ഇടുക്കിയെ 'ഗള്‍ഫ്' ആക്കാന്‍ യു.എ.ഇ ടൂറിസം വരുന്നൂ; ഇനി വേണ്ടത് കേന്ദ്രാനുമതി

യു.എ.ഇ സര്‍ക്കാരിന്റെ സഹായത്തോടെ ഇടുക്കിയിലെ മൂന്നാറിലോ ഇടുക്കി-കോട്ടയം അതിര്‍ത്തിയിലെ വാഗമണിലോ ടൂറിസം ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി കേരളം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. 2023 നവംബര്‍ 9നാണ് സംസ്ഥാന സര്‍ക്കാര്‍ ടൂറിസം ടൗണ്‍ഷിപ്പ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

തുടര്‍ന്ന് ടൂറിസം വകുപ്പ് ഡിസംബര്‍ 13ന് റവന്യൂ വകുപ്പിന് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി (റവന്യൂ) ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ അറിയിപ്പ് പ്രകാരം പദ്ധതിക്കായി വാഗമണിലോ മൂന്നാറിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

യു.എ.ഇ സര്‍ക്കാര്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിക്ഷേപം സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ല. നിലവില്‍ പ്രാഥമിക ഘട്ടത്തിലുള്ള ഈ പദ്ധതി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും റെവന്യു വകുപ്പിന്റെയും കീഴിലാണുള്ളത്.

പരിസ്ഥിതി പ്രശ്‌നങ്ങള്‍

പശ്ചിമഘട്ടത്തിലെയും സമീപ പ്രദേശങ്ങളിലെയും ഇത്തരം ടൂറിസം, നിര്‍മ്മാണ സംരംഭങ്ങള്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണ്. മൂന്നാറും വാഗമണ്ണും പരിസ്ഥിതി ലോല മേഖലയിലായതിനാല്‍ തന്നെ പദ്ധതി കാര്യമായ എതിര്‍പ്പ് നേരിടേണ്ടി വരും. ഇടുക്കി ജില്ലയെ ഇത് കൂടുതല്‍ പാരിസ്ഥിതിക നാശത്തിലേക്ക് നയിക്കുമെന്ന ആശങ്കയുണ്ട്.

പാരിസ്ഥിതികമായി ദുര്‍ബലമായ മേഖലയില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിരവധി ഇളവുകള്‍ നല്‍കേണ്ടതുണ്ട്. അതേസമയം ഇത്തരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ സുസ്ഥിര വികസനം ഉറപ്പാക്കുക, കയ്യേറ്റങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുക, മൂന്നാറിന്റെ പാരിസ്ഥിതിക തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ രൂപീകരിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it