

കേരളത്തിന്റെ വിനോദസഞ്ചാര മേഖല ഇന്ന് വലിയൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. 2026-27 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ടൂറിസത്തിന് 'വ്യവസായ പദവി' ലഭിച്ചതോടെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പിന്തുടര്‍ന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന രീതിക്ക് പകരം പുതിയൊരു സമീപനം അനിവാര്യമായിരിക്കുന്നു. ആഗോളതലത്തില്‍ അനുഭവ സമ്പദ്വ്യവസ്ഥ സുസ്ഥിരത, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയ്ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം. അതിനാല്‍, സന്ദര്‍ശകരുടെ എണ്ണത്തിനപ്പുറം ഉയര്‍ന്ന മൂല്യവര്‍ധിതവും പരിസ്ഥിതി സൗഹൃദവും സാങ്കേതികവിദ്യാധിഷ്ഠിതവും സമൂഹത്തെക്കൂടി ഉള്‍ക്കൊള്ളുന്നതുമായ 'ടൂറിസം ഇക്കോണമി 2.0' എന്ന പുതിയ വികസന മാതൃകയിലേക്ക് കേരളം മാറേണ്ടതുണ്ട്.
സംരംഭകത്വ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ, പരിസ്ഥിതിയുടെ വഹിക്കാവുന്ന ശേഷി (Carrying Capacity) സുരക്ഷിതമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ അന്താരാഷ്ട്ര നിലവാരമുള്ളതും ലാഭകരവുമായ ഒരു ടൂറിസം ഇക്കോസിസ്റ്റം ഇവിടെ കെട്ടിപ്പടുക്കാന്‍ സാധിക്കും. പരമ്പരാഗത മാതൃകയുടെ പരിമിതികളും പുതിയ സാമ്പത്തിക ദിശയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളം കെട്ടിപ്പടുത്ത 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന ബ്രാന്‍ഡ് വിദേശനാണ്യ വരുമാനത്തിലും തൊഴിലവസരങ്ങളിലും വിപ്ലവകരമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
എന്നാല്‍, വെറും സന്ദര്‍ശകരുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഈ വളര്‍ച്ചാ രീതി ഇന്ന് അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ആഗോള ടൂറിസം വിപണി ഇന്ന് അളവിനേക്കാള്‍ (Quantity) ഗുണനിലവാരത്തിനും (Quality), പ്രതിശീര്‍ഷ വരുമാനത്തിനും, സുസ്ഥിരതയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അമിത തിരക്ക് (Overtourism), പരിസ്ഥിതിയുടെ വഹിക്കാവുന്ന ശേഷിക്ക് (Carrying Capacity) അപ്പുറമുള്ള വികസനം, മാലിന്യ-ജലവിഭവ സമ്മര്‍ദങ്ങള്‍ എന്നിവ കേരളത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് വെല്ലുവിളിയാകുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ടൂറിസം നിക്ഷേപങ്ങളുടെ അപകടം വര്‍ധിപ്പിക്കുന്നു.
സമാനമായ പ്രതിസന്ധികള്‍ നേരിട്ട ബാലി, വെനീസ് തുടങ്ങിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശക നിയന്ത്രണങ്ങളിലേക്കും മൂല്യാധിഷ്ഠിത നയങ്ങളിലേക്കും മാറിയത് കേരളത്തിന് വ്യക്തമായ ദിശാസൂചനയാണ്. മാറിയ ഈ സാഹചര്യത്തില്‍, സന്ദര്‍ശക പ്രവാഹത്തെക്കാള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്ന അനുഭവങ്ങളുടെ മൂല്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു തന്ത്രപരമായ പുനര്‍ചിന്ത അനിവാര്യമാണ്.
