

സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് ടൂറിസ്റ്റുകളുടെ ഒഴുക്ക്. സ്വാതന്ത്ര ദിനവും വാരാന്ത്യവും അടുത്തടുത്ത് വന്നതോടെ കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. മൂന്നാര്‍, വയനാട്, ആലപ്പുഴ, കുമരകം എന്നിങ്ങനെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും മുറി കിട്ടാത്ത അവസ്ഥയാണ്. ഓണത്തിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും നല്ലരീതിയില്‍ ബുക്കിംഗ് നടക്കുണ്ട്.
ഓണാവധി കഴിയുംവരെ തിരക്ക് കൂടിയും കുറഞ്ഞു ഉണ്ടാകുമെന്ന് മൂന്നാറില്‍ ടൂറിസം ഗൈഡായി പ്രവര്‍ത്തിക്കുന്ന ടെറീസ് മാത്യു ധനംഓണ്‍ലൈനോട് പറഞ്ഞു. മിക്ക റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും വാരാന്ത്യ ബുക്കിംഗുകള്‍ ഏറെക്കുറെ പൂര്‍ണമാണ്. ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി എത്തിയത്. സ്‌കൂള്‍ അടയ്ക്കുന്നതോടെ മലയാളികളുടെ വരവും കൂടും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് കാര്യമായി ആളനക്കം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നില്ല. പ്രളയവും വയനാട് ദുരന്തവും കേരളം മഴക്കാലത്ത് സുരക്ഷിതമല്ലെന്ന വ്യാഖ്യാനം പുറംലോകത്തിന് നല്കിയതാണ് കാരണം. ഇത്തവണ വലിയ പ്രശ്‌നങ്ങളില്ലാതെ മഴക്കാലം മുന്നോട്ടു പോകുന്നതാണ് സഞ്ചാരികളുടെ വരവ് കൂടാന്‍ കാരണം. മാത്രമല്ല, ഉത്തരേന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പലയിടത്തും മണ്ണിടിച്ചിലും പ്രളയവും ഉണ്ടായതും കേരളത്തിലേക്കുള്ള ഒഴുക്ക് വര്‍ധിപ്പിച്ചു.
കുറച്ചു വര്‍ഷങ്ങളായി ശോകാവസ്ഥയിലായിരുന്നു വയനാട്ടിലെ ടൂറിസം. എന്നാല്‍, കഴിഞ്ഞ മൂന്നു ദിവസമായി വലുതും ചെറുതുമായ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഒരൊറ്റ മുറിപോലും ഒഴിവില്ലാത്ത അവസ്ഥയാണ്. റോഡിലും വലിയ തിരക്കാണ്. വിനോദസഞ്ചാരികള്‍ ഇത്രയുമധികം കൂട്ടത്തോടെ വന്ന ദിവസങ്ങള്‍ അടുത്തൊന്നും ഉണ്ടായിട്ടില്ലെന്ന് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വയനാട്ടിലെത്തുന്ന സഞ്ചാരികളേറെയും ഒരു ദിവസമെങ്കിലും ഇവിടെ തങ്ങിയശേഷം തിരികെ പോകാനാണ് താല്പര്യപ്പെടുന്നത്. ഇത് ജില്ലയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. വയനാട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ടൂറിസം സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ തോതില്‍ പ്രചാരണം നടത്തിയിരുന്നു. ഇതും ഗുണം ചെയ്തു.
മൂന്നാറിലും വയനാട്ടിലും മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടത്തും റോഡുകളില്‍ വലിയ ക്യൂവായിരുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുടെ വാഹനങ്ങള്‍ കൂടി വന്നതോടെയാണ് അസാധാരണ തിരക്ക് റോഡുകളെ നിശബ്ദമാക്കിയത്.
പലയിടത്തും റോഡ് പണി നടക്കുന്നത് സഞ്ചാരികളെ അലട്ടുന്നുണ്ടെങ്കിലും ആളുകളുടെ വരവിനെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ടൂറിസം സംരംഭകര്‍. കഴിഞ്ഞ ദിവസം മൂന്നാറില്‍ മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ചെറുതും വലുതുമായ ടൂറിസം സംരംഭങ്ങളില്‍ മുതല്‍മുടക്കിയിരിക്കുന്നത് പതിനായിരങ്ങളാണ്. കോവിഡിനുശേഷം സംസ്ഥാനത്തെ ടൂറിസം രംഗം തിരിച്ചുവരവ് നടത്തിയിട്ടില്ല. നൂറുകണക്കിന് ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ടൂറിസം സെന്ററുകളിലേക്കുള്ള റോഡിന്റെ വശങ്ങളില്‍ ആരംഭിച്ച ഹോട്ടലുകളും കച്ചവടമില്ലാതെ പൂട്ടുന്നു അവസ്ഥ നിലനിന്നിരുന്നു.
ഈ സീസണ്‍ കൂടി സഞ്ചാരികളുടെ വരവില്ലാതെ അടച്ചിടേണ്ടി വന്നാല്‍ പലരും പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലേക്ക് പതിക്കും. ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്താണ് പലരും സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine