
ഓട്ടത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള റോഡുകള്‍ കേരളത്തിലുമെത്തുന്നു. പദ്ധതി വൈകാതെ തിരുവനന്തപുരം നഗരത്തില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ ആസ്ഥാനമായ ഇലക്ട്രിയോണ്‍ എന്ന സ്വകാര്യ കമ്പനിയുമായി അനെര്‍ട്ട് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ തുടരുന്നു.
ഇലക്ട്രിക് വാഹന ഉടമകളുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായ റേഞ്ച് ഉത്കണ്ഠ (Range Anxiety) പരിഹരിക്കാനായി പല രാജ്യങ്ങളും നടപ്പിലാക്കുന്ന പദ്ധതിയാണിത്. റോഡിലെ പ്രതലത്തിനടിയില്‍ സ്ഥാപിച്ച ഇലക്ട്രോ മാഗ്നെറ്റിക് കോയിലുകളാണ് ചാര്‍ജിംഗ് സാധ്യമാക്കുന്നത്. പവര്‍ ഗ്രിഡുമായി ഘടിപ്പിച്ച കാന്തിക കോയിലുകള്‍ (Magnetic Inductive coils) റോഡിന് മുകളില്‍ ഒരു ഇലക്ട്രോ മാഗ്നെറ്റിക് ഫീല്‍ഡ് സൃഷ്ടിക്കുകയും വാഹനത്തിലെ ബാറ്ററിയിലുള്ള റിസീവറിലേക്ക് വൈദ്യുതി കൈമാറുകയും ചെയ്യും. ഇന്‍ഡെക്ടീവ് ചാര്‍ജിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഇവിടെ ചാര്‍ജിംഗ് നടക്കുന്നത്. ക്ലൗഡ് അധിഷ്ഠിത മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ഇതെല്ലാം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും.
ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വാഹനത്തിലെ ബാറ്ററി ചാര്‍ജാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.മൊബൈല്‍ ഫോണിലെ വയര്‍ലെസ് ചാര്‍ജിംഗിന് സമാനമായ സാങ്കേതിക വിദ്യയാണിത്. കാറുകള്‍ക്ക് പുറമെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് ബസുകളും ഈ സംവിധാനത്തിലൂടെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള സംസ്ഥാന പാതകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. പാര്‍ക്കിംഗ് സ്ഥലങ്ങള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. നെടുമ്പാശേരി വിമാനത്താവളം-കാലടി, നെടുമ്പാശേരി-അങ്കമാലി, നിലയ്ക്കല്‍-പമ്പ, വിഴിഞ്ഞം-ബാലരാമപുരം എന്നീ റൂട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
ബി.ബി.സിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ നഗരമായ ഡെട്രോയിറ്റില്‍ ഇലക്ട്രിക് റോഡുകള്‍ സ്ഥാപിക്കുന്നതിന് കിലോമീറ്ററിന് 10 കോടി രൂപയെങ്കിലും ചെലവായെന്നാണ് ഏകദേശ കണക്ക്. ഇത്രയും തുക ചെലവാക്കി ഇലക്ട്രിക് റോഡ് സ്ഥാപിക്കുന്നത് പ്രായോഗികമാണോയെന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. എന്നാല്‍ സാങ്കേതിക വിദ്യ കൂടുതല്‍ വളരുന്നതോടെ ഇതിന് ചെലവാകുന്ന തുക കുത്തനെ ഇടിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine