₹70 ലക്ഷം കോടിയുടെ വിപണി! കേരളത്തിന്റെ വെഡ്ഡിംഗ് & മൈസ് ടൂറിസം സാധ്യത പ്രയോജനപ്പെടുത്താന്‍ കെ.ടി.എം

കെടിഎമ്മിന്റെ പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ഓഗസ്റ്റ് 14 മുതല്‍ 16 വരെ കൊച്ചിയില്‍
A couple dressed in white stands arm in arm at a tropical beach wedding venue, facing a floral-decorated wooden arch with palm trees and the ocean in the background. The aisle is lined with vibrant red and pink flowers in baskets.
canva
Published on

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ഓഗസ്റ്റ് 14 മുതല്‍ 16 വരെ കൊച്ചിയില്‍. ഈ രംഗത്തെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കുകയും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം.

ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ഹൈബി ഈഡന്‍ എംപി, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. 15,16 തീയതികളില്‍ കൊച്ചി ലെ മെറിഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്.

രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 610ലേറെ ബയര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. രാജ്യത്തിനകത്തു നിന്ന് 545 ബയര്‍മാരും വിദേശത്ത് നിന്ന് 65 ബയര്‍മാരുമാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സെല്ലര്‍മാര്‍ക്കായി 75 പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. ഇതിനു പുറമെ കെ.ടി.ഡി.സി, കേരള ടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും.

സെന്റര്‍ സ്റ്റേജ് കേരള

സെന്റര്‍ സ്റ്റേജ് കേരള എന്നതാണ് പ്രഥമ കോണ്‍ക്ലേവിന്റെ പ്രമേയം. ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരമേഖലയെന്നതിനപ്പുറത്തേക്ക് ടൂറിസത്തിന്റെ വിവിധ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഇത്തരമൊരു ഉദ്യമം. വന്‍കിട മൈസ്-വെഡിംഗ് കമ്പനികളുമായി ചേര്‍ന്ന് പരിശീലന കളരികള്‍, നൂതന വിപണന തന്ത്രങ്ങള്‍, ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിക്കും. വിവാഹ സംഘാടകര്‍, ആഡംബര റിസോര്‍ട്ടുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് സ്ഥലങ്ങള്‍, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, ബ്രൈഡല്‍ സര്‍വീസുകള്‍ എന്നിവര്‍ക്കാകും വെഡിംഗ് മേഖലയിലെ പ്രദര്‍ശനത്തില്‍ അവസരം ലഭിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബയര്‍മാര്‍ക്ക് കേരള ടൂറിസത്തിന്റെ ആകര്‍ഷണങ്ങള്‍ കോര്‍ത്തിണക്കിയ ടൂര്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്‌ക്കാരിക പൈതൃകം, പുരാതന വാസ്തുകല, രുചിയൂറുന്ന ഭക്ഷണ രീതികള്‍ എന്നിവയെല്ലാം സമ്മേളനത്തിന്റെ ആശയവുമായി കോര്‍ത്തിണക്കും. ഡെസ്റ്റിനേഷന്‍ വെഡിംഗ് പ്ലാനിംഗ്, കോര്‍പറേറ്റ് സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എന്നിവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയുള്ള വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് പുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

70 ലക്ഷം കോടിയുടെ വിപണി

ആഗോളതലത്തില്‍ 800 ബില്യന്‍ ഡോളറിന്റെ (ഏകദേശം 70 ലക്ഷം കോടി രൂപ) വിപണിയാണ് വെഡ്ഡിംഗ് - മൈസ് രംഗത്തുള്ളതെന്നാണ് കണക്ക്. ഇതില്‍ 5 ശതമാനമാണ് ഇന്ത്യയിലുള്ളത്. കേരളത്തിന്റെ സാന്നിധ്യം വളരെ ചെറുതാണ്. അടുത്ത കാലത്തായി കേരളത്തില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ മൂന്നാറില്‍ 5,000ലേറെ പേര്‍ പങ്കെടുത്ത വലിയൊരു വിവാഹം നടന്നിരുന്നതായും സംഘാടകര്‍ പറയുന്നു. ഇത്തരം വിവാഹങ്ങളും സമ്മേളനങ്ങളും കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്.

The Kerala Travel Mart Society is set to host its first-ever Wedding and MICE Conclave in Kochi, aiming to promote Kerala as a top destination for weddings, meetings, incentives, and exhibitions.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com