റബര്‍ വില ₹300ലേക്ക്? മഴയില്‍ ടാപ്പിംഗ് മുടങ്ങി; ചരക്കുതേടി ടയര്‍ കമ്പനികള്‍

ഇപ്പോഴത്തെ അവസ്ഥയില്‍ ആഭ്യന്തര വില 300 കടന്നാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് റബര്‍ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ നല്‍കുന്ന സൂചന
റബര്‍ വില ₹300ലേക്ക്? മഴയില്‍ ടാപ്പിംഗ് മുടങ്ങി; ചരക്കുതേടി ടയര്‍ കമ്പനികള്‍
Published on: 

അപ്രതീക്ഷിത മഴയില്‍ കേരളത്തിലെ തോട്ടങ്ങളില്‍ റബര്‍ ഉത്പാദനം തടസപ്പെട്ടതോടെ സംസ്ഥാനത്ത് വില ഉയരുന്നു. ആര്‍എസ്എസ്4 ഗ്രേഡിന് കിലോഗ്രാമിന് 289 രൂപയാണ് റബര്‍ ബോര്‍ഡ് വില. ടയര്‍ കമ്പനികള്‍ പ്രതിസന്ധി മുന്നില്‍ കണ്ട് രംഗത്തിറങ്ങിയതോടെ വ്യാപാരികള്‍ റബര്‍ ബോര്‍ഡ് വിലയിലും കൂടിയ നിരക്കിലാണ് ചരക്ക് ശേഖരിക്കുന്നത്.

രാജ്യാന്തര വില നിലവില്‍ കിലോഗ്രാമിന് 272 രൂപയാണ്. തായ്‌ലന്‍ഡ് ഉള്‍പ്പെടെ പ്രമുഖ ഉത്പാദക രാജ്യങ്ങളിലെല്ലാം ഉത്പാദനം താഴ്ന്ന നിലയിലാണ്. അതുകൊണ്ട് തന്നെ വില വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലടക്കം പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നതും പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതും റബര്‍ മേഖലയ്ക്ക് ഭീഷണിയാണ്.

മഴ തിരിച്ചടിയായി, കര്‍ഷകര്‍ക്ക് നിരാശ

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി മഴ ശക്തിപ്പെട്ട അവസ്ഥയിലാണ്. മഴമറ സ്ഥാപിക്കാത്ത തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിരിക്കുകയാണ്. സാധാരണ ഈ സമയത്ത് ഉത്പാദനം ഉയര്‍ന്നു നില്‍ക്കുന്നതാണ്. അപ്രതീക്ഷിത മഴയെത്തിയതോടെ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. ചരക്ക് വരവ് കുറഞ്ഞതോടെ വ്യാപാരികള്‍ ടയര്‍ കമ്പനികളുടെ നിര്‍ദ്ദേശപ്രകാരം വില ഉയര്‍ത്തിയാണ് റബര്‍ ശേഖരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ആഭ്യന്തര വില ഉയരുമ്പോള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതായിരുന്നു ടയര്‍ കമ്പനികളുടെ രീതി. എന്നാല്‍, കണ്ടെയ്‌നര്‍ ക്ഷാമവും കപ്പല്‍ നിരക്കുകള്‍ ഉയര്‍ന്നതും ഇറക്കുമതി കൂടുതല്‍ ചെലവേറിയതാക്കി. അതുകൊണ്ട് തന്നെ ഇറക്കുമതി നടത്തി പ്രതിസന്ധി പരിഹരിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാതായിരിക്കുന്നു.

വില 300 കടക്കുമോ?

ഇപ്പോഴത്തെ അവസ്ഥയില്‍ ആഭ്യന്തര വില 300 കടന്നാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് റബര്‍ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ നല്‍കുന്ന സൂചന. ചരക്കു ലഭ്യതയില്‍ വലിയ കുറവുണ്ട്. എല്‍നീനോ പ്രതിഭാസം റബര്‍ ഉത്പാദനത്തിന് വലിയ ഭീഷണിയായിട്ടുണ്ട്. അതിനൊപ്പം ടാപ്പിംഗ് കൂടി തടസപ്പെടുന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.

```html ```
logo
DhanamOnline
dhanamonline.com