ചെറുകിട കച്ചവടക്കാര്‍ക്ക് തലവേദനയായി മാളുകള്‍ക്കൊപ്പം വഴിയോര കച്ചവടവും; ചെറുകിട വ്യാപാര രംഗത്ത് അടച്ചുപൂട്ടല്‍ വര്‍ധിക്കുന്നു

വാഹനങ്ങളിലും മറ്റും സാധനവുമായെത്തി കച്ചവടം നടത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്
Image : Canva
Image : Canva
Published on

മാളുകളും വഴിയോര വ്യാപാര സ്ഥാപനങ്ങളും കൂണുപോലെ മുളച്ചുപൊന്തിയതോടെ ഇടത്തരം നഗരങ്ങളില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി അടച്ചുപൂട്ടപ്പെടുന്നു. ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ ആയിരക്കണക്കിന് ചെറുകിട വ്യാപാര കേന്ദ്രങ്ങളാണ് ഓരോ വര്‍ഷവും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

പ്രതിസന്ധിക്ക് ആക്കംകൂട്ടി വഴിയോര കച്ചവടക്കാര്‍

ഇടത്തരം സിറ്റികളിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കച്ചടവ സ്ഥാപനങ്ങള്‍ വന്നതും വഴിയോര കച്ചവടം വര്‍ധിച്ചതും ഇതിനു കാരണമാണ്. കോവിഡ് കാലത്താണ് വഴിയോര കച്ചവടം വ്യാപകമാകുന്നത്. വാഹനങ്ങളിലും മറ്റും സാധനവുമായെത്തി കച്ചവടം നടത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.

വാടക കെട്ടിടത്തില്‍ കച്ചവടം നടത്തുന്നവരെ അപേക്ഷിച്ച് വഴിയോര കച്ചവടക്കാര്‍ക്ക് സൗകര്യങ്ങളേറെയാണ്. വാടകയായി വലിയ തുക ഇത്തരം കച്ചവടക്കാര്‍ക്ക് നല്‍കേണ്ടതില്ല. കച്ചവടത്തിന്റെ തോത് അനുസരിച്ച് സ്ഥലങ്ങള്‍ മാറിമാറി പരീക്ഷിക്കാന്‍ ഇത്തരം വഴിയോര കച്ചടവടക്കാര്‍ക്ക് സാധിക്കുന്നു. കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ഒരുപരിധിയില്‍ കൂടുതല്‍ വിലകുറച്ച് വില്‍ക്കാനാകില്ല. എന്നാല്‍ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കുകയെന്ന തന്ത്രമാണ് വഴിയോര കച്ചവടക്കാര്‍ പയറ്റുന്നത്.

ഗ്രാമീണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം

ഗ്രാമീണ മേഖലയില്‍ ഇടത്തരം പലചരക്ക് കടകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് പലചരക്ക് കടകള്‍ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകുന്നത്. എന്നിരുന്നാലും ബിസിനസ് വല്ലാതെ ഇടിഞ്ഞെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓരോ ജംഗ്ഷനിലും വീടുകളോട് ചേര്‍ന്ന് പലചരക്കു കടകള്‍ തുടങ്ങിയതും കുടുംബങ്ങള്‍ കൂടുതലായി മാളുകളിലേക്ക് വാങ്ങല്‍ മാറ്റിയതും പ്രതിസന്ധിക്ക് ആക്കംകൂട്ടി.

മാള്‍ സംസ്‌കാരം

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന മാളുകള്‍ പലതും ഇടത്തരം നഗരങ്ങളിലേക്ക് കൂടി പടര്‍ന്നു കയറുകയാണ്. ഇത്തരം മാള്‍ സംസ്‌കാരത്തിന് പിന്നാലെ ഉപയോക്താക്കളും കൂടിയതോടെ പ്രാദേശിക കച്ചവട സ്ഥാപനങ്ങള്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. മാളുകളില്‍ ഷോപ്പിംഗ് നടത്തുന്നത് അഭിമാനമായി കരുതുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

പ്രാദേശിക കച്ചവടക്കാര്‍ നല്‍കുന്ന വിലയിലും കുറച്ചു സാധനങ്ങള്‍ വില്‍ക്കാന്‍ മാളുകാര്‍ക്ക് തുടക്കത്തില്‍ സാധിക്കുന്നുണ്ട്. ഈ വിലക്കുറവ് വച്ചുള്ള ബിസിനസ് തന്ത്രങ്ങളാണ് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഉപയോഗിക്കുന്നത്. ഇത്തരം വശ്യമനോഹര പരസ്യങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് ഉപയോക്താക്കള്‍ പോകുന്നതോടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നെടുന്തൂണുകളായ വ്യാപാരസ്ഥാപനങ്ങളാണ് നിലംപൊത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com