വ്യക്തിഗത സേവനങ്ങള്‍, പരിസ്ഥിതി സൗഹൃദമായ ആഡംബരം, പ്രാദേശിക ജീവിതവുമായി ലയിക്കുന്ന അനുഭവങ്ങള്‍ എന്നിവ തേടുന്ന ആധുനിക സഞ്ചാരികളെ ലക്ഷ്യമിടേണ്ടതുണ്ട്. അതിനാല്‍, പരിമിതമായ സന്ദര്‍ശകരിലൂടെ ഉയര്‍ന്ന സാമ്പത്തിക-സാമൂഹിക മൂല്യം ഉറപ്പാക്കുന്ന 'ടൂറിസം ഇക്കോണമി 2.0' എന്ന പുതിയ വികസന മാതൃകയിലേക്കുള്ള പരിവര്‍ത്തനമായിരിക്കണം കേരളത്തിന്റെ അടുത്ത ഘട്ടം.
കേരളത്തിന്റെ ആറ് തന്ത്രപ്രധാന വളര്‍ച്ചാ എന്‍ജിനുകള്‍ കേരളത്തിന്റെ ഭാവി വികസനത്തിന് അനിവാര്യമായ 'ടൂറിസം ഇക്കോണമി 2.0', സന്ദര്‍ശകരുടെ എണ്ണത്തിനപ്പുറം ടൂറിസത്തിന്റെ ഗുണനിലവാരത്തിനും സുസ്ഥിരതയ്ക്കും മുന്‍ഗണന നല്‍കുന്ന ആറ് തന്ത്രപ്രധാന മേഖലകളിലൂടെ വികസനമാണ് ലക്ഷ്യമിടേണ്ടത്.
ആഗോള നിക്ഷേപകര്‍ക്കും പ്രാദേശിക സംരംഭകര്‍ക്കും ഒരേപോലെ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഈ വളര്‍ച്ചാ എഞ്ചിനുകള്‍, കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തെ പുനര്‍നിര്‍വചിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.
1. പുനരുജ്ജീവന ടൂറിസം (Sustainable & Regenerative Tourism)
പരിസ്ഥിതി സംരക്ഷണത്തിനപ്പുറം പ്രകൃതിയെയും പ്രാദേശിക ജീവിതത്തെയും സജീവമായി പുനരുജ്ജീവിപ്പിക്കുന്ന (Regenerative) പ്രവര്‍ത്തനങ്ങളിലൂന്നിയ മാതൃകയാണിത്. ഇത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വഹിക്കാവുന്ന ശേഷി (Carrying Capacity) ഉറപ്പാക്കുകയും ദീര്‍ഘകാല നിലനില്‍പ്പ് സാധ്യമാക്കുകയും ചെയ്യുന്നു. കാര്‍ബണ്‍ നെഗറ്റീവ് വിനോദസഞ്ചാര കേന്ദ്രങ്ങളായി കേരളത്തെ മാറ്റുന്നതിലൂടെ ആഗോള ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ വിപണിയില്‍ നമുക്ക് മുന്‍തൂക്കം ലഭിക്കും.
നിക്ഷേപ മൂല്യം: ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റിന്യൂവബിള്‍ എനര്‍ജി റിസോര്‍ട്ടുകള്‍, അത്യാധുനിക സീറോ-വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍ എന്നിവയില്‍
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള 'ESG' നിക്ഷേപങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ-ലോഡ്ജുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രീമിയം നിരക്ക് ഈടാക്കാം.
വിപണി സ്വാധീനം: പരിസ്ഥിതി ബോധമുള്ള 'കോണ്‍ഷ്യസ് ട്രാവലേഴ്‌സ്' വിഭാഗം ഇന്ന് ടൂറിസം വിപണിയിലെ അതിവേഗം വളരുന്ന വിഭാഗമാണ്. കേരളത്തെ ഒരു റീജനറേറ്റീവ് ഹബ്ബാക്കി മാറ്റുന്നത് ബ്രാന്‍ഡ് മൂല്യം ഇരട്ടിയാക്കും.
