ഈ ആപ്പ് നിങ്ങളുടെ യാത്ര ആനന്ദകരമാക്കും!

നിങ്ങൾ ഒരു വിനോദ സഞ്ചാരിയാണെങ്കിൽ യാത്ര പോകുന്നതിന് മുൻപ് പോകേണ്ട സ്ഥലം ഈ ആപ്പിൽ കയറി ഒന്ന് പഠിച്ചാൽ വഴിയിൽ കറങ്ങി തിരിയേണ്ടി വരില്ല.

വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും, മറ്റുള്ളവരുടെ സന്ദർശാ നുഭവങ്ങൾ മനസിലാക്കി യാത്ര ചെയ്യാനും സഹായിക്കുന്ന ആപ്പ് ആണ് കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് പുറത്തിറക്കിയത്.
കേരള ടൂറിസം മൊബൈല്‍ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
വിനോദസഞ്ചാരികള്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കേരളത്തിലെ ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാകും. ഇതുവരെ അറിയപ്പെടാത്ത ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ഇതിൽ ഉണ്ടാകും.
അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ടൂറിസം ആകര്‍ഷണങ്ങളെയും ഇടങ്ങളെയും കുറിച്ച് എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കാനും 'കഥ സൃഷ്ടിക്കുക' എന്ന ഓപ്ഷനിലൂടെ സന്ദര്‍ശകന് അവസരം ലഭിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പ്പന.
ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളും അതിന്‍റെ ഭാഗമായുള്ള ഗ്രാമീണ ജീവിതാനുഭവങ്ങളും ആപ്പില്‍ ഉണ്ടായിരിക്കും.
കൂടുതല്‍ നൂതനമായ സവിശേഷതകളോടെ ആറ് മാസത്തിനുള്ളിൽ കൂടുതല്‍ നവീകരിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിക്കുന്നു. അടുത്ത ഘട്ടത്തില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി ശബ്ദസഹായിയുടെ സാധ്യത ഉപയോഗിച്ച് അന്വേഷണം നടത്താന്‍ കഴിയുന്ന രീതി ഉള്‍പ്പെടുത്തും.
കേരളത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തൊട്ടടുത്തുള്ള വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്ലറ്റുകള്‍ ആപ്പിലൂടെ കണ്ടെത്താനാകും. റെസ്റ്റോറന്‍റുകളുടെയും പ്രാദേശിക രുചികളുടെയും മാപ്പിംഗ് ആപ്പിലെ മറ്റൊരു സവിശേഷതയാണ്. ഇതിലൂടെ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള രുചിവൈവിധ്യങ്ങള്‍ കണ്ടെത്താം.
ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതിക സാധ്യതകള്‍ കൂടി ചേരുമ്പോള്‍ ഒരു ഗെയ്മിംഗ് സ്റ്റേഷന്‍റെ സ്വഭാവങ്ങള്‍ കൂടിയുണ്ടാവുന്ന ആപ്പിന് ലോകമെങ്ങുമുള്ള യാത്രികരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഐ ഫോണിൽ കൂടി ഈ സംവിധാനം വേണമെന്നും എങ്കിൽ മാത്രമേ ഉദ്ദേശ ഫലം ലഭിക്കൂവെന്ന് ലോക സഞ്ചാരിയായ തിരുവനന്തപുരത്തെ തിരുമല സ്വദേശിയും അഡ്വക്കേറ്റുമായ സഞ്ജു പറയുന്നു.വിദേശികൾ കൂടുതലും ഐ ഫോൺ ആണ് ഉപയോഗിക്കുന്നത്.
ടൂറിസം സ്ഥലങ്ങളോട് അനുബന്ധിച്ചാണ് സർക്കാർ അതിഥി മന്ദിരങ്ങൾ. ഇതിനെക്കുറിച്ചും വിവരണങ്ങൾ ഉണ്ടാവണമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.


Related Articles
Next Story
Videos
Share it