

ഇന്ത്യയിലെ പ്രതിമാസ ശരാശരി ആളോഹരി ഗാര്‍ഹിക ഉപഭോഗത്തില്‍ (Avarage monthly per capita expenditure MPCE) ഗ്രാമങ്ങളും നഗരങ്ങളും തമ്മിലെ വ്യത്യാസം ഏറ്റവും കുറവ് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. മാംസാഹാരത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നതില്‍ കേരളം രണ്ടാം വര്‍ഷത്തിലും മുന്നിലെത്തിയതായും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ സര്‍വേ റിപ്പോര്‍ട്ട് 2023-24ല്‍ പറയുന്നു.
സംസ്ഥാനത്തെ പ്രതിമാസ ശരാശരി ആളോഹരി ഉപഭോഗത്തില്‍ ഗ്രാമ-നഗര വ്യത്യാസം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 19 ശതമാനം ആയിരുന്നു. 2023-24ല്‍ ഇത് 18 ശതമാനമായി കുറഞ്ഞു. നഗരങ്ങളിലെ ആളോഹരി ഉപഭോഗം 7,783 രൂപയും ഗ്രാമങ്ങളിലേത് 6,611 രൂപയുമാണ്. പഞ്ചാബ് (27%), ആന്ധ്രാപ്രദേശ് (35%), ബീഹാര്‍ (38%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്.
ദേശീയ ശരാശരി 70 ശതമാനമാണ്. ഗ്രാമ-നഗര വ്യത്യാസം ഏറ്റവും കൂടുതലുള്ളത് ജാര്‍ഖണ്ഡിലാണ്, 83 ശതമാനം. ചത്തീസ്ഗഡ്(80%), അസാം (79%), മഹാരാഷ്ട്ര (78%) എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്. നഗരപ്രദേശങ്ങളില്‍ ആളോഹരി ഉപഭോഗത്തില്‍ തെലങ്കാനയാണ് മുന്നില്‍ (8,978 രൂപ). ഹരിയാന (8,427 രൂപ), തമിഴ്‌നാട് (8,175) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്. ഗ്രാമങ്ങളുടെ കാര്യമെടുത്താല്‍ കേരളമാണ് മുന്നില്‍.
നഗരത്തില്‍ മാംസാഹാരം വാങ്ങാന്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നതിലും ഗ്രാമീണ മേഖലയില്‍ പച്ചക്കറി വാങ്ങാന്‍ ഏറ്റവും കുറവ് പണം ചെലവിടുന്നതിലും കേരളമാണ് മുന്നില്‍. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ 23.33 ശതമാനം തുകയാണ് മാംസം, മുട്ട, മത്സ്യം എന്നിവക്കായി ചെലവിടുന്നത്. നഗരങ്ങളില്‍ ഈ തുക 21.3 ശതമാനമാണ്. നഗരമേഖലയില്‍ പഴങ്ങള്‍ വാങ്ങാന്‍ പണം ചെലവിടുന്നതിലും മുന്നില്‍ കേരളമാണ് (12.41%). ഗ്രാമങ്ങളുടെ കാര്യത്തില്‍ ആന്ധ്രാപ്രദേശാണ് മുന്നില്‍. 10.94 ശതമാനവുമായി കേരളം രണ്ടാമതുണ്ട്.
കേരളത്തിലെ ഗ്രാമീണ മേഖലയിലെ പ്രതിമാസ ആളോഹരി ഗാര്‍ഹിക ഉപഭോഗത്തില്‍ വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,924 രൂപയായിരുന്ന പ്രതിമാസ ഉപഭോഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6,611 രൂപയായി വര്‍ധിച്ചു. വീട്ടുചെലവിന്റെ 47 ശതമാനവും മലയാളി ചെലവിടുന്നത് ഭക്ഷണത്തിന് വേണ്ടിയാണ്. 8.44 ശതമാനം പാല്‍, പാലുത്പന്നങ്ങള്‍ക്കും പച്ചക്കറിക്ക് വേണ്ടി 6.03 ശതമാനവും മാംസാഹാരത്തിനായി 5 ശതമാനവും ചെലവിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരുമാസം കുടുംബത്തിലെ ഓരോരുത്തരും ചെലവിടുന്ന ശരാശരി തുകയാണ് പ്രതിമാസ ആളോഹരി ഗാര്‍ഹിക ഉപഭോഗം. കുടുംബത്തിന്റെ ആകെ ചെലവിനെ കുടുംബാംഗങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് ഇത് കണ്ടെത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine