യുവത്വത്തെ അടിമകളാക്കി രാസലഹരി; കേരളം അപകടമുനമ്പില്‍

വ്യാപാര സ്ഥാപനം പൂട്ടി, കുട്ടികളെയും സ്‌കൂട്ടറില്‍ ഇരുത്തി വീട്ടിലേക്ക് പോവുകയായിരുന്ന വനിതാവ്യാപാരിയെ മക്കളുടെ മുന്നിലിട്ട് വെട്ടികൊന്ന അക്രമിയെ പോലീസുകാര്‍ ഇതിന് മുമ്പ് താക്കീത് ചെയ്ത് ലഹരി വിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയിരുന്നു.

സ്വകാര്യ കോളെജിന് മുന്നില്‍ ബസിറങ്ങി നടക്കവേ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച അക്രമികളെ തടയാന്‍ ശ്രമിച്ച സഹപാഠി കുത്തേറ്റ് മെഡിക്കല്‍ കോളെജില്‍. ബൈക്കിലെത്തിയ അക്രമികള്‍ ലഹരിക്കടിമകളെന്ന് റിപ്പോര്‍ട്ട്.

തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍ മയക്കുമരുന്ന് കൈവശം വെയ്ക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന്റെ പേരില്‍ അറസ്റ്റില്‍.

ഇത് അടുത്തിടെ വന്ന ചില വാര്‍ത്തകള്‍ മാത്രം. കേരളത്തിലെ ഏത് പത്രമെടുത്ത് വായിച്ചാലും ഏത് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ തുറന്നാലും കാണാം ഇതുപോലെ നിരവധി വാര്‍ത്തകള്‍.

അന്വേഷണ ഏജന്‍സികള്‍ പിടിക്കുന്ന കേസുകള്‍ വിലയിരുത്തിയാല്‍, പഞ്ചാബ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സിന്തറ്റിക് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നത് കേരളത്തിലാണ്. സിന്തറ്റിക് ഡ്രഗ് (രാസലഹരി) ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് അമൃത്്‌സര്‍ നഗരത്തിലാണെങ്കില്‍ രണ്ടാംസ്ഥാനം കൊച്ചിക്കാണ്! ഒരുപക്ഷേ ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ രാസലഹരി വ്യാപാരം കൂടുതലുണ്ടായേക്കാം. അവയെല്ലാം പിടിക്കപ്പെടാത്തതുകൊണ്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണവും കുറവായേക്കും. പക്ഷേ ഇങ്ങനെ കരുതി ആശ്വസിക്കാവുന്ന ഘട്ടത്തിലല്ല കേരളം.

മദ്യവും കഞ്ചാവും പോലെ ഉപയോഗിക്കുമ്പോള്‍ ഗന്ധമില്ലാത്ത രാസലഹരി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുതല്‍ പ്രൊഫഷണല്‍ കോളെജില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന യുവസമൂഹത്തെ വരെ അടിമകളാക്കി കഴിഞ്ഞു. കേരളത്തില്‍ പിടിക്കപ്പെടുന്ന രാസലഹരി കേസുകള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും എത്രമാത്രം ആഴത്തിലാണ് ഈ ലഹരിയുടെ വേരുകള്‍ കടന്നെത്തിയിരിക്കുന്നതെന്ന്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സിന്തറ്റിക് ഡ്രഗ് വ്യാപാരം കേരളത്തില്‍ പിടിമുറുക്കി കഴിഞ്ഞതായി എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു.

രാസ നിര്‍മിത എം ഡി എം എ (Methylened ioxy methamphetamine) എല്‍ എസ് ഡി (lysergic acid diethylamide ) തുടങ്ങിയ മാരകമായ സിന്തറ്റിക് ഡ്രഗ്‌സുകള്‍ വന്‍ തോതിലാണ് അടുത്ത കാലത്ത് പിടിക്കപ്പെടുന്നത്.

എറണാകുളം ജില്ല എക്‌സൈസ് വകുപ്പ് നല്‍കിയ കണക്ക് പ്രകാരം കഴിഞ്ഞ നാലുവര്‍ഷം കൊണ്ട്, ജില്ലയില്‍ മാത്രം 8.869 കിലോഗ്രാം എം ഡി എം എ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ വിപണി വില ഏകദേശം എട്ട് കോടി രൂപക്ക് മുകളില്‍ വരും.