2. വെല്‍നസ് ടൂറിസം
ആഗോളതലത്തില്‍ പ്രതിരോധ ആരോഗ്യപരിപാലനത്തിന് (Preventive Healthcare) ലഭിക്കുന്ന സ്വീകാര്യത കേരളത്തിന് വലിയ അവസരമാണ് നല്‍കുന്നത്. ആയുര്‍വേദത്തെ യോഗ, ധ്യാനം, ആധുനിക ഡയറ്ററ്റിക്‌സ് എന്നിവയുമായി സംയോജിപ്പിക്കുന്ന 'ഹോളിസ്റ്റിക് പാക്കേജുകള്‍' അന്താരാഷ്ട്ര വിപണിയില്‍ ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള അവസരമാണ് തുറക്കുന്നത്.
നിക്ഷേപ സാധ്യത: ആയുര്‍വേദത്തെ അന്താരാഷ്ട്ര ആഡംബര വെല്‍നസ് ശൃംഖലകളുമായി സംയോജിപ്പിച്ചുള്ള ഹൈ-എന്‍ഡ് റിട്രീറ്റുകള്‍. ഡിജിറ്റല്‍ ഡിറ്റോക്‌സ് സെന്ററുകള്‍, പ്രായമായവര്‍ക്കായുള്ള സ്‌പെഷ്യലൈസ്ഡ് വെല്‍നസ് ഗ്രാമങ്ങള്‍ എന്നിവയില്‍ നിക്ഷേപം ആകര്‍ഷിക്കാം.
ബിസിനസ് ഇംപാക്ട്: ദീര്‍ഘകാല താമസത്തിന് (Minimum 14-21 days stays) വഴിയൊരുക്കുന്നതിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഒക്യുപെന്‍സി നിരക്കും വരുമാനവും സ്ഥിരതയുള്ളതാക്കാം.
3. മെഡിക്കല്‍ ടൂറിസം
ആധുനിക ചികിത്സാ സൗകര്യങ്ങളും വിനോദസഞ്ചാരവും സംയോജിപ്പിച്ചുകൊണ്ടുള്ള മെഡിക്കല്‍ വാല്യൂ ട്രാവല്‍ (MVT) കേരളത്തെ ഒരു ആഗോള ഹീലിംഗ് ഡെസ്റ്റിനേഷനാക്കും. കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാകുന്നതോടൊപ്പം സുഖപ്രദമായ കാലാവസ്ഥയും ഇവിടെയുണ്ട്.
നിക്ഷേപ മേഖല: പോസ്റ്റ്-സര്‍ജിക്കല്‍ റീഹാബിലിറ്റേഷന്‍ റിസോര്‍ട്ടുകള്‍, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളുടെ എംപാനല്‍ഡ് ഹോസ്പിറ്റല്‍ ക്ലസ്റ്ററുകള്‍, ടെലി-മെഡിസിന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ വിദേശ നിക്ഷേപത്തിന് (FDI) വലിയ സാധ്യത.
സാമ്പത്തിക ഉണര്‍വ്: ജി.സി.സി, ആഫ്രിക്കന്‍ വിപണികളില്‍ നിന്നുള്ള ഹൈ-നെറ്റ് വര്‍ത്ത് സഞ്ചാരികള്‍ ചികിത്സയ്‌ക്കൊപ്പം കുടുംബമായി എത്തുന്നതോടെ ടൂറിസം സബ്-സെക്ടറുകള്‍ക്ക് വന്‍ വളര്‍ച്ചയുണ്ടാകും.
4. പൈതൃക ടൂറിസം
കേരളത്തിന്റെ സാംസ്‌കാരിക തനിമയെ 'ലിവിംഗ് മ്യൂസിയം' (Living Museum) മാതൃകയില്‍ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വെറും കാഴ്ചകള്‍ക്കപ്പുറം കലകളും കരകൗശലവിദ്യകളും നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം നല്‍കുന്നതിലൂടെ മൂല്യം വര്‍ധിപ്പിക്കാം.
