ചികിത്സയ്‌ക്കെത്തുന്ന വിദേശികളുടെ വരവില്‍ വര്‍ധന, കഴിഞ്ഞ വര്‍ഷത്തെ വരുമാനം ₹480 കോടി; മെഡിക്കല്‍ ടൂറിസത്തില്‍ കേരള കുതിപ്പ്

ആധുനിക ചികിത്സാ ടൂറിസം വഴി കേരളത്തിന് പ്രതിമാസം ഏകദേശം 40 കോടി രൂപയും ലഭിക്കുന്നു
A girl sitting on beach with a laptop
Image credit: canva, kerala tourism 
Published on

മെഡിക്കല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിക്കുന്ന വരുമാനത്തില്‍ ഓരോ വര്‍ഷവും വര്‍ധന. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ കിട്ടുന്നുവെന്നതാണ് കേരളത്തിലേക്ക് വിദേശ രോഗികള്‍ കൂടുതലായി എത്താനുള്ള കാരണങ്ങളിലൊന്ന്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരെ സ്വീകരിക്കാന്‍ കേരളത്തിന് കഴിയുമെന്ന് അങ്കമാലിയില്‍ സമാപിച്ച കേരള ആരോഗ്യ ടൂറിസം, ആഗോള ആയുര്‍വേദ ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ വ്യക്തമാക്കി.

മെഡിക്കല്‍ വാല്യൂ ട്രാവല്‍ (എം.വി.ടി) മേഖലയില്‍ ലോകമെമ്പാടും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. കേരളം ഈ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഉപയോഗിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഓരോ മാസവും ഏകദേശം 1,500 രോഗികള്‍ ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്നു. ഇതില്‍ നല്ലൊരു പങ്കിനെ കേരളത്തിലേക്ക് ആകര്‍ഷിക്കാമെന്ന് ആര്‍.ജി.എ. റീഇന്‍ഷുറന്‍സ് കമ്പനി മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ഡെന്നിസ് സെബാസ്റ്റ്യന്‍ പറഞ്ഞു.

ആയുര്‍വേദത്തിന് ഡിമാന്‍ഡ്

യു.കെ.യിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ശരാശരി 18 ആഴ്ചയാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടത്. ഈ സാഹചര്യം കേരളത്തിന് ഗുണകരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-ല്‍ ഏകദേശം 7.4 ലക്ഷം വിദേശ പൗരന്മാര്‍ വൈദ്യ-വെല്‍നസ് ആവശ്യങ്ങള്‍ക്കായി കേരളം സന്ദര്‍ശിച്ചു. ഇതില്‍ 60-70% പേരും തിരഞ്ഞെടുത്തത് ആയുര്‍വേദ ചികിത്സയാണ്. 2024-ല്‍ ആയുര്‍വേദ മെഡിക്കല്‍ ടൂറിസം വഴി മാത്രം സംസ്ഥാനത്തിന് 13,500 കോടി രൂപയുടെ വരുമാനം ലഭിച്ചു. മുന്‍വര്‍ഷം ഇത് 10,800 കോടി രൂപയായിരുന്നു.

ആധുനിക ചികിത്സാ ടൂറിസം വഴി കേരളത്തിന് പ്രതിമാസം ഏകദേശം 40 കോടി രൂപയും ലഭിക്കുന്നു. മാലിദ്വീപ്, ഒമാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.വി.ടി.കള്‍ കൂടുതലായി കേരളത്തിലേക്ക് എത്തുന്നുണ്ട്.

ജെ.സി.ഐ., എന്‍.എ.ബി.എച്ച്. അംഗീകാരമുള്ള ഉയര്‍ന്ന നിലവാരമുള്ള ആശുപത്രികള്‍, കുറഞ്ഞ ചികിത്സാ ചെലവ്, ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും തമ്മിലുള്ള സംയോജനം, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്നിവയാണ് കേരളത്തിന്റെ പ്രധാന നേട്ടങ്ങള്‍.

വിശ്വാസ്യതയുള്ള ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളമാണ് മുന്‍പന്തിയിലെന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ടി.പി.എ. സര്‍വീസസ് വൈസ് പ്രസിഡന്റ് ഡോ. സ്വരൂപ് വാസെ പറഞ്ഞു. വിശ്വാസ്യതക്കുറവും സുതാര്യതയില്ലായ്മയുമാണ് ക്ലെയിം തീര്‍പ്പാക്കലില്‍ തടസമുണ്ടാക്കുന്നതെന്ന് ലിവ ഇന്‍ഷുറന്‍സ് മേധാവി ഡോ. സുശാന്ത് കുമാര്‍ പറഞ്ഞു.

ഇതര ചികിത്സാ രീതികളോടുള്ള വര്‍ധിച്ച താല്‍പ്പര്യം കാരണം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവയെ ഇനി ഒഴിവാക്കാനാകില്ലെന്ന് മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബിസിനസ് ഓപ്പറേഷന്‍സ് മേധാവി ഡോ. ആശിഷ് യാദവ് വ്യക്തമാക്കി. ഇതര ചികിത്സാരീതികള്‍ ഭാവിയില്‍ ആശുപത്രി വാസം ഒഴിവാക്കുന്നതിന് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ആയുര്‍വേദം, ആധുനിക വൈദ്യശാസ്ത്രം, ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com