പാസ്‌പോര്‍ട്ടില്‍ നമ്പര്‍ വണ്‍ ആയി കേരളം; പഞ്ചാബും യു.പിയും ബഹുദൂരം പിന്നില്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഇക്കാര്യത്തില്‍ മുന്നിലെത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഏറ്റവും പുതിയ പാസ്പോര്‍ട്ട് ഡേറ്റ പ്രകാരം 4 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 99 ലക്ഷം പാസ്പോര്‍ട്ട് ഉടമകളുണ്ട്.
തൊട്ടുപിന്നില്‍ മഹാരാഷ്ട്ര
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 88 ലക്ഷം പാസ്പോര്‍ട്ട് ഉടമകള്‍ മാത്രമാണുള്ളത്. ഏകദേശം 24 കോടിയാണ് ഇവിടുത്തെ ജനസംഖ്യ. 13 കോടി ജനസംഖ്യയില്‍ 98 ലക്ഷം പാസ്പോര്‍ട്ട് ഉടമകളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. വിദേശ കുടിയേറ്റത്തിന് പേരുകേട്ട സംസ്ഥാനമായ പഞ്ചാബില്‍ 70.14 ലക്ഷം പാസ്പോര്‍ട്ട് ഉടമകള്‍ മാത്രമാണുള്ളത്.
വനിതാ പാസ്പോര്‍ട്ട് ഉടമകള്‍
വനിതാ പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. സംസ്ഥാനത്ത് അനുവദിച്ച 99 ലക്ഷം പാസ്പോര്‍ട്ടുകളില്‍ 42 ലക്ഷവും സ്ത്രീകളുടേതാണ്. 40.8 ലക്ഷം സ്ത്രീ പാസ്പോര്‍ട്ട് ഉടമകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്താണ്. യു.പിയിലെ പാസ്പോര്‍ട്ട് ഉടമകളില്‍ 80 ശതമാനത്തിലധികവും പുരുഷന്മാരാണ്. 17.3 ലക്ഷം സ്ത്രീകള്‍ക്ക് മാത്രമാണ് യു.പിയില്‍ പാസ്പോര്‍ട്ട് ഉള്ളത്.
ഇന്ത്യയിലെ മൊത്തം പാസ്പോര്‍ട്ട് ഉടമകളുടെ കണക്കെടുത്താല്‍ വനിതാ പാസ്പോര്‍ട്ട് ഉടമകളുടെ വിഹിതം 35 ശതമാനം മാത്രമാണ്. മൊത്തം 8.8 കോടി പാസ്പോര്‍ട്ടുകളില്‍ 3.1 കോടിയാണ് സ്ത്രീകള്‍ക്കുള്ളത്.
പുതിയ പാസ്പോര്‍ട്ടുകളുടെ വിതരണം
2023ല്‍ കേരളത്തില്‍ 15.5 ലക്ഷത്തിലധികം പുതിയ പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു. പുതിയ പാസ്പോര്‍ട്ടുകളുടെ വിതരണത്തില്‍ 15.1 ലക്ഷവുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്. യു.പി 13.7 ലക്ഷം പുതിയ പാസ്പോര്‍ട്ടുകളാണ് നല്‍കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നല്‍കിയ മൊത്തം പുതിയ പാസ്പോര്‍ട്ടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം ഉയര്‍ന്നു.