

ക്രൂയിസ് ടൂറിസത്തിലേക്ക് കടക്കാൻ ഒരുങ്ങി കേരളം. സംസ്ഥാനത്തിന്റെ ഉപയോഗിക്കപ്പെടാത്ത സമുദ്ര സാധ്യതകൾ പര്യവേക്ഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്രൂയിസ് ടൂറിസം നയത്തിന് രൂപം നല്‍കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. കേരളത്തിലെ തീരപ്രദേശങ്ങളിലെ വലുതും ചെറുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ക്രൂയിസ് റൂട്ടുകൾ ആരംഭിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
കേരള മാരിടൈം ബോർഡുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഏഴ് തുറമുഖങ്ങളിൽ ക്രൂയിസ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയുളളത്. വിഴിഞ്ഞം, കൊച്ചി, ആലപ്പുഴ, കൊല്ലം, ബേപ്പൂർ, നീണ്ടകര, കായംകുളം തുടങ്ങിയ തുറമുഖങ്ങളിൽ നിന്ന് ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി സർക്യൂട്ടുകൾ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ക്യാബിനുകളും എല്ലാ ആഡംബര സൗകര്യങ്ങളുമുളള വ്യത്യസ്ത ഇരിപ്പിട ശേഷിയുള്ള കപ്പലുകലുകളാണ് ക്രൂയിസ് ടൂറിസത്തിന്റെ ഭാഗമായി അവതരിപ്പിക്കുക. ഗോവ, ബംഗളൂരു പോലുളള അന്തർസംസ്ഥാന ലക്ഷ്യ സ്ഥാനങ്ങളോ അന്തർജില്ല ലക്ഷ്യ സ്ഥാനങ്ങളോ ആയിരിക്കും ക്രൂയിസ് കപ്പലുകള്‍ക്ക് ഉണ്ടായിരിക്കുക. സ്വകാര്യ സംരംഭകരെയും ക്രൂയിസ് പ്രവർത്തനങ്ങളില്‍ പങ്കാളികളാക്കാനുളള ആലോചനകളും മാരിടൈം ബോർഡ് നടത്തുന്നുണ്ട്.
ക്രൂയിസ് ടൂറിസം നയത്തിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകും. മറ്റ് ഉഷ്ണമേഖലാ രാജ്യങ്ങളിൽ നിന്ന് കേരളം കടുത്ത മത്സരമാണ് നേരിടുന്നത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ക്ക് അവിസ്മരണീയവുമായ യാത്രാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിന് ക്രൂയിസ് ടൂറിസത്തിന് സാധിക്കുമെന്നാണ് ടൂറിസം വകുപ്പും മാരിടൈം ബോർഡ് വിലയിരുത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine