റബര്‍ ഉത്പാദനം നാലിലൊന്നായി കുറഞ്ഞു; ടാപ്പിംഗ് ഇടവേള കൂട്ടി കര്‍ഷകര്‍, ആശങ്കയില്‍ ടയര്‍ കമ്പനികള്‍

കേരളത്തില്‍ മാത്രമല്ല കാലാവസ്ഥ വ്യതിയാനം റബറിന് പ്രശ്‌നം സൃഷ്ടിക്കുന്നത്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെല്ലാം ഉത്പാദനം ഇത്തവണ വന്‍തോതില്‍ ഇടിഞ്ഞേക്കും
റബര്‍ ഉത്പാദനം നാലിലൊന്നായി കുറഞ്ഞു; ടാപ്പിംഗ് ഇടവേള കൂട്ടി കര്‍ഷകര്‍, ആശങ്കയില്‍ ടയര്‍ കമ്പനികള്‍
Published on: 

സംസ്ഥാനത്ത് റബര്‍ ഉത്പാദനത്തില്‍ വന്‍ ഇടിവ്. മികച്ച വില കാരണം പല തോട്ടങ്ങളിലും ടാപ്പിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍, കടുത്ത ചൂട് മൂലം ടാപ്പിംഗ് പലയിടത്തും തടസപ്പെടുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൂട് ഇത്തവണ കൂടുതലാണ്. അതുകൊണ്ട് തന്നെ പാല്‍ ഉത്പാദനം ഉത്പാദനം നാലിലൊന്നായി കുറഞ്ഞു.

വലിയ തുകയ്ക്ക് തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരെ ഉള്‍പ്പെടെ ഉത്പാദനക്കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനുള്ള ഉത്പാദനം പോലും നടക്കുന്നില്ലെന്നാണ് തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവര്‍ പറയുന്നത്. റബര്‍ വില റെക്കോഡിലെത്തിയപ്പോള്‍ തൊഴിലാളികള്‍ കൂലി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അതിനനുസരിച്ച് ഉത്പാദനം കൂടിയതുമില്ല.

ആഗോള ഉത്പാദനം ഇടിയും

കേരളത്തില്‍ മാത്രമല്ല കാലാവസ്ഥ വ്യതിയാനം റബറിന് പ്രശ്‌നം സൃഷ്ടിക്കുന്നത്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെല്ലാം ഉത്പാദനം ഇത്തവണ വന്‍തോതില്‍ ഇടിഞ്ഞേക്കും. മുന്‍വര്‍ഷങ്ങളേക്കാള്‍ ഇവിടങ്ങളിലെല്ലാം ഉത്പാദനം താഴ്ന്നിട്ടുണ്ട്. ആവശ്യത്തിന് ചരക്ക് കിട്ടാനില്ലാത്തതിനാല്‍ വിലയില്‍ വലിയ ഇടിവുണ്ടാകില്ലെന്നാണ് റബര്‍ മേഖലയിലുള്ളവര്‍ പറയുന്നത്.

ടയര്‍ കമ്പനികള്‍ക്ക് ആശങ്ക

റബര്‍ ഉത്പാദനം ഇടിയുമെന്ന റിപ്പോര്‍ട്ടുകള്‍ ടയര്‍ കമ്പനികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഡിമാന്‍ഡ് വര്‍ധിച്ചാല്‍ റബറിന്റെ വില ഇനിയും ഉയരും. ഇത് ടയര്‍ കമ്പനികളുടെ ചെലവ് ഉയര്‍ത്തും. ടയര്‍ നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവാണ് റബര്‍. ഉത്പാദനം കുറയുമെന്ന സൂചനകള്‍ വന്നതോടെ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് വലിയ തോതില്‍ ചരക്ക് ശേഖരിക്കുന്നുണ്ട്.

യുദ്ധംമൂലം കണ്ടെയ്‌നര്‍ ലഭ്യതയില്‍ അടക്കം തടസം നേരിടുന്നുണ്ട്. മാത്രമല്ല കപ്പല്‍ വാടകയും വര്‍ധിച്ചു. ഇറക്കുമതിയിലൂടെ പ്രതിസന്ധി പരിഹരിക്കുന്ന ടയര്‍ കമ്പനികളുടെ മുന്‍കാല മാതൃകകള്‍ ഇത്തവണ ഫലിക്കാത്തതിന് കാരണവും ഇതുതന്നെ.

റബര്‍ വില ഉയര്‍ന്നുതന്നെ

ആഗോളതലത്തില്‍ ആര്‍എസ്എസ്1 ഗ്രേഡിന്റ വില കിലോഗ്രാമിന് 272 രൂപയാണ്. ആര്‍എസ്എസ്4ന് 268 രൂപയും. ആഭ്യന്തര വില നിലനില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ആര്‍എസ്എസ്4 കിലോഗ്രാമിന് 280 രൂപയാണ്. ചരക്ക് ക്ഷാമം റിപ്പോര്‍ട്ട് ചെയ്തതോടെ ചിലയിടങ്ങളില്‍ കിലോയ്ക്ക് 4-7 രൂപ വരെ അധികം നല്‍കി ചരക്ക് ശേഖരിക്കാന്‍ വ്യാപാരികള്‍ തയാറാകുന്നുണ്ട്. ടയര്‍ കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com