കേരളത്തില്‍ അഞ്ചിലൊരാള്‍ക്ക് പെറ്റിയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്! ₹527 കോടിയില്‍ പിരിച്ചത് കാല്‍ ഭാഗം

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ഒരുവര്‍ഷം കേരള മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 62,81,458 കേസുകള്‍. 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. നവജാത ശിശുക്കള്‍ അടക്കമുള്ള ആകെ 3.5 കോടി കേരള ജനസംഖ്യയില്‍ ഒരു വർഷം അഞ്ചിലൊരാള്‍ക്കെങ്കിലും മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 526.99 കോടി രൂപയുടെ പിഴയിട്ടതായും നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ പിഴയിനത്തില്‍ 123.33 കോടി രൂപയാണ് പിരിച്ചത്.

90 ദിവസത്തിനുള്ളില്‍ പിഴയടക്കണം

നിലവില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ കണ്ടെത്തുന്നതും എ.ഐ ക്യാമറ പിടികൂടുന്നതുമായ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ 90 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കണമെന്നാണ് ചട്ടം. ഇ ചെലാന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളെ സംബന്ധിച്ച് രജിസ്‌ട്രേഡ് മൊബൈല്‍ നമ്പരില്‍ സന്ദേശമെത്തും. നിശ്ചിത സമയത്തിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ കേസുകള്‍ വിര്‍ച്വല്‍ കോടതിയിലേക്ക് മാറും. 60 ദിവസത്തിനുള്ളില്‍ വിര്‍ച്വല്‍ കോടതിയില്‍ പണമടച്ചില്ലെങ്കില്‍ കേസുകള്‍ സി.ജെ.എം കോടതിയിലേക്കു പോകും. നിലവില്‍ ഓവര്‍ലോഡിംഗുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണ് സി.ജെ.എം കോടതിയിലേക്ക് മാറ്റിയത്.

കേസുണ്ടോയെന്ന് എങ്ങനെ അറിയാം

വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പലര്‍ക്കും കേസ് സംബന്ധിച്ച സന്ദേശം എത്താറില്ല. മൊബൈലില്‍ സന്ദേശമെത്തിയില്ലെന്ന് കാട്ടി പിഴയൊടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനുമാകില്ല. വാഹനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങളും ഇതുമൂലം തടസപ്പെടാറുണ്ട്. നിങ്ങളുടെ പേരില്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ കേസുണ്ടോയെന്ന് എങ്ങനെ പരിശോധിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന ലിങ്കിലെത്തി വാഹന നമ്പര്‍ അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ നല്‍കിയാല്‍ നിങ്ങളുടെ പേരില്‍ കേസുകളുണ്ടോ എന്നറിയാം.

മുന്നില്‍ തലസ്ഥാനം, പിന്നില്‍ വയനാട്

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരവും ഏറ്റവും പിന്നിലുള്ളത് വയനാടുമാണ്. തിരുവനന്തപുരത്ത് 11,21,876 നിയമലംഘനങ്ങളുടെ പേരില്‍ 88.69 കോടി രൂപ പിഴ ചുമത്തി. വയനാട് ജില്ലയിലാകട്ടെ 6,053 നിയമലംഘനങ്ങളുടെ പേരില്‍ 1.71 കോടി രൂപയാണ് പിഴ ചുമത്തിയത്. 6,28,291 നിയമലംഘനങ്ങളുടെ പേരില്‍ 56.54 കോടി രൂപ പിഴ ചുമത്തിയ എറണാകുളം ജില്ലയാണ് കൂട്ടത്തില്‍ രണ്ടാമത്.

25 ശതമാനം പോലും പിരിച്ചില്ല

അതേസമയം, 526.99 കോടി രൂപയുടെ പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ 25 ശതമാനം പോലും പിരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 403.66 കോടി രൂപയാണ് ഇനിയും പിരിഞ്ഞു കിട്ടാനുള്ളത്. തിരുവനന്തപുരം ജില്ലയാണ് ഇക്കൂട്ടത്തിലും മുന്നില്‍. 78.19 കോടി രൂപയാണ് ജില്ലയില്‍ പിരിഞ്ഞുകിട്ടാനുള്ളത്. എറണാകുളം ജില്ലയില്‍ 42.75 കോടി രൂപയും കൊല്ലം ജില്ലയില്‍ 41.02 കോടി രൂപയും പിരിഞ്ഞു കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
Next Story
Videos
Share it