നിക്ഷേപ സാധ്യത: പുരാതന തറവാടുകളുടെയും കൊട്ടാരങ്ങളുടെയും സംരക്ഷണം (Adaptive Reuse), എ.ആര്‍/വി.ആര്‍ (AR/VR) ഉപയോഗിച്ചുള്ള ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗ് സംരംഭങ്ങള്‍, സാംസ്‌കാരിക പ്രദര്‍ശന കേന്ദ്രങ്ങള്‍.
തന്ത്രപരമായ നേട്ടം: സാംസ്‌കാരിക പൈതൃകം അനനുകരണീയമായതിനാല്‍ ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തിന് എന്നും ഒരു 'യുണീക് സെല്ലിംഗ് പ്രൊപ്പോസിഷന്‍' (USP) നിലനിര്‍ത്താനാകും.
5. ഉത്തരവാദിത്ത ടൂറിസം (Responsible Tourism) ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ ഗ്രാമീണ മേഖലയിലേക്ക് എത്തിക്കുന്ന ഈ ജനകീയ മാതൃകയെ വാണിജ്യപരമായി കൂടുതല്‍ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ലോകമെമ്പാടുമുള്ള ഗ്രാമീണ ടൂറിസം പ്രേമികള്‍ക്ക് കേരളം ഇന്ന് ഒരു റഫറന്‍സ് പോയിന്റാണ്.
നിക്ഷേപ മാതൃക: ഗ്രാമീണ സ്റ്റേകള്‍, അഗ്രി-ടൂറിസം വില്ലേജുകള്‍, പ്രാദേശിക ഭക്ഷ്യ-കരകൗശല ബ്രാന്‍ഡുകളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ നിക്ഷേപ സാധ്യതയുണ്ട്.
സാമൂഹിക മൂല്യം: പ്രാദേശിക ജനതയ്ക്ക് നേരിട്ടുള്ള വരുമാനം ഉറപ്പാക്കുന്നതിലൂടെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സാമൂഹിക പിന്തുണയും സുസ്ഥിരതയും ലഭിക്കുന്നു.
6. ബ്ലൂ ടൂറിസം (Blue & Water Based Tourism)
കേരളത്തിന്റെ വിപുലമായ തീരപ്രദേശവും ജലാശയങ്ങളും ഹൈ-വാല്യൂ ടൂറിസത്തിന് അനുയോജ്യമാണ്. ക്രൂയിസ് ടൂറിസം, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഓഷ്യനേറിയം തുടങ്ങിയ മേഖലകള്‍ ഇനിയും വിപുലമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
നിക്ഷേപ സാധ്യത: അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലുകള്‍, അത്യാധുനിക മറീനകള്‍, കായലുകളിലെ പരിസ്ഥിതി സൗഹൃദ ഫ്‌ലോട്ടിംഗ് റിസോര്‍ട്ടുകള്‍, പ്രീമിയം വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റങ്ങള്‍.
വരുമാന സ്രോതസ്: ആഡംബര കപ്പലുകള്‍ എത്തുന്നതോടെ ലോക്കല്‍ ഹോസ്പിറ്റാലിറ്റി, ഷോപ്പിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ വലിയ തൊഴിലവസരങ്ങളും വിദേശനാണ്യ വരുമാനവും ഉണ്ടാകും.
ഈ ആറ് വളര്‍ച്ചാ എഞ്ചിനുകള്‍ സമന്വയിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താനും ഓരോ സഞ്ചാരിയില്‍ നിന്നുമുള്ള പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും.
