നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു: കേരളം നിശ്ചലാവസ്ഥയിലേക്ക്

കേരളത്തില്‍ കോവിഡ് അതിതീവ്രമായതോടെ സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കുന്നു. നാളെ മുതല്‍ കേരളം നിശ്ചലാവസ്ഥയിലേക്ക് നീങ്ങും. ശനി, ഞായര്‍ ദിവസങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണമുണ്ടായതിനാല്‍ തന്നെ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ലോക്ക്ഡൗണിന് സമാനമായി സത്യവാങ്മൂലം സമര്‍പ്പിച്ച് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. കൂടാതെ നാലാം തീയതി മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇക്കാര്യം മുഖ്യമന്ത്രി ഇന്നലെ പറയുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് സമാനമായി അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുന്ന തരത്തിലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗവ്യാപനവും വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് വിവിധ മേഖലകളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ട്. ഐഎംഎ, കെജിഎംഒഎ തുടങ്ങിയ സംഘടനകള്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്ത 150 ജില്ലകളില്‍ 12 എണ്ണം സംസ്ഥാനത്തുനിന്നാണ്.

നിലവില്‍ 24.5 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാലുപേര്‍ പരിശോധന നടത്തുമ്പോള്‍ ഒരാള്‍ രോഗബാധിതന്‍ എന്ന നിലയിലാണ സംസ്ഥാനത്തെ സ്ഥിതി. പലയിടങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇതിനേക്കാളേറെയാണ്.


സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും


കോവിഡ് വ്യാപകമായതോടെ യാത്രക്കാര്‍ കുറഞ്ഞതിനാല്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയതോടെ യാത്രക്കാര്‍ കുറഞ്ഞതാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണം. പല റൂട്ടുകളിലും ചെലവിനുള്ള തുക പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.

സര്‍വീസ് നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ പലരും വാഹന നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷയായ ജി ഫോം നല്‍കിയിട്ടുണ്ട്. കോവിഡ് തീവ്രമായതോടെ പലരും പൊതുഗതാഗതവും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് അടക്കമുള്ള പ്രധാന നഗരങ്ങളിലും അനാവശ്യമായി എത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതൊരു സമരമല്ലെന്നും ലാഭകരമായ റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്താമെന്നും ബസ് ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it