തിരുവോണം ബമ്പര്‍ വിജയിക്ക് കയ്യില്‍ കിട്ടുന്നത് എത്ര കോടി ? നികുതികളും കമ്മിഷനും കഴിഞ്ഞാല്‍ ബാക്കിയാകുന്നത് ഇതാണ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിക്ക് സമ്മാനത്തുകയായ 25 കോടി രൂപയും കയ്യില്‍ കിട്ടുമോ? ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. സര്‍ക്കാരിലേക്കുള്ള നികുതികളും ടിക്കറ്റ് കമ്മീഷനും കഴിഞ്ഞാല്‍ സമ്മാനത്തുകയായി ഏതാണ്ട് പകുതി തുകയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. പല രീതിയിലുള്ള കിഴിവുകള്‍ക്ക് ശേഷമുള്ള പണമാണ് വിജയിയുടെ കൈകളിലെത്തുക. സംസ്ഥാന സര്‍ക്കാരിന്റെ നികുതി, ആദായനികുതി, സെസ്, ടിക്കറ്റ് കമ്മീഷന്‍ തുടങ്ങിയ ഇനത്തില്‍ ഏതാണ്ട് 12.12 കോടി രൂപ കുറവ് വരും. ബാക്കി വരുന്ന 12.88 കോടി രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുന്നത്.

നികുതി, സെസ്, കമ്മീഷന്‍

ലോട്ടറി ഏജന്റിനുള്ള 10 ശതമാനം കമ്മീഷന്‍ സമ്മാനത്തുകയില്‍ നിന്നാണ് നല്‍കുന്നത്. 25 കോടിയുടെ ഒന്നാം സമ്മാനത്തില്‍ നിന്ന് രണ്ടര കോടി രൂപ ഈ ഇനത്തില്‍ കുറയും. ബാക്കി വരുന്ന തുകക്ക് 30 ശതമാനമാണ് സംസ്ഥാന നികുതി. 6.75 കോടി രൂപ ഈ ഇനത്തിലും കുറയും. ഇതോടെ സമ്മാനത്തുക 15.75 കോടിയായി ചുരുങ്ങും. അഞ്ചു കോടിയില്‍ കൂടുതലുള്ള തുകക്ക് 37 ശതമാനം ആദായ നികുതി സര്‍ചാര്‍ജ് കൂടി നല്‍കണം. ഇത് 2.49 കോടി രൂപ വരും. മൊത്തം നികുതി തുകയുടെ 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ് കൂടി നല്‍കണം. ഇത് 36.99 ലക്ഷം രൂപയാണ്. ഇത്തരത്തില്‍ വിവിധ ഇനങ്ങളിലായി 12.12 കോടി രൂപയാണ് ഒന്നാം സമ്മാനത്തുകയില്‍ നിന്ന് കിഴിവുകള്‍ വരുന്നത്. ബാക്കി വരുന്ന 12.88 കോടി രൂപയാകും വിജയിക്ക് ലഭിക്കുക.

നാഗരാജിനെ തേടി വീണ്ടും ഭാഗ്യം

ഓണം ബമ്പര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് (ടി.ജി 424222) വിറ്റത് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസ് ഏജന്റാണ്. ഇതിന്റെ ഉടമ നാഗരാജ് രണ്ട് മാസം മുമ്പ് വിറ്റ വിന്‍വിന്‍ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരുന്നു. മൈസൂരു സ്വദേശിയായ നാഗരാജും സഹോദരന്‍ മഞ്ജുനാഥും ചേര്‍ന്ന് അഞ്ചു വര്‍ഷമായി ഇവിടെ ലോട്ടറി കട നടത്തുന്നുണ്ട്. ഇത്തവണ ഓണം ബമ്പര്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണെന്ന് അറിയില്ലെന്നാണ് നാഗരാജ് പറഞ്ഞത്. കേരളത്തിന് പുറമെ കര്‍ണാടകയില്‍ നിന്നെത്തുന്ന യാത്രക്കാരും ടിക്കറ്റുകള്‍ എടുക്കാറുണ്ട്. ബമ്പറടിച്ച ടിക്കറ്റ് ആര്‍ക്കാണ് വിറ്റതെന്ന് നാഗരാജ് ഓര്‍ക്കുന്നില്ല.

Related Articles
Next Story
Videos
Share it