നാല് വര്‍ഷം കൊണ്ട് പിടിച്ചെടുത്ത എം ഡി എം എ യുടെ കണക്കാണ് ഇതെങ്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് മലപ്പുറം സ്വദേശിയായ വനിതയില്‍ നിന്ന് മാത്രം രണ്ട് കിലോഗ്രാം എം ഡി എം എ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് വിപണിയില്‍ രണ്ട് കോടി രൂപ വില വരും. കേരത്തിലെ ഏറ്റവും വലിയ സിന്തറ്റിക് ഡ്രഗ് വേട്ടയായിരുന്നു ഇത്.

"സിന്തറ്റിക് ഡ്രഗ് കേസുകള്‍ കേരളത്തില്‍ കൂടുതല്‍ പിടിക്കപ്പെടുന്നത് കൊണ്ടാണ് വില്‍പ്പനയുടെ അളവ് അറിയുന്നത്. ഇന്ത്യയില്‍ തന്നെ സ്വതന്ത്ര ചുമതലയുള്ള എക്‌സൈസ് വിഭാഗമാണ് കേരളത്തിലേത്. അതുകൊണ്ട് തന്നെ പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ കേസിന്റെ എണ്ണവും ഉയര്‍ന്നതാണ്,'' ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണര്‍ (എറണാകുളം ) പി. വി എലിയാസ് പറയുന്നു.


മിക്കവരും സ്മാള്‍ ക്വാണ്ടിറ്റി (0.02ഗ്രാം ) എം ഡി എം എ കടത്തിയാണ് വ്യാപാരത്തിന് തുടക്കമിടുന്നത്. കൊമേഴ്‌സ്യല്‍ അളവ് 2 ഗ്രാമാണ്. ഇത് പിടിക്കപ്പെട്ടാല്‍ പത്തു വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ഒടുക്കണമെന്നു പി വി എലിയാസ് പറഞ്ഞു.
കേസുകള്‍ കൂടുതല്‍ എറണാകുളത്ത്
കേരള നിയമസഭയില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് ആക്ട് പ്രകാരം എക്സൈസ് വകുപ്പ് 3,922 കേസുകളാണ് 2021 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം ജില്ലയിലാണ്; 540 എണ്ണം. തൃശ്ശൂര്‍ ജില്ലയില്‍ 447, കണ്ണൂരില്‍ 383 ഇടുക്കിയില്‍ 372, കോഴിക്കോട് 130, കാസര്‍കോഡ് 77, പത്തനംതിട്ട 18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.
കണക്കുകളുടെ കാണാപ്പുറം
കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ തന്നെ നോക്കിയാല്‍ സംസ്ഥാനത്തെ പതിനേഴിനും മുപ്പത്തിനും ഇടയിലുള്ള ചെറുപ്പക്കാരാണ് സിന്തറ്റിക് ഡ്രഗ് അടിമകളാവുന്നത്. മെഡിക്കല്‍ - എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍, മാനേജ്മെന്റ് വിദ്യാര്‍ഥികള്‍, ഐ ടി പ്രൊഫഷനലുകള്‍, വ്യാപാര - വ്യവസായി രംഗത്തെ ഉന്നതശ്രേണിയിലുള്ളവരുടെ മക്കള്‍ എന്നിവരാണ് വളരെവേഗം ഇതിന് അടിമപ്പെടുന്നത്. തുടക്കത്തില്‍ സൗജന്യമായാണ് ഇത് ലഭിക്കുക. പിന്നീട് അത് വാങ്ങാനുള്ള പണത്തിനായി മയക്കുമരുന്ന് കടത്തുകാരാവും. ഈ വലയില്‍ കുരുങ്ങുന്ന പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനും ഇരയാകുന്നുണ്ട്. മാതാപിതാക്കള്‍ ഇതെല്ലാം അറിഞ്ഞുവരുമ്പോഴേക്കും ആരോഗ്യം ക്ഷയിച്ച് മാനസിക നില തെറ്റിയ സ്ഥിതിയിലായിട്ടുണ്ടാകും ഈ കുട്ടികള്‍.

