ 21 അംഗങ്ങളാണ് പി.എസ്.സിക്ക് ആകെയുള്ളത്. ഇതില്‍ രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പി.എസ്.സി അംഗങ്ങളുള്ളത് കേരളത്തിലാണ്. കേരളത്തിന് ഇത്രയും പി.എസ്.സി അംഗങ്ങളുടെ ആവശ്യമില്ലെന്ന് കാട്ടി കേരള പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്. 1982ല്‍ 9 അംഗങ്ങള്‍ മാത്രമാണ് പി.എസ്.സിയ്ക്കുണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ അംഗങ്ങളുടെ എണ്ണം 13 ആയും 15 ആയും വര്‍ധിപ്പിച്ചു. 2005ല്‍ ഇത് 18 ആക്കി ഉയര്‍ത്തി. 2013ലാണ് ഇപ്പോഴത്തെ രീതിയില്‍ അംഗങ്ങളുടെ എണ്ണം 21 ആക്കിയത്. അംഗങ്ങളില്‍ പകുതി പേരെ 10 വര്‍ഷം സര്‍വീസ് ഉള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. ബാക്കിയുള്ളവരുടേത് രാഷ്ട്രീയ നിയമനമാണ്.

നിയമിക്കുന്നതിലും മുന്നില്‍

അതേസമയം, ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടെന്ന പേരുദോഷമുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശിപാര്‍ശ നല്‍കുന്നതിലും കേരള പി.എസ്.സി മുന്നിലാണ്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തുവന്ന യു.പി.എസ്.സി റിപ്പോര്‍ട്ട് പ്രകാരം 2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെ 27 സംസ്ഥാന പി.എസ്.സികള്‍ നടത്തിയ 66,888 നിയമനങ്ങളില്‍ 28,730 എണ്ണവും നടന്നത് കേരളത്തിലാണ്. ഏതാണ്ട് 42.95 ശതമാനം.
Related Articles
Next Story
Videos
Share it