രാജ്യത്തെ ആദ്യ സ്ത്രീ സൗഹൃദ ടൂറിസം ആപ്പ് പുറത്തിറക്കാന്‍ കേരള ടൂറിസം
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സ്ത്രീ സൗഹൃദ ടൂറിസം മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കാന്‍ കേരള ടൂറിസം വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ആപ്പ് പുറത്തിറക്കുന്നത്. ഉത്തരവാദിത്ത ടൂറിസം (Responsible Tourism) മിഷനാണ് ആപ്പ് തയ്യാറാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി.
ആസ്വാദ്യകരം പ്രശ്നരഹിതം
സംസ്ഥാനത്ത് വനിതാ ടൂറിസ്റ്റുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയാണെന്നും സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിലുള്ള ഈ ആപ്പ് കേരള സന്ദര്‍ശനം സ്ത്രീകള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരവും പ്രശ്നരഹിതവുമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 1800 സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
യു.എന്‍ വിമന്‍ പിന്തുണ
വിനോദസഞ്ചാര മേഖലയില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നതായി വിഭാവനം ചെയ്യുന്ന യു.എന്‍ വിമന്‍ 'ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം' എന്ന ആശയത്തിന് അനുസൃതമായാണ് സംസ്ഥാനം സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്. സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മൊബൈല്‍ ആപ്പ് തുടക്കം കുറിക്കും.
ആപ്പില്‍ വിവിധ സ്ഥലങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ഉണ്ടാകും. കൂടാതെ സ്ത്രീ സൗഹൃദ ടൂറിസം ഉത്പന്നങ്ങള്‍, പാക്കേജുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വനിതാ സംരംഭങ്ങള്‍, അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹോംസ്റ്റേകള്‍, വനിതാ ടൂര്‍ ഗൈഡുകള്‍ എന്നിവയുടെ വിശദാംശങ്ങളും ആപ്പില്‍ ഉണ്ടാകും.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള കരകൗശല നിര്‍മ്മാണ-വില്‍പ്പന യൂണിറ്റുകള്‍, വിശ്രമമുറികള്‍, ക്യാമ്പിംഗ് സൈറ്റുകള്‍, ഹൗസ് ബോട്ടുകള്‍, കാരവന്‍ പാര്‍ക്കുകള്‍, വിവിധ സ്ഥലങ്ങളിലെ തനത് പാചക യൂണിറ്റുകള്‍, ഉത്സവങ്ങള്‍, സാഹസിക ടൂറിസം തുടങ്ങിയവയിലേക്ക് നയിക്കുന്ന ലിങ്കുകള്‍ ആപ്പിലുണ്ടാകും. വിനോദസഞ്ചാര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവും ആപ്പിനുണ്ട്.