നാര്‍കോറ്റിക്സ്, പോലീസ്, എക്സൈസ്, കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ മികച്ച ഏകോപനമാണ് കേരളത്തില്‍ ഇത്രയധികം മയക്കുമരുന്ന് കേസുകള്‍ പിടിക്കപ്പെടാന്‍ കാരണമെന്ന് സേവനമികവിന് രാഷ്രപതിയുടെ മെഡല്‍ ഈ വര്‍ഷം നേടിയ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വിവേക് വാസുദേവന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യവും മയക്കുമരുന്നും കഞ്ചാവും കാലങ്ങളായി ഇവിടെയുള്ളതല്ലേ. ഇപ്പോള്‍ എന്തിത്ര പറയാന്‍. കൂടുതല്‍ കേസുകള്‍ പിടിക്കുന്നതിനാല്‍ കൂടുതല്‍ കണക്കുകള്‍ പുറത്തുവരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം സദാ കണ്ണുതുറന്ന് ഇരിക്കുന്നതിനാല്‍ വാര്‍ത്തകളും വരുന്നു. എന്ന ചിന്തയില്‍ ലളിതമായി കളയാനുള്ളതല്ല രാസലഹരിയുടെ മായിക വല.

സമര്‍ത്ഥരായ യുവസമൂഹം ഉന്നത പഠനത്തിനും ജോലികള്‍ക്കുമായി കേരളം വിട്ട് പുറത്തേക്ക് ഒഴുകയാണിപ്പോള്‍. ഐടി രംഗം മുതല്‍ ഏത് മേഖല എടുത്താലും ഉന്നതപദവിയിലുള്ള ജോലികള്‍ കേരളത്തില്‍ കുറവാണ്. അതുകൊണ്ട് കരിയറില്‍ മുന്നേറണമെന്നാഗ്രഹിക്കുന്ന സമര്‍ത്ഥരും കേരളത്തില്‍ നില്‍ക്കുന്നില്ല. കോളെജുകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും കരിക്കുലത്തിന്റെയും എക്‌സ്‌പോഷറിന്റെയും കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്നതിനാല്‍ സാധാരണക്കാര്‍ വരെ മക്കളെ വായ്പയെടുത്തും വീട് വിറ്റും വിദേശത്ത് വിട്ട് പഠിപ്പിക്കുന്നു. അവര്‍ അവിടെ തന്നെ ജോലിയില്‍ തുടരുന്നു.

അതേസമയം കേരളത്തില്‍ കായികാധ്വാനം ആവശ്യമായ ജോലികള്‍ ചെയ്യാന്‍ മലയാളികള്‍ തയ്യാറല്ലാത്തതിനാല്‍ താഴെതട്ടിലെ ആ ജോലികള്‍ ചെയ്യാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലേക്ക് വന്‍തോതില്‍ എത്തുകയും ചെയ്യുന്നു.

