

ക്ഷാമകാലത്ത് റബര്‍വിലയില്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ റബര്‍ കര്‍ഷകര്‍. വില ചെറുതായി കൂടുന്നത് കണ്ട് ചരക്ക് വിറ്റഴിക്കാതെ കാത്തിരുന്നവരെയും നിരാശരാക്കി റബര്‍വില പക്ഷേ ഇടിയുകയാണ്. ആഭ്യന്തര വില ഈ മാസം ആദ്യം 200 കടന്നെങ്കിലും ഇപ്പോള്‍ 194-196 റേഞ്ചിലാണ്. ടയര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വേനല്‍മഴ കൂടുതല്‍ കിട്ടിയത് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ചെറുകിട തോട്ടങ്ങളില്‍ വേനല്‍ ടാപ്പിംഗ് സജീവമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയങ്ങളില്‍ ടാപ്പിംഗ് നിലച്ച മട്ടായിരുന്നു. വേനലില്‍ വില കൂടിയേക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ ടാപ്പിംഗ് പൂര്‍ണമായി നിര്‍ത്തിയിരുന്നില്ല. പ്രതീക്ഷിച്ചതു പോലെ വില ഉയരാത്തത് കര്‍ഷകരെയും നിരാശയിലാഴ്ത്തിയിട്ടുണ്ട്.
ചരക്കിന് കാര്യമായ ഡിമാന്‍ഡ് ഇല്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇതായിരുന്നില്ല സ്ഥിതി. ഇറക്കുമതി സാധ്യത കൂടിയതാണ് ഡിമാന്‍ഡ് കുറയാനുള്ള കാരണമെന്നാണ് വ്യാപാരികളും പറയുന്നത്.
നിലവില്‍ രാജ്യാന്തര വില കിലോയ്ക്ക് 192 രൂപയാണ്. ബാങ്കോക്ക് വിലയാണിത്. അതായത് കേരളത്തിലേക്കാള്‍ 5 രൂപയ്ക്കടുത്ത് കുറവ്. രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുന്നതാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് എപ്പോഴും നല്ലത്. രാജ്യാന്തര വില താഴ്ന്നു നില്‍ക്കുമ്പോള്‍ ഇറക്കുമതി വര്‍ധിക്കും. ആഭ്യന്തര വിലയേക്കാള്‍ 30 രൂപ വരെ കൂടി നില്‍ക്കുന്ന സമയത്തും ഇറക്കുമതി ടയര്‍ കമ്പനികള്‍ക്ക് ലാഭമാണ്.
ഇപ്പോഴത്തെ അവസ്ഥയില്‍ ഇറക്കുമതിയിലൂടെ ആഭ്യന്തര വിലയിടിക്കാന്‍ ടയര്‍ കമ്പനികള്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. വിപണിയില്‍ നിന്ന് ടയര്‍ കമ്പനികള്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. വില ഉയര്‍ന്നില്ലെങ്കില്‍ മഴക്കാലത്ത് റെയിന്‍ഗാര്‍ഡ് ഘടിപ്പിച്ചുള്ള ടാപ്പിംഗിന് കുറവു വരാന്‍ സാധ്യതയുണ്ട്. ഇത് ചരക്കു വരവ് ഇടിയാന്‍ കാരണമാകും.
Read DhanamOnline in English
Subscribe to Dhanam Magazine