'ടൂറിസം ഇക്കോണമി 2.0' എന്നത് കേവലം ഒരു നയമാറ്റമായി മാത്രം മാറാതെ മറിച്ച് ദീര്‍ഘവീക്ഷണമുള്ള നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും സമാനതകളില്ലാത്ത വാണിജ്യ മൂല്യം (Commercial Value Proposition) നല്‍കുന്ന ഒരു ബിസിനസ് മാതൃകയായി വളരണം. ഈ മേഖലയിലെ നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്:
ഉയര്‍ന്ന ലാഭക്ഷമതയുള്ള ബിസിനസ് മാതൃക (High Margin Lean Model): സന്ദര്‍ശകരുടെ എണ്ണത്തിലുപരി, പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ടൂറിസം യൂണിറ്റുകളുടെ ലാഭക്ഷമത മെച്ചപ്പെടുത്താന്‍ സാധിക്കും. കുറഞ്ഞ അളവില്‍ കൂടുതല്‍ മൂല്യം (Low Volume, High Value) സൃഷ്ടിക്കുന്ന ഈ സമീപനം പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും EBITDA മാര്‍ജിന്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സുസ്ഥിര ധനകാര്യവും ആസ്തി മൂല്യവും (Green Financing & Asset Value): ആഗോള നിക്ഷേപ വിപണിയില്‍ ഇന്ന് ESG മാനദണ്ഡങ്ങള്‍ പാലിക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന. സുസ്ഥിരമായ ടൂറിസം പ്രോജക്റ്റുകള്‍ക്ക് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ മൂലധനം സ്വരൂപിക്കാന്‍ സാധിക്കും. കൂടാതെ, ഇക്കോ-കോണ്‍ഷ്യസ് അസറ്റുകള്‍ക്ക് ഭാവിയില്‍ ഉയര്‍ന്ന റീസെയില്‍ വാല്യൂവും ആഗോള ബ്രാന്‍ഡ് മൂല്യവും ലഭിക്കുന്നു.
സ്ഥിരമായ വരുമാനവും സീസണാലിറ്റി ലഘൂകരണവും (Stable Cash Flow & Seaosnality Mitigation): മെഡിക്കല്‍, വെല്‍നസ് ടൂറിസം പോലുള്ള മേഖലകള്‍ വിനോദസഞ്ചാരത്തിലെ സീസണല്‍ ഏറ്റക്കുറച്ചിലുകളെ ഫലപ്രദമായി മറികടക്കാന്‍ സഹായിക്കുന്നു. ഇത്തരം സേവനങ്ങള്‍ ദീര്‍ഘകാല താമസക്കാരെയും ആവര്‍ത്തിച്ചുള്ള സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നതിലൂടെ വര്‍ഷം മുഴുവന്‍ സ്ഥിരമായ പണമൊഴുക്കും മികച്ച നിക്ഷേപ വരുമാനവും ഉറപ്പുനല്‍കുന്നു.
ഡിജിറ്റല്‍വല്‍ക്കരണവും വിപുലീകരണവും (Tech Enabled Scalability): ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സേവനങ്ങള്‍ വ്യക്തിഗതമാക്കുന്നത് ബിസിനസ്സിന് വലിയ മത്സരാധിഷ്ഠിത മുന്‍തൂക്കം നല്‍കുന്നു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ബിസിനസ് വിപുലീകരിക്കാനും (Scalability) ഭാവിയില്‍ ആഗോള ശൃംഖലകളുമായി ലയിപ്പിക്കാനും സഹായിക്കുന്നു.
'ടൂറിസം ഇക്കോണമി 2.0' എന്ന ലക്ഷ്യം കൈവരിക്കാന്‍ സമഗ്രമായ നയപരമായ മാറ്റങ്ങള്‍ ആവശ്യമാണ്. വ്യവസായ സൗഹൃദവും സുസ്ഥിരവുമായ വികസനത്തിനായി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നാല് പ്രധാന മേഖലകള്‍ താഴെ നല്‍കുന്നു.
1. ESG മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുക (Mandating ESG Standards): ടൂറിസം നയങ്ങളില്‍ പരിസ്ഥിതി സൗഹൃദമായ 'ഗ്രീന്‍ പ്രോട്ടോക്കോളുകള്‍' നിര്‍ബന്ധമാക്കുക. ഇത് പദ്ധതികളുടെ ദീര്‍ഘകാല മൂല്യം വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യും.
