
ജി.എസ്.ടി സമാഹരണത്തില്‍ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം സോണിന് മികച്ച നേട്ടം. 2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസത്തില്‍ ജി.എസ്.ടി സമാഹരണത്തില്‍ 18 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍ട്രല്‍ എക്‌സൈസ് വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം നേട്ടമുണ്ടാക്കാനും ഏപ്രില്‍, മെയ് മാസങ്ങളില്‍ സാധിച്ചുവെന്ന് സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മീഷണര്‍ എസ്.കെ റഹ്‌മാന്‍ വ്യക്തമാക്കി.
രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കി എട്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം സോണിന് നേട്ടങ്ങളുടെ വര്‍ഷമാണിതെന്ന് കൊച്ചി ജി.എസ്.ടി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജി.എസ്.ടി ദിനത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് ജിഎസ്ടി ദിനാഘോഷം സംഘടിപ്പിക്കും.
2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ രണ്ടു മാസത്ത ജിഎസ്ടി സമാഹരണം 3,238 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 4,433 കോടിയുമായിരുന്നു. ഇതാണ് 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസത്തെ കണക്കനുസരിച്ച് ജി.എസ്.ടി 3,826 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 5,056 കോടിയുമായി ഉയര്‍ന്നത്. 2024-2025 സമ്പാത്തിക വര്‍ഷത്തില്‍ ആകെ ജി.എസ്.ടി സമാഹരണം 18,371 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 26,824 കോടിയുമായിരുന്നു.
നാളെ (ജൂലൈ ഒന്ന്) വൈകുന്നേരം നാലിന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന സമ്മേളനം ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം സോണിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും, കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കുമുള്ള പ്രശംസാ പത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
ജിഎസ്ടി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപരും സോണിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സിബി ഐസി) മികച്ച സിജിഎസ്ടിയായി തിരഞ്ഞെടുത്തുവെന്നും ചീഫ് കമ്മീഷണര്‍ എസ്.കെ റഹ്‌മാന്‍ പറഞ്ഞു.
ജിഎസ്ടി രജിസ്ട്രേഷനായി ലഭിച്ച അപേക്ഷകളില്‍ ഏഴു ദിവസത്തിനുള്ളില്‍ 55 ശതമാനം അപേക്ഷകളിലും നടപടി സ്വീകരിച്ചതിലും ജിഎസ്ടി അപ്പീലുകളുടെ എണ്ണത്തില്‍ 83 ശതമാനം പരിഹരിച്ചതിനുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. രജിസ്ട്രേഷന്‍ അപേക്ഷകളിലുള്ള നടപടി ദേശിയ തലത്തില്‍ 17 ശതമാനമാണ് ഇതാണ് തിരുവനന്തപുരം സോണ്‍ മറികടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine