

സംസ്ഥാനത്ത് 300 ഡീപ്പ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കാനുള്ള സഹായവുമായി ജര്‍മനി. അഞ്ച് സര്‍വകലാശാലകളുടെ കൂട്ടായ്മയായ നെക്സ്റ്റ് ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറി 9,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതിനായുള്ള ധാരണാപത്രം കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബലില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ഒപ്പിട്ടു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1,000 കോടി രൂപയുടെ നിക്ഷേപം നല്‍കുമെന്ന് ഗ്ലോബല്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ യു.എ.ഇ ആസ്ഥാനമായുള്ള ഫീഡര്‍ ഫണ്ട്. ആഗോള എന്‍.ആര്‍.ഐ സമൂഹത്തിന് കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ പങ്കാളിത്തം നല്‍കുന്നതിനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ട്സ്-ഓഫ്-ഫണ്ട്സിനെ പിന്തുണക്കുന്നതിനുമാണിത്.
കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനികളും മികച്ച നിക്ഷേപം നേടി. ക്രിങ്ക്, സി ഇലക്ട്രിക് ഓട്ടോമോട്ടീവ്, ഒപ്പം എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഹഡില്‍ ഗ്ലോബല്‍ വേദിയില്‍ നിക്ഷേപം കരസ്ഥമാക്കിയത്. ജോലിസ്ഥലവും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കി കുടുംബങ്ങളെ ശാക്തീകരിക്കുന്ന നൂതന എഐ പ്ലാറ്റ്ഫോമാണ് ക്രിങ്ക്. ഡീപ്-ടെക് ഇവി സ്റ്റാര്‍ട്ടപ്പാണ് സി ഇലക്ട്രിക് ഓട്ടോമോട്ടീവ്. കേരളത്തിലെ ആദ്യ മാനസികാരോഗ്യ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഒപ്പം.
ആസ്റ്റര്‍ മിഡില്‍ ഈസ്റ്റ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു, അബാദ് ഗ്രൂപ്പ് എന്നിവരില്‍ നിന്നായി 1.8 കോടി രൂപയുടെ ഫണ്ടിംഗാണ് ക്രിങ്ക് നേടിയത്. റുസ്തം ഉസ്മാന്‍, മറിയം വിധു വിജയന്‍, ശ്രുതി പി ആര്‍ എന്നിവരാണ് സ്റ്റാര്‍ട്ടപ്പിന് പിന്നില്‍. ബിസിനസിന്റെ വിജയത്തിന് സമാധാനപരമായ കുടുംബജീവിതം അത്യാവശ്യമാണെന്ന ആശയത്തിലാണ് ക്രിങ്ക് പ്രവര്‍ത്തിക്കുന്നത്. കുടുംബ-ഔദ്യോഗിക ജീവിതത്തില്‍ ബാലന്‍സ് നിലനിറുത്താന്‍ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതുതലമുറ ഇലക്ട്രിക് പവര്‍ട്രെയിന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സി ഇലക്ട്രിക് ഓട്ടോമോട്ടീവില്‍ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സീഫണ്ടാണ് നിക്ഷേപം നടത്തിയത്. ഇവി അസംബ്ലിംഗില്‍ നിന്ന് മാറി പവര്‍ട്രെയിന്‍ സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലേക്കുള്ള മാറ്റമാണിതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനകം ഒന്നരലക്ഷത്തിലധികം യൂണിറ്റുകള്‍ സി ഇലക്ട്രിക് വിന്യസിച്ചിട്ടുണ്ട്. മോട്ടോര്‍ കണ്‍ട്രോളും വെഹിക്കിള്‍ കണ്‍ട്രോളും സംയോജിപ്പിച്ച് പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച (അസംബിള്‍ ചെയ്യാത്ത) പവര്‍ട്രെയിന്‍ ഇന്റലിജന്‍സ് സ്റ്റാക്കാണ് സി ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഫേംവെയര്‍, കണ്‍ട്രോള്‍ അല്‍ഗോരിതം, സേഫ്റ്റി ലോജിക്, ഡയഗ്നോസ്റ്റിക്സ്, സിസ്റ്റം-ലെവല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാനസികാരോഗ്യ കണ്‍സല്‍ട്ടിംഗ് കമ്പനിയാണ് ഒപ്പം. ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നും ഒന്നരക്കോടി രൂപയാണ് ഇവര്‍ നിക്ഷേപം നേടിയത്. പ്രാദേശിക ഭാഷയില്‍ 24 മണിക്കൂറും മാനസികാരോഗ്യ കണ്‍സല്‍ട്ടേഷനാണ് ഇവര്‍ നല്‍കുന്നത്. ഇബ്രാഹിം ഹഫാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്‌മാന്‍ എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍.
ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി മൂന്ന് മാസത്തെ ലീപ്എക്‌സ് എവിജിസി-എക്‌സ്ആര്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒറിജിനല്‍ ഐപി ക്രിയേഷന്‍, സാങ്കേതികവിദ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ആഗോള വിപണി സന്നദ്ധത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്.
തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പ്, വ്യവസായ, സ്റ്റുഡിയോ പ്രവേശനം, നിക്ഷേപക ഇടപെടലുകള്‍, ഫണ്ടിംഗ് പിന്തുണ എന്നിവ ലഭിക്കും. നിക്ഷേപകര്‍ വഴി ഫോളോ-ഓണ്‍ ഫണ്ടിംഗ് നേടാനുള്ള അവസരങ്ങള്‍ക്കൊപ്പം യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ക്കറ്റൈസേഷന്‍ ഗ്രാന്റും ലഭിക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യേക ഇന്‍സെന്റിവുകളോടെ ഇന്ത്യയിലുടനീളമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഇതിനായി incubation@startupmission.in സന്ദര്‍ശിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine