വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഐസ്പീഡ് പദ്ധതിയില്‍ കേരളവും; ₹100 കോടി വിനിയോഗിക്കും

റബര്‍ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം തയാറാക്കിയ 2,157.54 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അന്തിമ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് സൂചന
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഐസ്പീഡ് പദ്ധതിയില്‍ കേരളവും; ₹100 കോടി വിനിയോഗിക്കും
Published on

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ഐസ്പീഡ്' പദ്ധതിയുടെ ആനുകൂല്യം ഇനി കേരളത്തിലെ കര്‍ഷകര്‍ക്കും ലഭ്യമാകും. പദ്ധതി വിഹിതത്തില്‍ നിന്നും 100 കോടി രൂപ കേരളത്തിലെ റബര്‍ മേഖലയ്ക്കായി വിനിയോഗിക്കുമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി അറിയിച്ചു.

ഡല്‍ഹിയില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ 'ആത്മ'യുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഫണ്ട് കേരളത്തിലെ റബര്‍ മേഖലയുടെ പുനരുജ്ജീവനത്തിനായി ഉപയോഗിക്കാന്‍ കേന്ദ്രമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്.

ഉപയോഗം ഇക്കാര്യങ്ങളില്‍

ഉത്പാദന വര്‍ധനവ്: കേരളത്തില്‍ നിലവില്‍ ടാപ്പിംഗ് നടക്കാതെ കിടക്കുന്ന റബര്‍ തോട്ടങ്ങളെ സജീവമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കും.

കര്‍ഷക ക്ഷേമം: റബര്‍ സബ്സിഡി, പുകപ്പുര നിര്‍മാണം എന്നിവയ്ക്ക് ധനസഹായം നല്‍കും.

തൊഴിലാളി ക്ഷേമം: റബര്‍ ഉത്പാദക സംഘങ്ങള്‍ വഴി തൊഴിലാളികള്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കും.

പ്രതീക്ഷയേകി 2,157 കോടിയുടെ ബൃഹത് പദ്ധതി

റബര്‍ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം തയാറാക്കിയ 2,157.54 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അന്തിമ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് സൂചന. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വലിയ ഗുണം ലഭിക്കും.

ഈ പദ്ധതി വഴി ആഭ്യന്തര റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി റീപ്ലാന്റിംഗ് പ്രോത്സാഹിപ്പിക്കും. റെയിന്‍ ഗാര്‍ഡിംഗ്, രോഗനിയന്ത്രണ നടപടികള്‍ എന്നിവയ്ക്ക് കൂടുതല്‍ തുക വകയിരുത്തും. റബര്‍ മേഖലയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള പരിശീലന പരിപാടികളും ഗവേഷണങ്ങളും ശക്തമാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com