കേരളത്തിനും കിട്ടും ഡബിള്‍-ഡെക്കര്‍ ട്രെയിന്‍; സര്‍വീസ് ബംഗളൂരുവിലേക്ക്

ഒരു ദശാബ്ദത്തിലേറെ മുമ്പ് റെയില്‍വേ അവതരിപ്പിച്ച ഇരുനില ട്രെയിന്‍ (Double-decker train) കേരളത്തിലേക്ക് എത്തിയിരുന്നേയില്ല. എന്നാല്‍, ആ അഭാവം ഉടന്‍ അസ്തമിക്കുകയാണ്. കേരളത്തിലും വൈകാതെ ഡബിള്‍-ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.
നിലവില്‍ ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍-ഡെക്കര്‍ എ.സി ചെയര്‍കാര്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസാണ് വാളയാര്‍ ഒഴിവാക്കി പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് നീട്ടുക. ഇതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം പൊള്ളാച്ചി-പാലക്കാട് പാതയില്‍ ഇന്ന് നടക്കും.
പ്രതിഷേധങ്ങള്‍ മറികടന്ന് മുന്നോട്ട്
നിലവില്‍ പുലര്‍ച്ചെ 5.45ന് കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടുന്ന ട്രെയിനാണിത്. ഉച്ചയ്ക്ക് 12.40ന് ബംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.15നാണ് മടക്കയാത്ര. രാത്രി ഒമ്പതരയോടെ കോയമ്പത്തൂരിലുമെത്തും.
ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിനെതിരെ കോയമ്പത്തൂരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത് മറികടന്നാണ് ഇപ്പോള്‍ പാലക്കാട്ടേക്ക് പരീക്ഷണയോട്ടം നടത്തുന്നത്.
ഡബിള്‍-ഡെക്കര്‍ ട്രെയിനിനെ സ്വീകരിക്കാനാകുംവിധം സജ്ജമാണോ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളും ട്രാക്കുകളും എന്നതാണ് പരീക്ഷണത്തിലൂടെ പ്രധാനമായും റെയില്‍വേ നോക്കുന്നത്.
റെയില്‍വേക്ക് വരുമാനവും ലക്ഷ്യം
ഡബിള്‍-ഡെക്കര്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് എന്ന കൗതുകമുണ്ടെങ്കിലും നിലവില്‍ യാത്രക്കാരില്‍ നിന്ന് വലിയ പ്രതികരണമൊന്നും ഈ ട്രെയിനിന് കിട്ടുന്നില്ല. നഷ്ടത്തിലാണ് ഓട്ടം. കേരളത്തിലേക്ക് സര്‍വീസ് നീട്ടുന്നതിനോട് സേലം ഡിവിഷന് താത്പര്യമില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വീസ് പാലക്കാട്ടേക്ക് നീട്ടുന്നത് ഗുണം ചെയ്യുമെന്ന നിര്‍ദേശങ്ങള്‍ വന്നതോടെ വഴങ്ങുകയായിരുന്നു.
പാലക്കാട്ടെ സുരക്ഷാ പരിശോധന അടക്കമുള്ള പരീക്ഷണയോട്ടം കഴിഞ്ഞേ ഉദയ് ഡബിള്‍-ഡെക്കറിന്റെ പാലക്കാട്-ബംഗളൂരു സര്‍വീസ് സമയക്രമം സംബന്ധിച്ച് തീരുമാനമാകൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമേ സര്‍വീസ് ആരംഭിക്കൂ എന്നും സൂചനകളുണ്ട്.
ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എവിടെ?
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിനുള്ള മൂന്നാം വന്ദേഭാരതിന്റെ റേക്കുകള്‍ ഈമാസാദ്യം കൊല്ലം സ്റ്റേഷനില്‍ എത്തിയിരുന്നു. പക്ഷേ, നാളിതുവരെയായിട്ടും സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
എറണാകുളത്തെ മാര്‍ഷലിംഗ് യാര്‍ഡില്‍ വന്ദേഭാരതിനുള്ള അറ്റകുറ്റപ്പണികള്‍ക്ക് പിറ്റ്‌ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം-ബംഗളൂരു സര്‍വീസായിരിക്കും ഈ വന്ദേഭാരത് ഉപയോഗിച്ച് നടത്തുകയെന്നും പ്രതീക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ:
വാട്‌സ്ആപ്പ്, ടെലഗ്രാം
രാവിലെ 5ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ ബംഗളൂരുവിലും തിരികെ 2.05ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്തും എത്തുന്ന സമയക്രമം നേരത്തേ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, നിലവില്‍ എന്ന് സര്‍വീസ് ആരംഭിക്കുമെന്നോ സ്‌റ്റോപ്പുകളെക്കുറിച്ചോ തീരുമാനങ്ങളൊന്നും റെയില്‍വേ എടുത്തിട്ടില്ല.
ഇപ്പോള്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പകല്‍ ഒറ്റ ട്രെയിനേയുള്ളൂ, എറണാകുളം-കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസാണത്. പാലക്കാട്-ബംഗളൂരു ഡബിള്‍-ഡെക്കറും എറണാകുളം-ബംഗളൂരു വന്ദേഭാരതും ആരംഭിക്കുന്നതോടെ ഈ റൂട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ നേട്ടമാകും.
Related Articles
Next Story
Videos
Share it