

50 കോടി രൂപക്ക് മുകളിലുള്ള കിഫ്ബി ഫണ്ടുപയോഗിച്ച് പണിത റോഡുകളിലും പാലങ്ങളിലും ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍. കിഫ്ബി വഴി എടുത്ത വായ്പ തിരിച്ചടക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട പഠനം മാത്രമാണ് നടക്കുന്നതെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. അതേസമയം, നീക്കത്തിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ തടയുമെന്ന നിലപാടിലാണ്. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തെന്ന റിപ്പോര്‍ട്ടുകളില്‍ ഘടകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.
ടോള്‍ പിരിക്കാനുള്ള കിഫ്ബി നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ധനമന്ത്രി, നിയമമന്ത്രി എന്നിവര്‍ പങ്കെടുത്ത യോഗം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് മന്ത്രിസഭയുടെ കൂടി അംഗീകാരം ലഭിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാം. കിഫ്ബിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മലയോര, തീരദേശ റോഡുകള്‍ ഉള്‍പ്പെടെ നിരവധി റോഡുകളും പാലങ്ങളും നിര്‍മിച്ചതിനാല്‍ വ്യാപക ടോള്‍ പിരിവായിരിക്കുമെന്നാണ് സൂചന. സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ പിരിക്കാനാണ് നീക്കം. പ്രദേശവാസികളെ ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കുമെന്നും സൂചനയുണ്ട്.
കിഫ്ബി റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ധനശേഖരണാര്‍ത്ഥമാണ് സര്‍ക്കാര്‍ കിഫ്ബി പദ്ധതി ആരംഭിക്കുന്നത്. കിഫ്ബി വഴിയുള്ള വായ്പകള്‍ സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയതോടെ ദൈനംദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലായി സര്‍ക്കാര്‍. കിഫ്ബി പദ്ധതികള്‍ക്ക് വരുമാനമില്ലെന്നും അതിനാല്‍ തിരിച്ചടവ് അസാധ്യമാണെന്നുമായിരുന്നു കേന്ദ്രനിലപാട്. തുടര്‍ന്നാണ് കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള സാധ്യത പരിശോധിച്ചത്. വിഷയം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine