

പ്രകൃതിദത്ത റബറിന്റെ ആവശ്യകത ഉയരുകയും ലഭ്യത ചുരുങ്ങുകയും ചെയ്തതോടെ സംസ്ഥാനത്ത് റബര്‍ വില കുതിച്ചുയരുന്നു. റബര്‍ ബോര്‍ഡ് നിലവാരമനുസരിച്ച് കിലോഗ്രാമിന് 298 രൂപയാണെങ്കിലും വ്യാപാരികള്‍ 300-306 നിരക്കിലാണ് ചരക്ക് ശേഖരിക്കുന്നത്. ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ആഗോള വിപണിയില്‍ റബറിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ 2026ന്റെ അവസാന പാദത്തിലും വില ഉയര്‍ന്നുനില്‍ക്കുമെന്നാണ് പ്രധാന ഉത്പാദക രാജ്യമായ തായ്ലന്ഡിലെ റബര്‍ അതോറിറ്റിയുടെ വിലയിരുത്തല്‍. ചില ഘട്ടങ്ങളില്‍ വില ഇനിയും വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും അതോറിറ്റി ആക്ടിംഗ് ഗവര്‍ണര്‍ സന്സന സുരിയോദിന് വ്യക്തമാക്കുന്നു.
ആഗോള വിപണിയില്‍ ലഭ്യത കുറയുകയും വില ഉയര്‍ന്നുനില്‍ക്കുകയും ചെയ്താല്‍ ഇന്ത്യന്‍ വിപണിയിലും വിലയ്ക്ക് പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ടയര്‍ നിര്‍മാണ മേഖലയിലെ ആവശ്യകത ശക്തമായി തുടരുന്നത് വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
തായ്ലന്ഡില് സ്വാഭാവിക റബര്‍ വില പത്തുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. കാലാവസ്ഥ വ്യതിയാനം മൂലം തായ്ലന്ഡില് ഉല്പാദനത്തില് വലിയ ഇടിവുണ്ട്. വരുംവര്‍ഷങ്ങളിലും ഉല്പാദനം കുറഞ്ഞ നിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍.
മുന്‍കാലങ്ങളില്‍ റബര്‍ വില പിടിച്ചുനിര്‍ത്താന്‍ ടയര്‍ കമ്പനികള്‍ക്ക് ഇറക്കുമതിയായിരുന്നു ആശ്രയം. ആഭ്യന്തര വില കൂടി നില്ക്കുമ്പോള് ഇറക്കുമതി വര്‍ധിപ്പിക്കും. അതുവഴി വിപണിയിലെ ആവശ്യകത കുറച്ചുകൊണ്ടുവരും. എന്നാല്‍ ഇത്തവണ ഈ നീക്കം നടക്കില്ല. കണ്ടെയ്നര്‍ ലഭ്യത കുറഞ്ഞതും കപ്പല്‍ കടത്തുകൂലി ഇരട്ടിയിലധികം വര്‍ധിച്ചതുമാണ് കാരണം. മാത്രമല്ല, ചരക്കു ലഭ്യതയും വിദേശത്ത് കുറവാണ്.
റബര്‍ വില ഉയര്‍ന്നതോടെ കൂടിയ വിലയ്ക്ക് ചരക്ക് ശേഖരിക്കാന്‍ ടയര്‍ കമ്പനികളും നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രമുഖ ടയര്‍ കമ്പനികളുടെ വരുമാനം കൂടിയെങ്കിലും ചെലവും അതിനനുസരിച്ച് ഉയര്‍ന്നതോടെ ലാഭത്തില്‍ ഇടിവുണ്ടായി.
വില റെക്കോഡ് ഉയരത്തിലാണെങ്കിലും കര്‍ഷകര്‍ അത്ര ഹാപ്പിയല്ല. ഉത്പാദനം പകുതിയായി ചുരുങ്ങിയതാണ് കാരണം. മുന്‍കാലങ്ങളില്‍ നല്ല തോതില്‍ പാല് ലഭിച്ചിരുന്ന തോട്ടങ്ങളില്‍ പോലും ചൂട് കാരണം ഉത്പാദനം ചുരുങ്ങി. എല്‍നീനോ പ്രതിഭാസമാണ് പാല് ഉത്പാദനം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ അവസാനം വരെ വില ഉയര്‍ന്ന തലത്തില്‍ നില്‍ക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine