
പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് കടന്നതോടെ ടൂറിസം രംഗത്തും വലിയ മാറ്റം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പകുതിക്ക് ശേഷം കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ മേയില്‍ ആഭ്യന്തര സഞ്ചാരികളുടെ അടക്കം വരവ് കൂടിയിട്ടുണ്ട്.
രാജ്യത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയിരുന്നവര്‍ യാത്ര പുനക്രമീകരിച്ചതാണ് കേരളത്തിന് ഗുണമായത്. മുന്‍ വര്‍ഷങ്ങളില്‍ വേനല്‍ അവധിക്കാലത്ത് ഉത്തരേന്ത്യന്‍ സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞിരുന്നു. കടുത്ത ചൂടായിരുന്നു കാരണം. കശ്മീര്‍, ഷിംല, ഊട്ടി, കൊടൈക്കനാല്‍ അടക്കം തണുപ്പ് കേന്ദ്രങ്ങളിലേക്ക് ഒഴുക്ക് കൂടിയതും കേരളത്തിലെ ടൂറിസത്തിന് തിരിച്ചടിയായി. ഇത്തവണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ ചൂടില്ലാത്ത കാലാവസ്ഥയും ടൂറിസത്തിന് ഗുണമായി.
പാക്കിസ്ഥാന്റെ ആക്രമണഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് കഴിഞ്ഞ വാരം യാത്രക്കാരുടെ വരവിനെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മൂന്നാറിലെ ടൂറിസവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം വന്നത് മൂന്നാറിനും വയനാടിനും ഗുണം ചെയ്തിട്ടുണ്ട്. ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ കേരളം തിരഞ്ഞെടുക്കുന്ന ട്രെന്റ് വര്‍ധിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നും കശ്മീരിലേക്ക് അടുത്തിടെ വലിയ തോതില്‍ സഞ്ചാരി പ്രവാഹമുണ്ടായിരുന്നു. എന്നാല്‍ തീവ്രവാദിയാക്രമണം നടന്നതോടെ എല്ലാ ബുക്കിംഗുകളും റദ്ദാക്കപ്പെട്ടു. ഇത്തരത്തില്‍ യാത്ര മാറ്റിവച്ചവര്‍ പലരും ഇപ്പോള്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അയല്‍സംസ്ഥാനങ്ങളിലേക്കും പ്ലാനിംഗ് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിരവധി ബുക്കിംഗുകള്‍ അവസാന നിമിഷം റദ്ദാക്കപ്പെട്ടിരുന്നു. കനത്ത ചൂടാണ് പലരെയും യാത്ര മാറ്റിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. സമീപകാലത്ത് ഏറ്റവും മോശം വേനല്‍ക്കാല ടൂറിസം സീസണായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.
2018ലെ പ്രളയത്തിനു മുമ്പു വരെ മണ്‍സൂണ്‍ ആസ്വദിക്കുന്നതിനായി നിരവധി സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ പ്രളയവും വയനാട്ടിലെ പ്രകൃതിദുരന്തവും ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കി. ഇത്തവണയെങ്കിലും മണ്‍സൂണ്‍ ഗുണം ചെയ്യുമെന്നാണ് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine