

ഭാവിയിലെ ഇന്ധനമായാണ് ഗ്രീൻ ഹൈഡ്രജൻ കണക്കാക്കപ്പെടുന്നത്. പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിച്ച് വെള്ളത്തിൽ നിന്നാണ് ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കുന്നത്. കാര്‍ബര്‍ ബഹിര്‍ഗമനം തീരെ കുറഞ്ഞ ഈ ഇന്ധനം പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കുന്നതിന് വളരെ സഹായകരമാണ്.
നെടുമ്പാശ്ശേരി കൊച്ചി വിമാനത്താവള പരിസരത്തിന് സമീപം സ്ഥാപിക്കുന്ന ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനും മെയ് പകുതിയോടെ കമ്മീഷൻ ചെയ്യാനുളള ഒരുക്കത്തിലാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുന്നത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾ സംസ്ഥാനത്ത് അവതരിപ്പിക്കുമ്പോൾ പൊതുജനങ്ങൾക്കായി ഇന്ധനത്തിന്റെ വാണിജ്യ വിൽപ്പന ആരംഭിക്കാനും ലക്ഷ്യമിടുന്നു. 25 കോടി രൂപയാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചെലവ്.
തിരുവനന്തപുരത്ത് ബിപിസിഎൽ ഹൈഡ്രജൻ ഇന്ധന കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായാണ് കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നത്. രണ്ട് നഗരങ്ങൾക്കിടയിലുള്ള പൈലറ്റ് ഗ്രീന്‍ ഹൈഡ്രജന്‍ മൊബിലിറ്റി പദ്ധതികളെ പിന്തുണയ്ക്കാനും അതുവഴി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതുഗതാഗതത്തിന് വഴിയൊരുക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലെ 10 റൂട്ടുകളില്‍ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കാനാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷന്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ തിരുവനന്തപുരം-കൊച്ചി റൂട്ടിലായിരിക്കും പദ്ധതി നടപ്പാക്കുക.
പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പുറംതളളുന്ന കാര്‍ബണ്‍ അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണം വളരെ വലുതാണ്. കൂടാതെ എണ്ണ വില കുതിച്ചുയരുന്നതും ജനങ്ങളെ മറ്റ് ഇന്ധന സ്രോതസുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) വിമാനങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. റൺവേ ഇല്ലാതെ തന്നെ ലംബമായി പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഇത്തരം ചെറു വിമാനങ്ങള്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ രണ്ടു നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ കഴിയും.
Kerala's first green hydrogen fuel station near Nedumbassery to power eco-friendly transportation.
Read DhanamOnline in English
Subscribe to Dhanam Magazine