ട്രഷറി പൂട്ടലിന്റെ വക്കില്‍, വായ്പയെടുക്കാന്‍ കേന്ദ്രം സമ്മതിച്ചില്ലെങ്കില്‍ ബില്ലുകള്‍ മാറ്റാനാവില്ല, നിര്‍മലയെ കാണാന്‍ പിണറായി

വായ്പയെടുക്കാനുള്ള അനുമതിക്ക് പുറമെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും വിഴിഞ്ഞം തുറമുഖ പദ്ധതിയും ചര്‍ച്ചയാകും
chief minister pinarayi vijayan and Nirmala Sitharaman
Canva, Facebook / Nirmala Sithraman , Office of the chief minister kerala
Published on

മാര്‍ച്ച് മാസത്തിലെ വലിയ ചെലവുകള്‍ മുന്നില്‍ നില്‍ക്കെ സംസ്ഥാന ട്രഷറിയില്‍ കടുത്ത നിയന്ത്രണം. ശമ്പളം, പെന്‍ഷന്‍ ഒഴികെയുള്ള മറ്റ് ബില്ലുകള്‍ മാറേണ്ടതില്ലെന്ന് ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് അനൗദ്യോഗിക നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം കടന്നുകിട്ടാന്‍ ഏകദേശം 24,000 കോടി രൂപയെങ്കിലും വേണ്ടി വരും. 13ന് പൊതുവിപണിയില്‍ നിന്ന് 605 കോടി രൂപ കടമെടുക്കുന്നത് ചെറിയ ആശ്വാസമാകുമെങ്കിലും ബാക്കി തുക കണ്ടെത്തുക സംസ്ഥാനത്തിന് മുന്നില്‍ വെല്ലിവിളിയാകും. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പദ്ധതിവിഹിതം പകുതിയാക്കി വെട്ടിക്കുറച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവന്നിട്ടില്ല.

12,000 കോടിക്ക് അനുമതി തേടി കേരളം

അതേസമയം, പ്രതിസന്ധി മറികടക്കാന്‍ 12,000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് കേരളം. ഈ മാസം 12ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കൂടിക്കാഴ്ചയിലും ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വയബിലിറ്റി ഗ്യാപ് ഫണ്ട്, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാകും. വയനാട് പുനരധിവാസത്തിനായി 529 കോടിയുടെ പലിശ രഹിത വായ്പ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെങ്കിലും മാര്‍ച്ച് 31ന് മുമ്പ് വിനിയോഗിക്കണമെന്നാണ് വ്യവസ്ഥ. ഇത് പ്രായോഗികമല്ലെന്ന കാര്യം ധനമന്ത്രിയെ ബോധ്യപ്പെടുത്തും. വായ്പാ അനുമതിക്കായി ധനവകുപ്പ് ഉദ്യോഗസ്ഥരും ഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

കേന്ദ്രം വൈകിപ്പിക്കുന്നു!

വൈദ്യുതി മേഖലയിലെ പരിഷ്‌ക്കാരങ്ങളുമായി ബന്ധപ്പെട്ടും മറ്റിനങ്ങളില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതവും ചേര്‍ത്ത് 12,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കുറിയും കേന്ദ്രം കടമെടുക്കാനുള്ള അനുമതി വൈകിപ്പിക്കുകയാണെന്നാണ് കേരളം ആരോപിക്കുന്നത്. മാര്‍ച്ച് 18നും 25നും മാത്രമേ ഇനി കടപ്പത്രം ഇറക്കാനുള്ള അവസരമുള്ളൂ. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പ്രയോജനമുണ്ടാകില്ലെന്നാണ് കേരളം വാദിക്കുന്നത്. കഴിഞ്ഞ തവണ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് അവസാന ഗഡുവായി 13,500 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചതെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. വായ്പയെടുക്കാന്‍ കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ ട്രഷറി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com