

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കടുത്ത പ്രതിസന്ധിയെ നേരിടുന്നു. വൈദ്യുത വാഹന വിൽപ്പന 2023 ൽ 75,808 യൂണിറ്റുകളായിരുന്നത് 2024 ൽ 60,345 ആയി കുറഞ്ഞു. ഈ വർഷവും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇ.വി കളുടെ വില്‍പ്പനയില്‍ 11-ാം സ്ഥാനത്താണ് കേരളം.
അപര്യാപ്തമായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ, വാഹനങ്ങളുടെ റേഞ്ച് സംബന്ധിച്ച ഉത്കണ്ഠ, ശക്തമായ സർക്കാർ പ്രോത്സാഹനങ്ങളുടെ അഭാവം, ഇ.വി കള്‍ വാങ്ങുന്നതിനുളള ഉയർന്ന ചെലവ് തുടങ്ങിയ കാരണങ്ങളാണ് വില്‍പ്പനയെ പുറകോട്ടടിക്കുന്നത്.
വൈദ്യുത വാഹനങ്ങളുടെ നികുതി സർക്കാർ വർധിപ്പിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ 0% നികുതി വാഗ്ദാനം ചെയ്യുമ്പോള്‍ കേരളത്തിൽ നികുതി വർധിപ്പിക്കുന്ന സമീപനമാണ് കൈകൊളളുന്നത്.
ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമ്പോഴുളള നടപടിക്രമങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 30 കിലോവാട്ട് സ്റ്റേഷനുകൾക്കുള്ള അനുമതികൾ കെഎസ്ഇബി യില്‍ നിന്ന് താരതമ്യേന വേഗത്തില്‍ ലഭിക്കുന്നുണ്ട്. എന്നാൽ ഉയർന്ന ശേഷിയുള്ള സ്റ്റേഷനുകൾക്ക് കാലതാമസം നേരിടുന്നു. 60 kW ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ട്രാൻസ്ഫോർമറുകൾ ആവശ്യമാണ്. ഇതിനായി 6 ലക്ഷം രൂപയിലധികം അധിക ചെലവ് കണ്ടെത്തേണ്ടി വരും.
ഉയര്‍ന്ന വിലയും ആളുകളെ ഇ.വി കള്‍ വാങ്ങുന്നതില്‍ നിന്ന് പുറകോട്ടടിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് വില. അതേസമയം പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വില ഏകദേശം 4.5 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.
പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമായി ഇലക്ട്രിക് വാഹനങ്ങളുടെ വില എത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്താല്‍ ഇ.വി കളുടെ സ്വീകാര്യതയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.
Kerala sees a decline in electric vehicle sales due to charging infrastructure gaps, high costs, and tax policies.
Read DhanamOnline in English
Subscribe to Dhanam Magazine