

മഴ മാറി മാനം തെളിഞ്ഞതോടെ കേരളത്തില്‍ റബര്‍ ഉത്പാദനം വര്‍ധിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്നതിനാല്‍ ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് തുടങ്ങുമെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.
നിലവില്‍ ഒരു കിലോഗ്രാം ആര്‍എസ്എസ്-4 ഷീറ്റിന്റെ വില 272 രൂപയാണ്. അതേസമയം, രാജ്യാന്തര വില 261 രൂപയാണ്. കിലോഗ്രാമിന് 10 രൂപയ്ക്കടുത്ത് കുറവാണെങ്കിലും ഇറക്കുമതി ടയര്‍ കമ്പനികള്‍ക്ക് അത്ര ലാഭകരമല്ല. കണ്ടെയ്‌നര്‍ ക്ഷാമവും ഇറക്കുമതി ചെലവ് ഉയര്‍ന്നു നില്ക്കുന്നതുമാണ് കാരണം. ഉത്പാദനം കൂടുന്നതോടെ ആവശ്യത്തിന് ചരക്ക് വിപണിയിലെത്തുമെന്നും വില കുറയുമെന്നുമാണ് ടയര്‍ കമ്പനികളുടെ പ്രതീക്ഷ.
കാലങ്ങളായി അടച്ചിട്ടിരുന്ന തോട്ടങ്ങള്‍ പോലും തുറന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങളും ഗ്രാമീണ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. റബറിനെ കേന്ദ്രീകരിച്ചുള്ള മേഖലകളില്‍ ഉണര്‍വ് പ്രകടമാണ്. റബര്‍ വില കൂടിയതോടെ മെച്ചപ്പെട്ട കൂലി കിട്ടുന്നതും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെട്ടതുമാണ് കാരണം. വില ഉയര്‍ന്നു നില്ക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ തോട്ടങ്ങള്‍ കരാറിന് എടുക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
പ്രധാന ഉല്‍പാദക രാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥയും ടാപ്പിംഗ് തടസങ്ങളും ലഭ്യത പരിമിതപ്പെടുത്തിയതാണ് ആഗോള തലത്തില്‍ വിലയ്ക്ക് കരുത്താകുന്നത്. ലോകത്തിലെ ഏറ്റവും വലിയ റബര്‍ ഉപഭോക്താവായ ചൈനയില്‍നിന്നുള്ള ആവശ്യകത മെച്ചപ്പെട്ടതും വാഹന-ടയര്‍ വ്യവസായത്തിലെ ഡിമാന്‍ഡും വിപണിക്ക് പിന്തുണ നല്‍കുന്നു.
ഉല്‍പാദനം വര്‍ധിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആവശ്യകതയ്ക്കനുസരിച്ച് വിതരണം ഉയരാത്ത സാഹചര്യം തുടര്‍ന്നാല്‍ രാജ്യാന്തര വില സമീപഭാവിയിലും ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യത. ക്രൂഡ്ഓയില്‍ വില ഉയര്‍ന്നു നില്ക്കുന്നതിനാല്‍ സിന്തറ്റിക് റബര്‍ ഉത്പാദനം ലാഭകരമല്ല. ഇതും വിലയെ സ്വാധീനിക്കുന്നു.
ഇന്ത്യയില്‍ നിന്നുള്ള ടയര്‍ കയറ്റുമതി 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 16 ശതമാനം വളര്‍ന്ന് 7,700 കോടിയിലെത്തി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് (ATMA) ഇക്കാര്യം അറിയിച്ചത്.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, വിതരണശൃംഖലയിലെ തടസങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെയും ചരക്കുനീക്കത്തിന്റെയും ചെലവ് വര്‍ധന എന്നിവയ്ക്കിടയിലും ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മികച്ച വളര്‍ച്ചയാണ് നേടിയത്.
Read DhanamOnline in English
Subscribe to Dhanam Magazine