2. സ്‌പെഷ്യല്‍ ടൂറിസം സോണുകള്‍ (Special Tourism Zones- STZs): വെല്‍നസ്, മെഡിക്കല്‍, ബ്ലൂ ടൂറിസം തുടങ്ങിയ മേഖലകളില്‍ ആഗോള നിലവാരമുള്ള പ്രത്യേക ടൂറിസം സോണുകള്‍ വികസിപ്പിക്കുക. മികച്ച അടിസ്ഥാന സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതിലൂടെ ഇത്തരം ക്ലസ്റ്ററുകള്‍ വന്‍കിട നിക്ഷേപങ്ങളെ ആകര്‍ഷിക്കും.
3. പൈതൃക ആസ്തികളുടെ വാണിജ്യവല്‍ക്കരണം (Heritage Asset Monetization): കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ സുസ്ഥിരമായ ബിസിനസ് ആസ്തികളാക്കി മാറ്റുക. പൊതു-സ്വകാര്യ പങ്കാളിത്തം (PPP) വഴി പ്രത്യേക നിക്ഷേപ ഫണ്ടുകള്‍ രൂപീകരിച്ച് പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം വാണിജ്യപരമായി ലാഭകരമാക്കുക.
4. ഡാറ്റാ അധിഷ്ഠിത ടൂറിസം ഗവേണന്‍സ് (Data-Driven Tourism Governance): ഓരോ ടൂറിസം കേന്ദ്രത്തിന്റെയും സാമ്പത്തിക, പരിസ്ഥിതി ആഘാതം എന്നിവ അളക്കുന്ന 'ടൂറിസം സുസ്ഥിരതാ സൂചിക' (Tourism Sustainability Index) നടപ്പിലാക്കുക. കൃത്യമായ ഡാറ്റാ നിക്ഷേപകര്‍ക്ക് സുതാര്യമായ തീരുമാനങ്ങള്‍ എടുക്കാനും ആര്‍.ഒ.ഐ (ROI) വിലയിരുത്താനും സഹായിക്കും.
കേരള ടൂറിസത്തിന്റെ ഭാവി സന്ദര്‍ശകരുടെ എണ്ണത്തിലല്ല, മറിച്ച് ഓരോ സന്ദര്‍ശകനില്‍നിന്നും ലഭിക്കുന്ന സാമ്പത്തിക മൂല്യത്തിലും അനുഭവങ്ങളുടെ ഗുണനിലവാരത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. സുസ്ഥിരത, അത്യാധുനിക സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, പ്രാദേശിക പങ്കാളിത്തം എന്നിവ സമന്വയിപ്പിക്കുന്ന 'ടൂറിസം ഇക്കോണമി 2.0', ആരോഗ്യ-മെഡിക്കല്‍, പൈതൃക, ഉത്തരവാദിത്ത ടൂറിസം മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് കേരളത്തെ ഒരു ഉയര്‍ന്ന മൂല്യവര്‍ധിത ടൂറിസം സമ്പദ്വ്യവസ്ഥയാക്കി മാറ്റാന്‍ സാധിക്കും.
2050-ഓടെ ലോകത്തിലെ ഏറ്റവും മത്സരക്ഷമവും സുസ്ഥിരവുമായ വിനോദസഞ്ചാര കേന്ദ്രമായി കേരളത്തെ ഉയര്‍ത്താന്‍ ദീര്‍ഘകാല നയസ്ഥിരതയും, ഗുണനിലവാര അധിഷ്ഠിത വികസനവും, നവീകരണവും, നിക്ഷേപവും അനിവാര്യമാണ്. ഈ പരിവര്‍ത്തനം ദീര്‍ഘവീക്ഷണത്തോടെ എത്ര വേഗത്തില്‍ നടപ്പിലാക്കുന്നുവോ, അത്രയും വേഗത്തില്‍ കേരളം ആഗോള ടൂറിസം ഭൂപടത്തില്‍ തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയും മത്സരശേഷിയും സുസ്ഥിരമാക്കും.
ഡോ. കെ.പി വിപിന്‍ ചന്ദ്രന്‍
(ലേഖകന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്)
Read DhanamOnline in English
Subscribe to Dhanam Magazine