രാജ്യത്ത് വിലക്കയറ്റം കുറയുമ്പോള്‍ കേരളത്തില്‍ കുത്തനെ കൂടുന്നു! എന്താണ് ഇവിടെ മാത്രം പ്രശ്‌നം?

സംസ്ഥാനത്തിന് ആവശ്യമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ ഏറെയും അതിര്‍ത്തി കടന്നാണ് വരുന്നത്. വാഹന വാടക, ഇന്ധനവില, കയറ്റിറക്ക് കൂലി എല്ലാം കേരളത്തില്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്
vegitable inflation
Published on

രാജ്യത്ത് വിലക്കയറ്റം ആറുവര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്. എന്നാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളമാകട്ടെ വിലക്കയറ്റത്തില്‍ രാജ്യത്ത് ഒന്നാമതും! അരി, പച്ചക്കറി അടക്കമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള ഉയര്‍ന്ന വിലയാണ് കേരളത്തെ വിലക്കയറ്റത്തില്‍ നമ്പര്‍ വണ്ണാക്കി നിര്‍ത്തുന്നത്. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാകാന്‍ വിലക്കയറ്റം കാരണമാകുന്നു.

സംസ്ഥാനത്തിന് ആവശ്യമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ ഏറെയും അതിര്‍ത്തി കടന്നാണ് വരുന്നത്. വാഹന വാടക, ഇന്ധനവില, കയറ്റിറക്ക് കൂലി എല്ലാം കേരളത്തില്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. സ്വാഭാവികമായും ഭക്ഷ്യോത്പന്ന വിലയിലും ഇത് പ്രതിഫലിക്കും. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ എണ്ണവില കൂടുതലാണെന്നത് ചരക്കുകൂലി വര്‍ധിക്കുന്നതിനും ഇടയാക്കി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പച്ചക്കറി ഉത്പാദനത്തില്‍ വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി മാറി. സ്വയംസഹായ സംഘങ്ങള്‍ പോലും കൃഷിയോട് വലിയ താല്പര്യം കാണിക്കുന്നില്ല. കൃഷി വകുപ്പില്‍ നിന്നുള്ള പിന്തുണയും കുറഞ്ഞു.

ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം

രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ദേശീയ തലത്തില്‍ 2.1 ശതമാനമാണ്. കേരളത്തിലിത് 6.7 ശതമാനം. രാജ്യമാകെ വിലക്കയറ്റം കുറഞ്ഞത് മലയാളികള്‍ക്ക് അനുഭവപ്പെടാത്തതിന് കാരണവും ഇതുതന്നെയാണ്. ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതിനായി മലയാളികള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന് ചുരുക്കം. ഇത് കുടുംബങ്ങളുടെ ബജറ്റിനെ താളംതെറ്റിക്കുന്നു. പ്രത്യേകിച്ച്, ഇടത്തരം വരുമാനക്കാരെ.

2025ലെ കേരളത്തിലെ വിലക്കയറ്റ തോത്

  • ജനുവരി : 6.79%

  • ഫെബ്രുവരി: 7.31%

  • മാര്‍ച്ച് 6.59%

  • ഏപ്രില്‍ : 5.94%

  • മെയ്: 6.46%

  • ജൂണ്‍: 6.71%

മലയാളികള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം കൂടുന്നതിനും ഈ വിലക്കയറ്റം വഴിയൊരുക്കും. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കാണ് വിലക്കയറ്റം കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് തയാറാക്കാന്‍ അടിസ്ഥാനമാക്കുന്നത് ആഹാര പാനീയങ്ങള്‍, ഭവന വാടക നിരക്ക്, യാത്രച്ചെലവ്, വൈദ്യുതി ചാര്‍ജ് എന്നിവയെല്ലാമാണ്. ഈ നിരക്കുകളെല്ലാം കേരളത്തില്‍ കൂടുതലാണ്. അതിനാല്‍ വിലക്കയറ്റവും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.

പണപ്പെരുപ്പത്തില്‍ കേരളത്തില്‍ മുന്നിലുള്ളത് ഗ്രാമീണ മേഖലകളാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഗ്രാമങ്ങളില്‍ മെയ് മാസത്തില്‍ 6.88 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 7.31 ശതമാനമായി ഉയര്‍ന്നു. നഗരങ്ങളിലിത് 5.65 ശതമാനത്തില്‍ നിന്ന് 5.69 ശതമാനമായി വര്‍ധിച്ചു.

പഞ്ചാബ് (4.67), ജമ്മു കശ്മീര്‍ (4.38), ഉത്തരാഖണ്ഡ് (3.40), ഹരിയാന (3.10) എന്നിങ്ങനെയാണ് വിലക്കയറ്റത്തില്‍ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com