ഗ്യാസ് കിട്ടിയിട്ടും തുറക്കാന്‍ സാധിക്കാതെ ഹോട്ടലുകള്‍, പ്രതിസന്ധിയാകുന്നത് ഈയൊരു കാര്യം; പ്രതിവിധിയില്ലേല്‍ പെടും

കേരളത്തില്‍ ഏകദേശം 60,000 റെസ്‌റ്റോറന്റുകളും 20,000ത്തിലധികം ഹോട്ടലുകളുമുണ്ട്. ഇതില്‍ പലതും അടഞ്ഞു കിടക്കുകയാണ്
AI Generated Image
AI Generated Image
Published on

പശ്ചിമേഷ്യന്‍ യുദ്ധം ആഗോള തലത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്ധന പ്രതിസന്ധി മൂലം ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പലതും ഭാഗിക ഷട്ട്ഡൗണിലേക്ക് നീങ്ങിയിട്ടുണ്ട്. ക്രൂഡ്ഓയില്‍ വാങ്ങലില്‍ വൈവിദ്ധ്യം കൊണ്ടുവന്നതു വഴി പ്രതിസന്ധി കാലത്ത് പിടിച്ചു നില്ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എല്‍പിജി ലഭ്യത കുറഞ്ഞത് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

കേരളത്തിലെ ഹോട്ടലുകള്‍ ഇപ്പോള്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. പാചകവാതക സിലിണ്ടര്‍ ലഭ്യത ഉയര്‍ന്നെങ്കിലും പല ഹോട്ടലുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. മിക്ക ഹോട്ടലുകളിലും ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു കൂടുതല്‍. ഇവരിലേറെ പേരും പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു.

തിരിച്ചുപോയവര്‍ മടങ്ങിവരുമോ?

ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് കേരളം വിട്ടു തുടങ്ങിയിരുന്നു. ഈ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മാസമാണ്. വോട്ട് ചെയ്യാന്‍ എത്തിയില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും പൗരത്വം നഷ്ടമാകുമെന്ന വലിയ കുപ്രചരണം നടന്നിരുന്നു. പലരും ഇത് പേടിച്ച് നേരത്തെ തന്നെ നാട്ടിലേക്ക് പോയിരുന്നു.

നാട്ടിലേക്ക് പോകാതെ കേരളത്തില്‍ തുടര്‍ന്നവരാകട്ടെ പാചകവാതക പ്രതിസന്ധി വര്‍ധിച്ചപ്പോള്‍ ട്രെയിന്‍ കയറുകയും ചെയ്തു. ഹോട്ടല്‍ മേഖലയില്‍ 3.5 ലക്ഷം പേര്‍ പണിയെടുക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 1.7 ലക്ഷവും ഇതരസംസ്ഥാന തൊഴിലാളികളാണ്. നാട്ടില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതിനാല്‍ കേരളം വിടുന്ന പലരും അടുത്തകാലത്തായി തിരിച്ചു വരാറില്ല. ഈ രംഗത്ത് പണിയെടുത്തിരുന്നവര്‍ തിരിച്ചു വന്നില്ലെങ്കില്‍ കേരളത്തിലെ ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖല അവതാളത്തിലാകും.

കേരളത്തില്‍ ഏകദേശം 60,000 റെസ്‌റ്റോറന്റുകളും 20,000ത്തിലധികം ഹോട്ടലുകളുമുണ്ട്. ഇതില്‍ പലതും അടഞ്ഞു കിടക്കുകയാണ്. ടൂറിസം ഉള്‍പ്പെടെ എല്ലാ മേഖലകളെയും ഈ പ്രതിസന്ധി ബാധിക്കും. ഹോട്ടലുകള്‍ അടഞ്ഞതോടെ ആളുകള്‍ യാത്രയും കുറച്ചു. ഹോട്ടല്‍ ഭക്ഷണം കിട്ടാതാകുന്നത് എല്ലാ മേഖലകളെയും ബാധിക്കുന്ന പ്രതിസന്ധിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com