കേരളത്തിലെ ബുദ്ധിയും സാമര്‍ത്ഥ്യവും പുറത്തേക്ക് പോവുമ്പോള്‍ ഇതെല്ലാം കുറവുള്ള മറ്റൊരു സമൂഹം ഇവിടെ കൂടി വരുന്നു. ഇവര്‍ക്കിടയിലും മയക്കുമരുന്നും കഞ്ചാവും മദ്യവുമെല്ലാം വ്യാപകമായുണ്ട്. കേരളത്തിലെ യുവത്വവും ഇവിടെ വന്നുകൂടുന്നവരും ഒരുപോലെ ഇതിനെല്ലാം അടിമയാകുമ്പോള്‍ ഇവിടുത്തെ സാമൂഹ്യ സാംസ്‌കാരിക ക്രമസമാധാന നില മാത്രമല്ല അപകടത്തിലാവുന്നത്. ജീവിതം തന്നെ ദുസ്സഹമാവുകയും ചെയ്യും.
വിദ്യാര്‍ഥികള്‍ക്ക് പ്രിയം എല്‍ എസ് ഡി സ്റ്റാമ്പ്
തപാല്‍ സ്റ്റാമ്പിന്റെ രൂപത്തില്‍, പശ പോലെ എല്‍ എസ് ഡി ലഹരി പുറകില്‍ തേച്ച് ഒട്ടിച്ചിരിക്കുന്ന എല്‍ എസ് ഡി സ്റ്റാമ്പുകള്‍ കേരളത്തിലുടെ നീളം ഇപ്പോള്‍ വില്‍പ്പന നടക്കുന്നുണ്ട്. നോട്ട് ബുക്കിലും, ഇന്‍സ്ട്രമെന്റ് ബോക്സിലും ആരുമറിയാതെ ഇവ സൂക്ഷിച്ച് വെക്കാമെന്നത് കൊണ്ട്, സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഇവ യഥേഷ്ടം പ്രചരിക്കുന്നുണ്ട്. സ്റ്റാമ്പ് ഒന്നിന് ഡിമാന്‍ഡ് അനുസരിച്ചു 500 മുതല്‍ 1000 രൂപ വരെയാണ് വില ഈടാക്കുന്നത്.
''കുട്ടികളെ നമ്മള്‍ ശ്രദ്ധിക്കണം. രാസ ലഹരി ഉപയോഗിച്ച് തുടങ്ങുമ്പോള്‍ അവരില്‍ പ്രകടമായ പെരുമാറ്റം വ്യത്യാസം കണ്ടു തുടങ്ങും. അകാരണമായ ദേഷ്യം, പഠിപ്പില്‍ ശ്രദ്ധിക്കാതിരിക്കുക, മുറിയടച്ചു ഒറ്റക്കിരിക്കുക, ശ്രദ്ധക്കുറവ്, ഭക്ഷണത്തോട് വിരക്തി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാക്കും ഇതെല്ലാം ലഹരി ഉപയോഗിക്കുന്നതിന്റെ ചില ലക്ഷണങ്ങളാണ്. പ്രശ്നം കണ്ടറിഞ്ഞു നേരത്തെ കൗണ്‍സിലിംഗ് ഉള്‍പ്പടെ ചികത്സകള്‍ ആരംഭിക്കണം,'' ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചു ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തുന്ന ഡോക്ടര്‍ എം എന്‍ വെങ്കിട്ടേശ്വരന്‍ പറഞ്ഞു. മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയിലെ പീഡിയാട്രിഷനും, അഡോളസെന്റ് കണ്‍സള്‍ടെന്റ്‌റുമായ ഡോക്ടര്‍ വര്‍ധിച്ചുവരുന്ന സിന്തറ്റിക് ഡ്രഗ് ഉപയോഗത്തിന്റെ ഗുരുതര സ്വഭാവം വിവരിച്ചു. സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്ന പുതിയ തലമുറയുടെ തലച്ചോര്‍ വേണ്ടവിധം പ്രവര്‍ത്തിക്കില്ല. പേശികള്‍ ശോഷിച്ചു എഴുനേറ്റു നടക്കാന്‍ പോലും ആവാതെയാവും. ഓര്‍മ്മ ശക്തി കുറയുകയും ഒന്നിനും കൊള്ളാത്തവരായി ക്രമേണ മാറിതീരും. രക്ഷിതാക്കളാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. വിദ്യാഭാസ സ്ഥാപനങ്ങളില്‍ നിരന്തര ബോധവല്‍ക്കരണം നടത്തണം. ഡ്രഗ്സ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ ചികിത്സയും, കൗണ്‍സിലിങ്ങും ആരംഭിക്കണം. നിരവധി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തിയിട്ടുള്ള അദ്ദേഹം പറഞ്ഞു.

