Begin typing your search above and press return to search.
സിക്കിം ലോട്ടറി വേണ്ടേ വേണ്ട, വിവാദം ഭയന്ന് കേരള സര്‍ക്കാര്‍
കേരളത്തില്‍ വീണ്ടും ചുവടുറപ്പിക്കാന്‍ അന്തര്‍സംസ്ഥാന ലോട്ടറി മാഫിയ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. ലോട്ടറി വില്‍പ്പനയ്ക്കുള്ള അനുമതി ലഭിക്കാന്‍ ലാഭവിഹിതത്തില്‍ നിന്നും പകുതി വാഗ്ദാനം ചെയ്ത് കേരളത്തെ സിക്കിം സര്‍ക്കാര്‍ സമീപിച്ചു. എന്നാല്‍ രാഷ്ട്രീയപരമായ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിനാലും ലോട്ടറി തട്ടിപ്പിനെതിരെയുള്ള അന്വേഷണം നടക്കുന്നതിനാലും അനുമതി നല്‍കാനാവില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം കേരളം ഔദ്യോഗികമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
കേന്ദ്രനിയമങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് സിക്കിം ലോട്ടറി വില്‍പ്പന നിരോധിച്ചത്. സിക്കിം ലോട്ടറി അച്ചടിച്ചിരുന്നത് ശിവകാശിയിലെ ഒരു സാധാരണ പ്രസിലായിരുന്നുവെന്നും അനധികൃതമായി ലോട്ടറി വില്‍പ്പന നടക്കാറുണ്ടെന്നും അന്ന് കണ്ടെത്തിയിരുന്നു. കേരളത്തില്‍ നിന്നും 80,000 കോടി രൂപ ഇതര സംസ്ഥാന ലോട്ടറി മാഫിയ കടത്തിക്കൊണ്ട് പോയെന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലോട്ടറി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുകയും ചെയ്തു. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട 32 കേസുകള്‍ നിലവില്‍ സി.ബി.ഐ അന്വേഷണത്തിലാണ്. ചിലതില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചിലത് അന്വേഷണത്തിന്റെ പരിധിയിലുമാണ്.
അതേസമയം, ജി.എസ്.ടി വന്നതോടെ ഫെഡറല്‍ നിയമപ്രകാരം കേരളത്തില്‍ ലോട്ടറി വില്‍പ്പന അനുവദിക്കണമെന്നാണ് സിക്കിം സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യമുന്നയിച്ച് സിക്കിം പല തവണ കേന്ദ്രആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ലാഭവിഹിതത്തില്‍ നിന്നും പകുതി കേരളവുമായി പങ്കിടാമെന്നാണ് സിക്കിമിന്റെ വാഗ്ദാനം. തുടര്‍ന്നാണ് വിഷയത്തില്‍ കേരളത്തിന്റെ അഭിപ്രായം തേടിയത്.
നിരസിക്കാന്‍ കാരണം രാഷ്ട്രീയവും
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും എല്‍.ഡി.എഫും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. അടുത്തിടെ ഉയര്‍ന്ന ഇലക്ടറല്‍ ബോണ്ട് വിഷയത്തിലും ലോട്ടറിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സിക്കിം ലോട്ടറിക്ക് അനുമതി നല്‍കി അനാവശ്യ രാഷ്ട്രീയ വിവാദം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ആഗ്രഹമില്ല. മാത്രവുമല്ല ലോട്ടറി വരുമാനം മറ്റൊരു സംസ്ഥാനവുമായി പങ്കുവക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഗുണകരമാകില്ലെന്നും സര്‍ക്കാര്‍ കരുതുന്നു.
Next Story
Videos