Begin typing your search above and press return to search.
76 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍, ലോകത്തിന് മുന്നില്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ നിരത്താന്‍ കേരള ട്രാവല്‍ മാര്‍ട്ട്
വയനാട് ദുരന്തത്തിന് ശേഷം സംസ്ഥാനത്തെ ടൂറിസം മേഖലയുടെ പ്രാമുഖ്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുമായി കേരള ട്രാവല്‍ മാര്‍ട്ടിന്റെ പന്ത്രണ്ടാം പതിപ്പിന് സെപ്തംബര്‍ 26 മുതല്‍ കൊച്ചിയില്‍ തുടക്കമാകും. ഉത്തരവാദിത്ത ടൂറിസം, ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളുന്ന മൈസ് (എംഐസിഇ -മീറ്റിംഗ്‌സ് ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്‌സിബിഷന്‍സ്) ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, ക്രൂയിസ് ടൂറിസം എന്നിവയാണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായിരിക്കും. 27 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. കെ.ടി.എം 2024 ലെ ബിസിനസ് സെഷനുകള്‍ ഈ തീയതികളില്‍ നടക്കും.
76 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തും
ചരിത്രത്തിലാദ്യമായി കെ.ടി.എമ്മിലെ ബയര്‍ രജിസ്‌ട്രേഷന്‍ സര്‍വകാല റെക്കോര്‍ഡുമായി 2,800 കടന്നു. 2018 ലെ കെടിഎമ്മിലാണ് ഇതിനു മുമ്പ് ഏറ്റവുമധികം ബയര്‍ രജിസ്‌ട്രേഷന്‍ രേഖപ്പെടുത്തിയിരുന്നത്. അന്ന് വിദേശ-ആഭ്യന്തര ബയര്‍മാര്‍ 1305 ആയിരുന്നു. ഇക്കുറി ആഭ്യന്തര ബയര്‍ രജിസ്‌ട്രേഷന്‍ മാത്രം 2035 ലധികമുണ്ട്. 76 രാജ്യങ്ങളില്‍ നിന്നായി ഇതു വരെ 808 വിദേശ ബയര്‍മാരാണ് രജിസ്റ്റര്‍ ചെയ്തത്. യുകെ(67), യുഎസ്എ(55), ഗള്‍ഫ്(60), യൂറോപ്പ്(245), റഷ്യ(34) എന്നിവിടങ്ങള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ (41) നിന്നും പ്രതിനിധികളെത്തും. മഹാരാഷ്ട്ര(578), ഡല്‍ഹി(340), ഗുജറാത്ത്(263) എന്നിവിടങ്ങളില്‍ നിന്നാണ് ആഭ്യന്തര ബയര്‍മാര്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ട് വിഭാഗങ്ങളിലായി 347 സ്റ്റാളുകളാണ് ഇത്തവണ ക്രമീകരിക്കുക. കൂടാതെ ഇന്ത്യാ ടൂറിസം, കര്‍ണാടക ടൂറിസം തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ പൂര്‍ണ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
2018ലെയും 2019-ലെയും തുടര്‍ച്ചയായ വെള്ളപ്പൊക്കങ്ങളും കൊവിഡ് പകര്‍ച്ചവ്യാധിയും വയനാട് ഉരുള്‍പൊട്ടലും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത-മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന്‍ പറഞ്ഞു.
പരിപാടിക്കെത്തുന്നവര്‍ കേരളം കാണും
പരിപാടിയുടെ ഭാഗമായി സെപ്തംബര്‍ 22 മുതല്‍ 26 വരെ പ്രീ-മാര്‍ട്ട് ടൂര്‍ നടക്കും. മാധ്യമപ്രവര്‍ത്തകര്‍, വ്‌ളോഗര്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവര്‍ക്കാണ് പ്രീ-മാര്‍ട്ട് ടൂര്‍ നടത്തുന്നത്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ നാല് വരെ മാര്‍ട്ടിനെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാര്‍ട്ട് ടൂറുകളും ഉണ്ടാകും. വ്യത്യസ്ത അഭിരുചിയുള്ള ടൂറിസ്റ്റുകള്‍ക്ക് ഇണങ്ങും വിധം വിവിധ ടൂര്‍ ക്രമീകരണം ഇത്തവണ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌ക്കാരിക കലാപാരമ്പര്യങ്ങള്‍ കാണിക്കുന്നതിനായുള്ള വിവിധ യാത്രാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഫാം സ്റ്റേ പരിചയപ്പെടുത്തുന്നതിനുള്ള രണ്ട് ടൂറുകളും വിഭാവനം ചെയ്തിട്ടുണ്ട്.
Next Story
Videos