രാസലഹരിയുടെ മായിക വല മുറുകുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹമടക്കം ഏത് വിധമാണ് നശിക്കുന്നതെന്ന് ഡോക്ടറുടെ ഈ വാക്കുകള്‍ വരച്ച് കാട്ടുന്നു.
ഇനിയും വൈകിയാല്‍ പ്രത്യാഘാതം രൂക്ഷം
സിന്തറ്റിക് ഡ്രഗ് കേരളത്തിന്റെ യുവ തലമുറയെ കാര്‍ന്നു തിന്നുന്ന ഗുരുതരമായ പ്രശ്നം ഇനിയും നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല. പഞ്ചാബിലെ യുവാക്കള്‍ വിവിധ തരം ലഹരിക്ക് അടിമപ്പെട്ടു നശിക്കുന്നത് തിരിച്ചറിയാന്‍ ഏറെ വൈകിയിരുന്നു. പാകിസ്ഥാന്‍, അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് കഞ്ചാവും, സിന്തറ്റിക് ഡ്രഗ് എന്നിവ അവിടേക്ക് ഒഴുകിയെത്തിയപ്പോള്‍ നിയന്ത്രിക്കാന്‍ വൈകിപ്പോയി. കാര്‍ഷിക മേഖലയില്‍ നിന്നും വിദേശത്തുനിന്നുമുള്ള പണം കുമിഞ്ഞുകൂടിയപ്പോള്‍ പഞ്ചാബിലെ യുവത്വം ഡ്രഗ്‌സിലേക്ക് വഴുതി വീണു. പഞ്ചാബിന്റെ അതെ സ്ഥിതി വിശേഷമാണ് ഇപ്പോള്‍ കേരളത്തിലും നിലവിലുള്ളത്. സമ്മര്‍ദ്ദം ഏറെ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ സിന്തറ്റിക് ഡ്രഗ് ശീലിക്കുകയും ക്രമേണ അതിന്റെ അടിമകളായി മാറുന്നു. ഡി ജെ പാര്‍ട്ടികള്‍ പലതും എം ഡി എം എ പോലെയുള്ള ലഹരി മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണ്. പൊലീസിന് ലഭിക്കുന്ന രഹസ്യ വിവരമനുസരിച്ചാണ് ഇപ്പോള്‍ പല കേസുകളും പിടിക്കപ്പെടുന്നത്. ''പൊതു ജനങ്ങള്‍ ഇത്തരം ലഹരി ഇടപാടുകള്‍ അന്വേഷണ ഏജന്‍സികളെ അറിയിക്കുന്ന സംവിധാനം നിലവില്‍ വരണം. അതിനോടൊപ്പം രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമവും കൂടിയേ കഴിയു.'' ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പിന്റെ പ്രസിഡന്റ് എസ്. ഗോപകുമാര്‍ നിര്‍ദേശിക്കുന്നു.

സ്‌കൂള്‍ - കോളേജ് പരിസരത്ത് പോലീസിന്റെ കര്‍ശന നിരീക്ഷണവും, സി സി ടി വി ക്യാമറയും സ്ഥാപിക്കണമെന്ന് എറണാകുളം സെന്റ് തെരേസാസ് പി. ടി. എ വൈസ് പ്രസിഡന്റ് മോഹന്‍ദാസ് പറയുന്നു. പി. വിജയന്‍ ഐ പി എസ് കൊച്ചി പോലീസ് കമ്മിഷണര്‍ ആയിരിക്കെ വിദ്യാര്‍ഥികളെയും, പി ടി എ യും ഉള്‍പ്പെടുത്തി നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളെ കലാ കായിക രംഗത്തേക് കൂടുതല്‍ അടുപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് മോഡലും,ദേശീയ ബാസ്‌കറ്റ് ബോള്‍ കളിക്കാരനുമായ കസ്റ്റംസ് സുപ്രണ്ട് വിവേക് നിര്‍ദേശിക്കുന്നത്.

കോടികള്‍ മറിയുന്ന സിന്തറ്റിക് ഡ്രഗ് വ്യാപാരം, ഭാവിയില്‍ വലിയൊരു ദുരന്ത സൂചനയാണ് നല്‍കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങളുടെ സാമ്പത്തിക സ്രോതസ് സിന്തറ്റിക് ഡ്രഗ് വ്യാപാരമാണ്. ലഹരി മഞ്ഞു മലയുടെ മുകള്‍ തട്ടിലെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ ദൃശ്യമാവുന്നത്. ഓരോ ദിവസവും ലഹരി മാഫിയ പിടിമുറുക്കുകയാണ്. വരാനിരിക്കുന്ന വലിയ ദുരന്തം ഇനിയും കേരള പൊതു സമൂഹം തിരിച്ചറിഞ്ഞിട്ടില്ല.


Related Articles

Next Story

Videos

Share it